ഇറ്റലിയിലേക്ക് മടങ്ങി വരവില്ല, മാൻസുകിച് തുർക്കിഷ് ക്ലബ്ബായ ഫെനർബഷെയിലേക്ക്

ക്രൊയേഷ്യൻ സൂപ്പർ താരം മരിയോ മാൻസുകിച് ഇനി ഇറ്റലിയിലേക്ക് തിരികെയെത്തില്ല. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിലേക്ക് മാൻസുകിച് എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അവസാന നാലു സീസണുകളിലും യുവന്റസിനൊപ്പം കളിച്ച മാൻസുകിച് സീസൺ പകുതിയിലാണ് ക്ലബ്ബ് വിട്ട് ഖത്തർ ക്ലബായ അൽ ദുഹൈലിലേക്ക് പറന്നത്. പിന്നീട് അൽ ദുഹൈൽ വിട്ട താരം ഫ്രീ ഏജന്റ് ആണ്. ഇറ്റലിയൻ ക്ലബ്ബുകളായ ഫിയോരെന്റീനയും മിലാനും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.

ടൂറിനിൽ യുവന്റസിനൊപ്പം നാലു ലീഗ് കിരീടങ്ങളും മാൻസുകിച് നേടി. ക്രൊയേഷ്യയെ കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് മാൻസുകിച്. മുമ്പ് ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മാൻസുകിച് കളിച്ചിട്ടുണ്ട്. മറ്റൊരു തുർക്കിഷ് ക്ലബ്ബായ ഗലറ്റസരായും മാൻസുകുചിനായി ശ്രമിച്ചിരുന്നു. ഏറെ വൈകാതെ തുർക്കിഷ് സൂപ്പർ ലീഗിൽ 34കാരനായ മാൻസുകിച് എത്തും.