വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി; കൊൽക്കത്തയെ തകർത്ത് ആർ സി ബി ഒന്നാമത്

റായ്‌പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ വിരാട് കോഹ്‌ലി ബാറ്റിങ് വിസ്മയം തീർത്തപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 193 റൺസെന്ന വെല്ലുവിളി ഉയർത്തുന്ന ലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. പുറത്താകാതെ 105 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ബെംഗളൂരുവിന്റെ വിജയശില്പി. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താൻ ആർസിബിക്ക് ആയി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് വേണ്ടി കോഹ്‌ലി തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. 60 പന്തിൽ നിന്ന് 11 ഫോറുകളും 3 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. ഓപ്പണർ ദേവ്ദത്ത് പടിക്കൽ 27 പന്തിൽ 39 റൺസെടുത്ത് മികച്ച പിന്തുണ നൽകിയതോടെ മധ്യ ഓവറുകളിൽ റൺറേറ്റ് ഉയർത്താൻ ബെംഗളൂരുവിനായി. കാർത്തിക് ത്യാഗി കൊൽക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും കോഹ്‌ലിയുടെ പോരാട്ടവീര്യത്തിന് മുന്നിൽ കൊൽക്കത്ത ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത, അങ്കൃഷ് രഘുവംശിയുടെ (71) അർദ്ധ സെഞ്ച്വറിയുടെയും അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിങ്കു സിംഗിന്റെയും (49*) കരുത്തിലാണ് 192 റൺസെടുത്തത്.