ഹാട്രിക്കുമായി ഹര്‍മ്മന്‍പ്രീത്, കൊറിയയെ വീഴ്ത്തി ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജയം. കൊറിയയെ 4-1 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം കുറിച്ചത്. ഹര്‍മ്മന്‍പ്രീത് സിംഗ് നേടിയ ഹാട്രിക്ക് ആണ് ഇന്ത്യന്‍ വിജയത്തിന്റെ അടിസ്ഥാനം. മത്സരത്തിന്റെ നാലാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി ഇന്ത്യ ഗുര്‍ജന്തിലൂടെ നേടി. എന്നാല്‍ ഇരുപതാം മിനുട്ടില്‍ കൊറിയ ലീയിലുടെ ഒരു ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 2-1നു ഇന്ത്യ ലീഡ് ചെയ്യുകയായിരുന്നു.

മൂന്നാം ക്വാര്‍ട്ടറില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ നാാലാം ക്വാര്‍ട്ടറില്‍ 47ാം മിനുട്ടില്‍ മികച്ചൊരു ഡ്രാഗ് ഫ്ലിക്കിലൂടെ ഹര്‍മ്മന്‍പ്രീത് കൗര്‍ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. ഗോള്‍ വീണ ശേഷം പതറിപ്പോയ കൊറിയയ്ക്ക് പിന്നീട് മത്സരത്തില്‍ കാര്യമായി ഒന്നും ചെയ്യുവാനും സാധിച്ചില്ല. 59ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് തന്റെ ഹാട്രിക്കും ഇന്ത്യയുടെ നാലാം ഗോളും സ്വന്തമാക്കി.