ഹാവേർട്സിന് വേണ്ടി ആരും സമീപിച്ചിട്ടില്ലെന്ന് ബയേർ ലെവർകൂസൻ

ബയേർ ലെവർകൂസൻ താരം കൈ ഹാവെർട്സിന് വേണ്ടി ആരും ഇതുവരെ ഔദ്യോഗികമായി ക്ലബ്ബിനെ സമീപിച്ചിട്ടില്ലെന്ന് ക്ലബ് മേധാവി സൈമൺ റോൾഫ്സ്. 21കാരനായ കായ് ഹാവേർട്സിനെ സ്വന്തമാക്കാൻ ചെൽസി ശ്രമങ്ങൾ തുടങ്ങിയിരുന്നു. താരത്തിനും പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് വരാൻ താല്പര്യം ഉണ്ടെന്ന് റിപ്പോർട്ടുകൾ വരുകയും ചെയ്തിരുന്നു.

കൂടാതെ യൂറോപ്യൻ സീസൺ അവസാനിക്കുന്നതിന് മുൻപ് താരത്തെ മറ്റൊരു ടീമിനും വിട്ടുകൊടുക്കില്ലെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ബയേർ ലെവർകൂസണിൽ ഉള്ള എല്ലാ താരങ്ങളും യൂറോപ്യൻ സീസൺ അവസാനിക്കുന്നത് വരെ ടീമിനൊപ്പം തുടരുമെന്നും ക്ലബ് മേധാവി അറിയിച്ചിട്ടുണ്ട്. നിലവിൽ ബയേർ ലെവർകൂസണിൽ 2 വർഷത്തെ കരാറാണ് കായ് ഹാവേർട്സിന് ബാക്കിയുള്ളത്.