വീണ്ടും അവസാന നിമിഷ ഗോളിൽ രക്ഷ, അഫ്ഗാനോട് തോൽക്കാതെ ഇന്ത്യ

വീണ്ടും ഒരു അവസാന നിമിഷ ഗോൾ ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ലോകകപ്പ് യോഗ്യത റൗണ്ട് ഗ്രൂപ്പിലെ നാലാം മത്സരത്തിൽ അഫ്ഗാനെതിരെ തോറ്റു നിന്ന ഇന്ത്യയെ ഒരു ഇഞ്ച്വറി ടൈം ഗോളാണ് രക്ഷിച്ചത്. 91ആം മിനുട്ടിൽ ലെൻ ദുംഗൽ ആണ് ഇന്ത്യയെ 1-1 എന്ന സമനിലയുമായി മടങ്ങാൻ സഹായിച്ചത്. എങ്കിലും വിജയമില്ലാതെ ഇന്ത്യ കളി അവസാനിപ്പിക്കേണ്ടി വന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. റാങ്കിംഗിൽ ഇന്ത്യയെക്കാൾ ഒരുപാട് പിറകിൽ ഉള്ള ടീമാണ് അഫ്ഗാൻ.

ഇരുടീമുകളും താളം കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്ന ആദ്യ പകുതിയാണ് താജികിസ്താനിൽ ഇന്ന് കണ്ടത്. പക്ഷെ ആ ആദ്യ പകുതിയുടെ അവസാന നിമിഷം ഒരു ഗോൾ നേടി മുന്നിൽ എത്താൻ അഫ്ഗാനിസ്ഥാനായി. സൽഫഗർ ആയിരുന്നു ഗോൾ സ്കോറർ. രണ്ടാം പകുതിയിൽ മൻവീർ, ഫറൂഖ്, ലെൻ ദുംഗൽ എന്നിവരെയൊക്കെ ഇറക്കി നോക്കി എങ്കിലും അഫ്ഗാൻ ഡിഫൻസിനെ കാര്യമായി പരീക്ഷിക്കാൻ ഇന്ത്യക്ക് ആയില്ല. പക്ഷെ അവസാന നിമിഷം ഒരു സെറ്റ് പീസ് ഇന്ത്യക്ക് ആശ്വാസം നൽകി. ബ്രണ്ടൺ എടുത്ത കോർണർ ഹെഡ് ചെയ്ത് വലയിൽ എത്തിക്കാൻ ലെൻ ദുംഗലിനായി. കഴിഞ്ഞ കളിയിൽ ആദിൽ ഖാനും ഇതുപോലെ ഇന്ത്യക്ക് സമനില നേടിക്കൊടുത്തിരുന്നു.

സഹൽ അബ്ദുൽ സമദ്, ഉദാന്ത്, ആശിഖ് എന്നിവരൊക്കെ ഫോം കണ്ടെത്താതെ വിഷമിക്കുന്നതാണ് ഇന്ന് കണ്ടത്. ഈ സമനില ഇന്ത്യയെ നാലു മത്സരങ്ങളിൽ നിന്ന് 3 പോയിന്റ് എന്ന നിലയിൽ എത്തിച്ചിരിക്കുകയാണ്. ഇനി ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുക എന്നത് ഇന്ത്യക്ക് ഒട്ടും എളുപ്പമാകില്ല.

Previous articleആദ്യ പകുതിയിൽ ഇന്ത്യ പിറകിൽ!!
Next article30 റണ്‍സ് വിജയവുമായി വിന്‍ഡീസ്, അഫ്ഗാനിസ്ഥാന്റെ തോല്‍വി തുടരുന്നു