ഇംപാക്ട് സബ്‌സ്റ്റിറ്റ്യൂട്ടും അണ്ടർ-23 നിയമവും; പുതിയ പരിഷ്കാരങ്ങളുമായി ലങ്ക പ്രീമിയർ ലീഗ് 2026

കൊളംബോയിൽ വെച്ച് നടന്ന 2026 സീസണായുള്ള കളിക്കാരുടെ ലേലത്തിനിടെ ലങ്ക പ്രീമിയർ ലീഗിൽ (LPL) പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ. വരാനിരിക്കുന്ന സീസൺ മുതൽ ലീഗിൽ ‘ഇംപാക്ട് സബ്‌സ്റ്റിറ്റ്യൂട്ട്’ (Impact Substitute) നിയമം അനുവദിക്കുമെന്നും, ഒപ്പം എല്ലാ ടീമുകളുടെയും പ്ലെയിങ് ഇലവനിൽ (Playing XI) ഒരു അണ്ടർ-23 താരം എപ്പോഴും ഉണ്ടായിരിക്കണമെന്നും സംഘാടകർ സ്ഥിരീകരിച്ചു. പുതിയ നിയമപ്രകാരം ഫ്രാഞ്ചൈസികൾ കുറഞ്ഞത് 18 കളിക്കാരെയെങ്കിലും ടീമിൽ ഉൾപ്പെടുത്തണം.
ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിച്ച ശേഷവും കളിക്കളത്തിൽ അണ്ടർ-23 താരം ഉണ്ടായിരിക്കണം എന്ന നിബന്ധനയുള്ളതിനാൽ ടീമുകൾ വളരെ തന്ത്രപരമായി വേണം തങ്ങളുടെ സ്ക്വാഡ് പ്ലാൻ ചെയ്യാൻ. പ്ലാറ്റിനം (50,000 യുഎസ് ഡോളർ) മുതൽ എമേർജിങ് അണ്ടർ-23 (10,000 യുഎസ് ഡോളർ) വരെയുള്ള കാറ്റഗറികളായാണ് ലേലം നടന്നത്. പുതിയ സീസണിന് മുന്നോടിയായി ചില ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലും പേരുകളിലും മാറ്റം വന്നിട്ടുണ്ട്. എസ്‌സി ജാഫ്ന കിങ്സ്, ഗാൾ ഗാലന്റ്സ്, കാൻഡി റോയൽസ്, കൊളംബോ കാപ്സ് എന്നിവയാണ് പുതിയ പേരുകൾ; ദാംബുള്ള സിക്സേഴ്സ് മാറ്റമില്ലാതെ തുടരുന്നു.
ശ്രീലങ്കയുടെ പ്രമുഖ യുവതാരങ്ങളിൽ പലരും ജൂലൈ മാസത്തിൽ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലായതിനാൽ നിലവിൽ അണ്ടർ-23 കളിക്കാരുടെ കുറവ് ലങ്കൻ ക്രിക്കറ്റിലുണ്ട്. ഈ സാഹചര്യത്തിലും യുവ പ്രതിഭകളെ വളർത്തിയെടുക്കാൻ ഫ്രാഞ്ചൈസികളെ നിർബന്ധിതരാക്കുന്നതാണ് പുതിയ നിയമം. സീസണിലെ പ്രധാന പ്രീ-സൈനിങ്ങുകളിൽ ആഞ്ചലോ മാത്യൂസ്, വിജയ് ശങ്കർ, ഈഷൻ മലിംഗ എന്നിവർ ഇടംപിടിച്ചപ്പോൾ, വിദേശ താരങ്ങളുടെ പട്ടികയിൽ റഹ്മാനുള്ള ഗുർബാസ്, മുഹമ്മദ് നവാസ് എന്നിവരാണ് പ്രധാന ആകർഷണം. മത്സരത്തിന്റെ ഗതി വേഗത്തിൽ മാറ്റാൻ ഇംപാക്ട് സബ്‌സ്റ്റിറ്റ്യൂട്ടുകൾക്ക് സാധിക്കുമെന്നതിനാൽ ഈ നിയമം ടൂർണമെന്റിന്റെ തന്ത്രപരമായ ആവേശം വർദ്ധിപ്പിക്കും. എന്നാൽ പ്ലെയിങ് ഇലവന്റെ കരുത്ത് കുറയാതെ അണ്ടർ-23 നിയമം കൂടെ പാലിക്കണമെങ്കിൽ ഫ്രാഞ്ചൈസികൾക്ക് മികച്ച സ്ക്വാഡ് പ്ലാനിങ്ങും മികച്ച യുവതാരങ്ങളുടെ പിന്തുണയും അനിവാര്യമായി വരും.