താനാണ് പരിശീലകൻ എങ്കിൽ സ്മാളിങ് ദേശിയ ടീമിൽ ഇടംപിടിച്ചിരിക്കും : മൗറീഞ്ഞോ

20221020 212323

2017ലാണ് ക്രിസ് സ്മാളിങ് അവസാനമായി ഇംഗ്ലണ്ട് ദേശിയ ടീമിൽ ഇടം പിടിക്കുന്നത്. ശേഷം ഇന്നേവരെ ഗാരെത് സൗത്ഗേറ്റിന്റെ ലിസ്റ്റിൽ ഇടംപിടിക്കാത്ത താരത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ജോസ് മൗറീഞ്ഞോ. “താനായിരുന്നു ദേശിയ ടീം കോച്ച് എങ്കിൽ ഒരിക്കലും സ്‌മാളിങ്ങിനെ പോലൊരു താരം ടീമിൽ ഇടം പിടിക്കാതെ പോകില്ല”, മൗറീഞ്ഞോ പറഞ്ഞു. യുണൈറ്റഡിൽ രണ്ടു സെൻട്രൽ ഡിഫെണ്ടർമാർ ഉള്ള തരത്തിൽ സ്മാളിങ് കളിച്ചിരുന്നതെങ്കിൽ റോമയിൽ മൂന്ന് സെൻട്രൽ ഡിഫെണ്ടർമാരുള്ള സിസ്റ്റത്തിലും താരം യാതൊരു കൂസലുമില്ലാതെ കളിക്കുന്നു എന്നും റോമാ മാനേജർ ചൂണ്ടിക്കാട്ടി.

എന്നാൽ താനിങ്ങനെ അഭിപ്രായം പറയുന്നത് ഒരിക്കലും സൗത്ഗേറ്റിനോടുള്ള ബഹുമാനകുറവായി കരുതേണ്ടെന്നും സ്മാളിങിനെ പോലെ നിലവിൽ വളരെ മികച്ച ഫോമിൽ കളിക്കുന്ന ഒരു താരത്തിന് തീർച്ചയായും ലഭിച്ചിരിക്കേണ്ട അവസരങ്ങളെ കുറിച്ചു ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും മൗറിഞ്ഞോ പറഞ്ഞു. നേരത്തെ താരത്തെ ടീമിൽ ഉൾപ്പെടുത്താതത് തന്റെ ശൈലിയുമായി ചേർന്ന് പോകാത്തത് കൊണ്ടാണെന്ന് സൗത്ഗേറ്റ് പറഞ്ഞിരുന്നു. ലോകകപ്പ് അടുത്തിരിക്കെ കോൺഫറൻസ് ലീഗ് ഫൈനൽ മാൻ ഓഫ് ദ് മാച്ച് ആയിരുന്ന താരത്തെ അഞ്ച് വർഷത്തിന് ശേഷം സൗത്ഗേറ്റ് ടീമിൽ ഉൾെപ്പടുത്തുമോ എന്നുറപ്പില്ല. പരിക്കേറ്റ് പ്രമുഖ താരങ്ങൾ ആയ റീസ് ജെയിംസ്, വാക്കർ എന്നിവർക്ക് ലോകകപ്പ് നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നിരിക്കെ സൗത്ഗേറ്റിന് എഎസ് റോമ താരത്തെ പരിഗണിക്കേണ്ടി വന്നേക്കും.