വിമർശകരെ ഇതാണ് ആരോൺ റാമ്സ്ഡേൽ ആഴ്‌സണലിന്റെ ഒന്നാം നമ്പർ!

20211030 184606

സമീപകാലത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏതെങ്കിലും ഒരു ക്ലബ് കേട്ട ഒരു ട്രാൻസ്ഫർ ആയിരിക്കണം ആരോൺ റാമ്സ്ഡേൽ എന്ന ഇംഗ്ലീഷ് ഗോൾ കീപ്പറുടെ ആഴ്‌സണലിലേക്കുള്ള വരവ്. ബെർഡ് ലെനോ എന്ന മികച്ച കീപ്പർ ഉള്ളപ്പോൾ എന്തിനാണ് ഇത്രയും പൈസ മുടക്കി രണ്ടു പ്രാവശ്യം പ്രീമിയർ ലീഗിൽ മാത്രം ബോർൺമൗത്തിലും, ഷെഫീൽഡ് യുണൈറ്റഡിലും തരം താഴ്ത്തപ്പെട്ട ഒരു താരത്തെ ആഴ്‌സണൽ ടീമിൽ എടുക്കുന്നത് എന്നു ചോദിച്ചത് ആഴ്‌സണൽ ആരാധകർ അടക്കം ആയിരുന്നു. ഒപ്പം താരത്തിന്റെ കഴിവിലും ആളുകൾ സംശയം ഉന്നയിച്ചു. അതിനു മുമ്പുള്ള സീസണിൽ എമിലിയാനോ മാർട്ടിനസിനെ ആസ്റ്റൻ വില്ലയിലേക്ക് നൽകിയ മണ്ടത്തരവും ആഴ്‌സണലിന് വിമർശനം നേടി നൽകി. ട്രാൻസ്ഫറിൽ ദേഷ്യം പിടിച്ച ഒരു വിഭാഗം ആഴ്‌സണൽ ആരാധകർ താരത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപങ്ങളും ആയും രംഗത്ത് വന്നത് ട്രാൻസ്ഫറിൽ ആഴ്‌സണൽ ആരാധകർ പരസ്പരം തിരിഞ്ഞതും കാണാൻ ആയി. എന്നാൽ ടീമിൽ എത്തിയ ശേഷം റാമ്സ്ഡേൽ എളുപ്പം നടന്നു കയറിയത് ആഴ്‌സണൽ ആരാധകരുടെ ഹൃദയത്തിലേക്ക് ആണ്.

സീസണിൽ ആദ്യ മൂന്ന് കളികളിലും വമ്പൻ തോൽവി വഴങ്ങിയ ആഴ്‌സണലിന്റെ ഉയിർത്ത് എഴുന്നേൽപ്പിന് വലിയ പങ്ക് ആണ് ഇംഗ്ലീഷ് ഗോൾ കീപ്പർ വഹിച്ചത്. ലെനോയെ ബെഞ്ചിലാക്കിയ റാമ്സ്ഡേൽ ഗോൾ വഴങ്ങാതെ മാത്രമല്ല കളത്തിലേക്ക് കൊണ്ടു വന്ന വീര്യം കൂടിയാണ് ആഴ്‌സണലിന് വലിയ നേട്ടം ആയത്. ലെനോയിൽ നിന്നു വ്യത്യസ്തമായി തന്റെ ഗോൾ പോസ്റ്റ് സംരക്ഷിച്ചിക്കാൻ മറ്റു താരങ്ങളോട് കൽപ്പിക്കാനും ദേഷ്യപ്പെടാനും താരത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഇതോടൊപ്പം ഗബ്രിയേൽ, ബെൻ വൈറ്റ് എന്നിവരും ആയി മികച്ച കൂട്ടുക്കെട്ട് വളർത്തിയെടുക്കാനും താരത്തിന് ആയി. പലപ്പോഴും കളത്തിൽ ആഴ്‌സണൽ പ്രതിരോധത്തിൽ ഈ ഒരുമ പ്രകടമായി കാണാൻ ആവും. റാമ്സ്ഡേൽ പിന്നിൽ ഉള്ളത് എത്രത്തോളം ധൈര്യം ആണ് ആഴ്‌സണൽ പ്രതിരോധ താരങ്ങൾക്ക് നൽകുന്നത് എന്നത് പലപ്പോഴും കളത്തിൽ വ്യക്തമായ കാര്യം ആണ്. അതിനോടൊപ്പം പന്ത് അനായാസം ലെനോയെക്കാൾ മികച്ച രീതിയിൽ കാലിൽ കൈവശം വക്കാനും റാമ്സ്ഡേലിന് സാധിക്കുന്നുണ്ട്. മികച്ച പാസുകൾ കൃത്യമായി നൽകുന്ന റാമ്സ്ഡേൽ നിലവിൽ സ്ഥിരം കാഴ്ചയാണ്. അതോടൊപ്പം പ്രതിരോധത്തിനു ആശങ്ക നൽകാതെ ലെനോയിൽ നിന്നു വ്യത്യസ്തമായി അപകടരമായ പന്ത് കൈവശം സൂക്ഷിക്കാതെ ഒഴിവാക്കാനും താരത്തിന് സാധിക്കുന്നുണ്ട്. റാമ്സ്ഡേൽ പോസ്റ്റിനു മുന്നിൽ ഉണ്ടാവുമ്പോൾ ആഴ്‌സണൽ പ്രതിരോധം അത്രമേൽ മികച്ച രീതിയിൽ ആണ് കളിക്കുന്നത്.

ഇത് വ്യക്തമായും എടുത്ത് കാണിച്ച മത്സരം ആയിരുന്നു ഇന്ന് ലെസ്റ്ററിന് എതിരെ നടന്ന മത്സരം. ചിലപ്പോൾ സമീപകാലത്ത് ഒരു ഗോൾ കീപ്പർ നടത്തിയ ഏറ്റവും മികച്ച പ്രകടനം ആവണം കിങ് പവറിൽ റാമ്സ്ഡേൽ നടത്തിയത്. 8 രക്ഷപ്പെടുത്തലുകൾ ആണ് താരം ഇന്ന് ലെസ്റ്ററിന് എതിരെ നടത്തിയത്. ഇഗ്നാച്ചോയുടെ ഗോൾ എന്നുറപ്പിച്ച ഷോട്ട് വിരലുകൾ കൊണ്ടാണ് ആദ്യ പകുതിയിൽ താരം രക്ഷിച്ചത്. അതിനു ശേഷം ഈ സീസണിലെ രക്ഷപ്പെടുത്തൽ എന്നു വിളിക്കാവുന്ന അവിശ്വസനീയ രക്ഷപ്പെടുത്തൽ വന്നു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ലെസ്റ്ററിന് ലഭിച്ച ഫ്രീകിക്ക് മികച്ച രീതിയിൽ തന്നെയാണ് മാഡിസൺ എടുത്തത്. ഏതാണ്ട് ഗോൾ എന്നുറപ്പിച്ച ആ ഷോട്ട് നെടുനീളൻ ചാട്ടത്തോടെ ഇടതു കൈകൊണ്ട് റാമ്സ്ഡേൽ കുത്തിയകറ്റിയത് തീർത്തും അസാധ്യമായ കാഴ്ച ആയിരുന്നു. അതിനു ശേഷം റീബൗണ്ടും താരം രക്ഷിക്കുന്നുണ്ട്. മാഡിസണോ കാണികൾക്കോ വിശ്വസിക്കാൻ ആയില്ല ഈ രക്ഷപ്പെടുത്തൽ. താൻ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച രക്ഷപ്പെടുത്തൽ ആണ് ഇത് എന്നാണ് ഇതിഹാസ ഗോൾ കീപ്പർ പീറ്റർ ഷെമിക്കൽ ട്വീറ്റ് ചെയ്തത്.
Img 20211030 Wa0213
രണ്ടാം പകുതിയിൽ 2 ഗോളിന് പിന്നിലുള്ള ലെസ്റ്റർ ആക്രമണങ്ങൾക്ക് പിറകെ ആക്രമണം ആഴ്‌സണൽ ഗോൾ വച്ചു നടത്തിയെങ്കിലും മാഡിസൺ മതിലായി മാറുന്നത് ആണ് കാണാൻ ആയത്. ലെസ്റ്റർ ആരാധകരുടെ പ്രകോപനങ്ങൾക്ക് ഇടയിലും ബാർൺസിന്റെ അടക്കം നിരവധി ഷോട്ടുകൾ ആണ് താരം തടഞ്ഞിട്ടത്. എത്ര ശ്രമിച്ചാലും മറികടക്കാൻ ആവില്ല എന്ന ചിന്ത എതിരാളികൾക്ക് നൽകാനും റാമ്സ്ഡേലിന് ആവുന്നുണ്ട്. അതോടൊപ്പം ടീമിനെ മികച്ച രീതിയിൽ പ്രചോദിപ്പിച്ചു നയിക്കാനും താരത്തിന് ആവുന്നുണ്ട്. ചിലപ്പോൾ സമീപകാലത്ത് ആഴ്‌സണൽ നടത്തിയ ഏറ്റവും മികച്ച നീക്കം ആയി റാമ്സ്ഡേൽ ട്രാൻസ്ഫർ മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. താരത്തിന്റെ ഈ മികവ് തുടർന്നാൽ ആഴ്‌സണലിന്റെ നിലവിലെ 9 മത്സരങ്ങളിലെ പരാജയം അറിയാത്ത കുതിപ്പ് ഇനിയും തുടരും എന്നുറപ്പാണ്. നിലവിൽ മൈക്കിൾ ആർട്ടെറ്റയുടെ ആദ്യ പതിനൊന്നിലെ ആദ്യ പേരുകളിൽ ഒന്നായി വിമർശനങ്ങൾക്ക് ചുട്ട മറുപടി ആണ് ഇംഗ്ലീഷ് താരം നൽകിയത്. റാമ്സ്ഡേലിനെ പ്രകോപിക്കാൻ ‘നീ ഒരിക്കലും ഇംഗ്ലണ്ടിന് വേണ്ടി കളിക്കില്ല’ എന്നു ഇന്ന് ചാന്റ് ചെയ്ത് ലെസ്റ്റർ ആരാധകർക്കും ഒരു കാര്യത്തിൽ ഉറപ്പ് ഉണ്ടാവും റാമ്സ്ഡേൽ ഉടൻ ഇംഗ്ലണ്ട് ടീമിൽ കളിക്കും എന്നു. നിലവിലെ ഫോമിൽ റാമ്സ്ഡേലിനെ ഇംഗ്ലീഷ് ടീമിൽ എടുക്കാൻ ഗാരത് സൗത്ത്ഗേറ്റിന് അധികം ഒന്നും ചിന്തിക്കേണ്ടി വരില്ല എന്നത് ആണ് യാഥാർത്ഥ്യം. റാമ്സ്ഡേൽ മികവ് തെളിയിക്കുമ്പോൾ ആഴ്‌സണൽ ആരാധകർക്ക് ഒപ്പം ഇംഗ്ലീഷ് ആരാധകർക്കും അത് നല്ല വാർത്ത ആവുകയാണ്.

Previous articleസിന്ധുവിന് സെമിയിൽ നിരാശ
Next articleഅവസാന മിനുട്ടിൽ സമനിലയുമായി രക്ഷപ്പെട്ട് അറ്റലാന്റ