Indian Premier LeagueCricketFeatured

സ്റ്റൈലിഷ് സെഞ്ച്വറിയുമായി സായി സുദര്‍ശന്‍, ഗുജറാത്തിന് 205 റൺസ്

Saisudarshan

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആര്‍സിബിയ്ക്കെതിരെ മികച്ച സ്കോറുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. സായി സുദര്‍ശന്റെ ശതകത്തിനൊപ്പം ശുഭ്മന്‍ ഗില്‍ (32), ജോസ് ബട്‍ലര്‍ (25) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഗുജറാത്തിനെ 205/3 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്.

ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് വേണ്ടി സായി സുദര്‍ശന്‍ – ശുഭ്മന്‍ ഗിൽ കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. ഈ ഓപ്പണിംഗ് കൂട്ടുകെട്ട് 128 റൺസാണ് നേടിയത്. ശുഭ്മന്‍ ഗിൽ 24 പന്തിൽ 32 റൺസ് നേടി പുറത്തായപ്പോള്‍ സുയാഷ് ശര്‍മ്മയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

ഗിൽ പുറത്തായ ശേഷം 57 പന്തിൽ നിന്ന് സായി തന്റെ ശതകം പൂര്‍ത്തിയാക്കിയെങ്കിലും തൊട്ടടുത്ത പന്തിൽ താരം പുറത്തായി. സുദര്‍ശന്‍ പുറത്താകുമ്പോള്‍ ഗുജറാത്ത് 15.3 ഓവറിൽ 160/2 എന്ന നിലയിലായിരുന്നു. ഏറെ വൈകാതെ 25 റൺസ് നേടിയ ജോസ് ബട്‍ലറെയും ഗുജറാത്തിന് നഷ്ടമായി.

12 പന്തിൽ 19 റൺസുമായി വാഷിംഗ്ടൺ സുന്ദറും 10 പന്തിൽ 23 റൺസുമായി ജേസൺ ഹോള്‍ഡറും ചേര്‍ന്നാണ് ഗുജറാത്തിന്റെ സ്കോര്‍ 200 കടത്തിയത്. നാലാം വിക്കറ്റിൽ 14 പന്തിൽ നിന്ന് 28 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.