FeaturedFootball

ഒരു മത്സരം പോലും പരാജയപ്പെടാതെ ലീഗ് പൂർത്തിയാക്കി ജെറാഡിന്റെ റേഞ്ചേഴ്സ്

സ്കോട്ടിഷ് ലീഗ് ചാമ്പ്യന്മാർ ആയ റേഞ്ചേഴ്സ് അവരുടെ സീസൺ അപരാജിതരായി അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ന് ലീഗിലെ അവസാന മത്സരത്തിൽ ജെറാഡിന്റെ ടീമിനെ പരാജയപ്പെടുത്താൻ ആയില്ല. ലീഗിൽ ഈ സീസണിൽ കളിച്ച 38 മത്സരങ്ങളിൽ 32 വിജയങ്ങളും 6 സമനിലയുമാണ് റേഞ്ചേഴ്സിന്റെ റെക്കോർഡ്. കഴിഞ്ഞ മാസം തന്നെ റേഞ്ചേഴ്സ് ലീഗ് കിരീടം ഉറപ്പിച്ചിരുന്നു. ജെറാഡിന്റെ മാനേജീരിയൽ കരിയറിലെ ആദ്യ കിരീടമാണിത്.

പത്തു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് റേഞ്ചേഴ്സ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. ലിവർപൂൾ ഇതിഹാസം സ്റ്റീവൻസ ജെറാഡ് പരിശീലകനായി എത്തിയ മൂന്നാം സീസണിലാണ് കിരീടം വരുന്നത്. 38 മത്സരങ്ങളിൽ നിന്ന് 102 പോയിന്റുമായാണ് റേഞ്ചേഴ്സ് സീസൺ അവസാനിപ്പിച്ചത്. രണ്ടാമതുള്ള സെൽറ്റിക്കിനെക്കാൾ 25 പോയിന്റിന്റെ ലീഡ് റേഞ്ചേഴ്സിന് ഉണ്ട്. അവസാന ഒമ്പതു സീസണിലും സെൽറ്റിക്ക് ആയിരുന്നു കിരീടം നേടിയിരുന്നത്. 38 മത്സരങ്ങളിൽ നിന്ന് 92 ഗോളുകൾ അടിച്ച ജെറാഡിന്റെ ടീം ആകെ വഴങ്ങിയത് 13 ഗോളുകളാണ്‌.