FootballFeatured

പരിശീലകനെ പുറത്താക്കി എഎസ് മൊണാക്കോ

Resizedimage 2026 06 02 08 59 47 1


ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാക്കോ തങ്ങളുടെ മുഖ്യ പരിശീലകൻ സെബാസ്റ്റ്യൻ പൊകൊഞ്ഞോളിയെ സ്ഥാനത്തുനിന്ന് പുറത്താക്കി. ചുമതലയേറ്റ് എട്ടുമാസം തികയുന്നതിന് മുൻപാണ് 38-കാരനായ ഈ ബെൽജിയം പരിശീലകനെ ക്ലബ്ബ് ഒഴിവാക്കിയത്. മൊണാക്കോയുമായി കരാറിൽ ഒരു വർഷം കൂടി ബാക്കിനിൽക്കെയാണ് പൊകൊഞ്ഞോളിയുടെ അപ്രതീക്ഷിത പുറത്താകൽ. ഫ്രഞ്ച് ലീഗ് വണ്ണിൽ (Ligue 1) ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ഇത്തവണ മൊണാക്കോയ്ക്ക് സാധിച്ചുള്ളൂ.

ഇതോടെ വരാനിരിക്കുന്ന സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായ ക്ലബ്ബിന് യുവേഫ കോൺഫറൻസ് ലീഗ് പ്ലേ-ഓഫ് യോഗ്യത കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതാണ് ഈ കടുത്ത തീരുമാനത്തിന് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.
സീസണിന്റെ മധ്യത്തിൽ തുടർച്ചയായ 10 മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറി പൊകൊഞ്ഞോളി മൊണാക്കോയെ ശക്തമായി തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ സീസണിന്റെ അവസാന ഘട്ടത്തിലുണ്ടായ മോശം പ്രകടനങ്ങളാണ് അദ്ദേഹത്തിന്റെ പരിശീലക തൊപ്പി തെറിക്കാൻ കാരണമായത്. പൊകൊഞ്ഞോളിക്കൊപ്പം അസിസ്റ്റന്റ് കോച്ചുമാരായ കെവിൻ മിരാലസ്, ആർതർ കോപിറ്റ് എന്നിവരെയും മറ്റ് മൂന്ന് സ്റ്റാഫ് അംഗങ്ങളെയും ക്ലബ്ബ് ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


മുൻ ചെൽസി, അത്ലറ്റിക്കോ മാഡ്രിഡ് പ്രതിരോധ താരം ഫിലിപ്പെ ലൂയിസിന്റെ പേരാണ് നിലവിൽ മൊണാക്കോയുടെ പുതിയ പരിശീലക സ്ഥാനത്തേക്ക് സജീവമായി കേൾക്കുന്നത്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെംഗോയെ കോപ്പ ലിബർട്ടഡോറസ് കിരീടത്തിലേക്ക് നയിച്ച ശേഷം കഴിഞ്ഞ മാർച്ചിലാണ് 40-കാരനായ ഫിലിപ്പെ ലൂയിസ് അവിടെനിന്നും പടിയിറങ്ങിയത്. യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിലേക്ക് മൊണാക്കോയെ എത്രയും വേഗം തിരികെ എത്തിക്കാൻ അദ്ദേഹത്തിന്റെ സമീപകാല വിജയങ്ങൾ സഹായിക്കുമെന്നാണ് ക്ലബ്ബ് വിലയിരുത്തുന്നത്. വരാനിരിക്കുന്ന ആഭ്യന്തര, യൂറോപ്യൻ വെല്ലുവിളികൾക്കായി ടീമിനെ സജ്ജമാക്കാൻ വലിയൊരു അഴിച്ചുപണിക്കാണ് മൊണാക്കോ ഇപ്പോൾ ഒരുങ്ങുന്നത്.