Indian Premier LeagueCricketFeatured

കമ്മിന്‍സിന്റെ അഭാവത്തിൽ സൺറൈസേഴ്സിനെ ഇഷാന്‍ കിഷന്‍ നയിക്കും

Ishankishanabhishek

ഐപിഎൽ 2026ലെ ആദ്യ കുറെ മത്സരങ്ങളിൽ ഇഷാന്‍ കിഷന്‍ സൺറൈസേഴ്സിനെ നയിക്കും. അഭിഷേക് ശര്‍മ്മ ഇഷാന്‍ കിഷന്റെ ഡെപ്യൂട്ടിയായി ഈ കാലയളവിൽ ചുമതല വഹിയ്ക്കും. പുറത്തിനേറ്റ പരിക്കിൽ നിന്ന് പൂര്‍ണ്ണമായി മോചനം ലഭിയ്ക്കാത്ത പാറ്റ കമ്മിന്‍സ് ടീമിനൊപ്പം ചേരുവാന്‍ വൈകുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാറ്റ് കമ്മിന്‍സിന് പകരം ആദ്യ മത്സരങ്ങളിൽ നായകന്റെ ചുമതല ഇഷാന്‍ കിഷനിലേക്ക് എത്തുന്നത്.

മാര്‍ച്ച് 23ന് സൺറൈസേഴ്സ് ക്യാംപിലേക്ക് പാറ്റ് കമ്മിന്‍സ് എത്തുമെങ്കിലും താരം റീഹാബ് നടപടികളിലൂടെ പോകുമെന്നാണ് അറിയുന്നത്. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുവാന്‍ സാധ്യതയുണ്ട്. ഐപിഎലിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദ്രാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

മാര്‍ച്ച് 28ന് ആണ് ഈ മത്സരം. സൺറൈസേഴ്സിന്റെ രണ്ടാം മത്സരം ഏപ്രിൽ 2ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും മൂന്നാം മത്സരം ഏപ്രിൽ 5ന് ലക്നൗ സൂപ്പര്‍ ജയന്റ്സിനോടുമാണ്.