എമിറേറ്റ്‌സ് സ്റ്റേഡിയത്തിനു മുന്നിൽ തന്റെ പ്രതിമ സ്ഥാപിക്കാൻ വെങർ അനുമതി നൽകിയതായി സൂചന

- Advertisement -

ആർസനൽ ഇതിഹാസപരിശീലകൻ ആഴ്‌സനെ വെങറുടെ പ്രതിമ എമിറേറ്റ്‌സ് സ്റ്റേഡിയത്തിനു പുറത്ത് സ്ഥാപിക്കാൻ ഒരുങ്ങി ആർസനൽ. തന്റെ പ്രതിമ സ്ഥാപിക്കാൻ വെങർ അനുമതി നൽകിയതായി പല ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആർസനൽ ചരിത്രത്തിലെ എക്കാലത്തേയും മഹാനായ പരിശീലകന്റെ പ്രതിമ എമിറേറ്റ്‌സ് സ്റ്റേഡിയത്തിനു മുന്നിൽ ഉയരും. ഫ്രഞ്ച് പരിശീലകനായ വെങർക്ക് കീഴിൽ 22 വർഷത്തോളം ആണ് ആർസനൽ പന്ത് തട്ടിയത്. മൂന്ന് തവണ പ്രീമിയർ ലീഗും 7 തവണ എഫ്.എ കപ്പും ആർസനലിന് നേടിക്കൊടുത്ത വെങർ 2006 ൽ ക്ലബിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിച്ചു.

കിരീടങ്ങൾക്കും അപ്പുറം ആക്രമണ ഫുട്‌ബോൾ കൊണ്ട് ലോകം കീഴടക്കിയ വെങർ ആർസനലിന് ഒപ്പം ഇംഗ്ലീഷ് ഫുട്‌ബോളിലും വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ട് വന്നു. കൂടാതെ വിദേശ പരിശീലകർക്ക് പ്രീമിയർ ലീഗിലേക്ക് വഴി ഒരുക്കാനും വെങർക്ക് ആയി. 2017/18 സീസണിനു ശേഷം ക്ലബ് വിട്ട വെങർ നിലവിൽ ഫിഫയുടെ ടെക്നിക്കൽ മാനേജർ കൂടിയാണ്. നിലവിൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിനു പുറത്ത് വെങറുടെ മുൻ ശിഷ്യന്മാർ ആയ ആർസനൽ ഇതിഹാസതാരങ്ങൾ ആയ തിയറി ഒൺറി, ഡെന്നിസ് ബെർകാമ്പ്, ടോണി ആദംസ് എന്നിവരുടെ പ്രതിമ ഉണ്ട്. കൂടാതെ ഇതിഹാസപരിശീലകൻ ഹെർബർട്ട് ചാപ്മാന്റെ പ്രതിമയും ഇവർക്ക് ഒപ്പം എമിറേറ്റ്‌സിന് മുമ്പിൽ ഇടം പിടിച്ചിട്ടുണ്ട്. ഇവർക്ക് ഒപ്പം ആവും വെങറുടെ പ്രതിമ എമിറേറ്റ്‌സിന് മുന്നിൽ ഇടം പിടിക്കുക.

Advertisement