Kerala Cricket LeagueFeatured

അഹ്മദ് ഇമ്രാൻ്റെ സെഞ്ച്വറി പാഴായി, ഡെത്ത് ഓവറുകളിൽ മത്സരം തിരികെപ്പിടിച്ച് ട്രിവാൺഡ്രം റോയൽസ്!

Img 20260828 Wa0032

തിരുവനന്തപുരം: അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ തുടർച്ചയായ രണ്ടാം ദിവസവും അഞ്ച് റൺസിന്റെ വിജയം സ്വന്തമാക്കി ട്രിവാണ്ട്രം റോയൽസ്. കൈവിട്ടെന്ന് കരുതിയ മത്സരം ഡെത്ത് ഓവറുകളിലെ തകർപ്പൻ ബൗളിംഗിലൂടെ അവിശ്വസനീയമായി തിരികെപ്പിടിക്കുകയായിരുന്നു റോയൽസിന്റെ ബൗളർമാർ. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസ് അഹമ്മദ് ഇമ്രാന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിൽ തിരിച്ചടിച്ചെങ്കിലും 180 റൺസ് മാത്രമാണ് നേടാനായത്.

ട്രിവാൺഡ്രം റോയൽസ് – 20 ഓവറിൽ 185/9. തൃശൂ‍ർ ടൈറ്റൻസ് – 20 ഓവറിൽ 180/7

ആദ്യം ബാറ്റ് ചെയ്ത റോയൽസിന് ഓപ്പണ‍ർമാ‍ർ തക‍ർപ്പൻ തുടക്കമാണ് നല്കിയത്. ക്യാപ്റ്റൻ കൃഷ്ണപ്രസാദും അഭിഷേക് പി. നായരും ചേർന്ന് 83 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും തകർത്തടിച്ചതോടെ അഞ്ചാം ഓവറിൽത്തന്നെ റോയൽസിന്റെ സ്കോർ അമ്പതിലെത്തി. 27 റൺസെടുത്ത അഭിഷേകിനെ എം.എസ്. അഖിലിന്റെ പന്തിൽ ഷോൺ റോജർ ക്യാച്ചെടുത്തതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. തുടർന്നെത്തിയ വിഷ്ണു വിനോദ് 11 റൺസുമായി മടങ്ങി. എന്നാൽ മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്ന കൃഷ്ണപ്രസാദ് മടങ്ങിയത് റോയൽസിന് തിരിച്ചടിയായി. മുഹമ്മദ് ഇനാന്റെ പന്തിൽ ബൗണ്ടറി ലൈനിന് അരികെ ഷോൺ റോജർ എടുത്ത വിസ്മയിപ്പിക്കുന്ന ക്യാച്ചിലാണ് കൃഷ്ണപ്രസാദ് പുറത്തായത്. 44 പന്തുകളിൽ 62 റൺസാണ് കൃഷ്ണപ്രസാദ് നേടിയത്.

പിന്നീടെത്തിയ ഗോവിന്ദ് പൈ തകർപ്പൻ ഷോട്ടുകളിലൂടെ മികച്ച റൺറേറ്റ് നിലനിർത്തി. എന്നാൽ, ഒരേ ഓവറിൽത്തന്നെ ഗോവിന്ദിനേയും സിജോമോൻ ജോസഫിനെയും മടക്കിയയച്ച് അബ്ദുൾ റമീസ് റോയൽസിന്റെ കുതിപ്പിന് തടയിട്ടു. ഗോവിന്ദ് 33-ഉം സിജോമോൻ ഏഴും റൺസെടുത്തു. അവസാന ഓവറിൽ നാല് പന്തുകളിൽ നിന്ന് 11 റൺസെടുത്ത അജീഷും മൂന്ന് പന്തുകളിൽ നിന്ന് ആറ് റൺസെടുത്ത ബേസിലുമടക്കമുള്ള ഇന്നിംഗ്സുകളാണ് റോയൽസിന്റെ സ്കോർ 185-ൽ എത്തിച്ചത്. തൃശൂരിനു വേണ്ടി അബ്ദുൾ റമീസ് ആദിത്യ വിനോദും മൂന്ന് വിക്കറ്റ് വീതവും എം.എസ്. അഖിൽ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിൻ്റെ ഇന്നിങ്സ് അഹമ്മദ് ഇമ്രാൻ എന്ന ഒറ്റപ്പേരിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ സീസണിൽ ഇതുവരെ താളം കണ്ടെത്താനാകാതിരുന്ന ഇമ്രാന്റെ അവിസ്മരണീയമായ തിരിച്ചുവരവിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒമർ അബൂബക്കറും (7) ഷോൺ റോജറും (2) തുടക്കത്തിലേ മടങ്ങിയതോടെ പ്രതിരോധത്തിലായ തൃശൂരിന്റെ പ്രതീക്ഷകൾ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു അഹമ്മദ് ഇമ്രാൻ. മനോഹരമായ ഷോട്ടുകളിലൂടെ കളംനിറഞ്ഞ താരം മൂന്നാം വിക്കറ്റിൽ നിഖിൽ തോട്ടത്തിനൊപ്പം 85 റൺസാണ് കൂട്ടിച്ചേ‍ർത്തത്. ഇതിൽ 26 റൺസ് മാത്രമായിരുന്നു നിഖിലിന്റെ സംഭാവന. 14 റൺസെടുത്ത സഞ്ജീവ് സതീശനും ഇമ്രാന് മികച്ച പിന്തുണ നൽകി.

18 ഓവറുകൾ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന ശക്തമായ നിലയിലായിരുന്നു തൃശൂർ ടൈറ്റൻസ്. അവസാന 12 പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് വെറും 20 റൺസ് മാത്രം. തൃശൂർ വിജയം ഉറപ്പിച്ചെന്ന് കരുതിയ നിമിഷത്തിലാണ് നിഖിലും ബേസിലും ചേർന്ന് കളിയുടെ ഗതി മാറ്റിയെഴുതിയത്.

19-ാം ഓവറിൽ വെറും നാല് റൺസ് മാത്രം വിട്ടുകൊടുത്ത് എം.എസ്. അഖിലിന്റെ നിർണായക വിക്കറ്റും വീഴ്ത്തി നിഖിൽ റോയൽസിന് പ്രതീക്ഷ നൽകി. ഒടുവിൽ, ജയിക്കാൻ 16 റൺസ് വേണ്ട അവസാന ഓവറിൽ മുഹമ്മദ് ഇനാനെയും എ.കെ. അർജുനെയും പുറത്താക്കി ബേസിൽ റോയൽസിന്റെ രക്ഷകനായി. അവസാന രണ്ട് പന്തുകൾ അഹമ്മദ് ഇമ്രാൻ ബൗണ്ടറി കടത്തിയെങ്കിലും തൃശൂരിന്റെ മറുപടി 180-ൽ അവസാനിച്ചു. 60 പന്തുകളിൽ നിന്ന് 11 ഫോറും ആറ് സിക്സുമടക്കം 114 റൺസുമായി അഹമ്മദ് ഇമ്രാൻ പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബേസിലും നിഖിലും തന്നെയാണ് റോയൽസ് ബൗളിംഗ് നിരയിൽ തിളങ്ങിയത്.