ചെൽസി പതറാതെ മുന്നോട്ട്, പാലസിനെ വീഴ്ത്തി മൂന്നാമത്!!

ചെൽസി ആര് ഉയർത്തുന്ന സമ്മർദ്ദത്തിലും വീഴില്ല. ചെൽസി വീണാൽ നാലാം സ്ഥാനത്ത് എത്താമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആഗ്രഹങ്ങൾ നടന്നേക്കില്ല. ഇന്ന് ക്രിസ്റ്റൽ പാലസിനെ കൂടെ വീഴ്ത്തിയതോടെ ചെൽസി ഒരു സ്ഥാനം മുന്നിലേക്ക് പോയി മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിന്റെ വലിയ വെല്ലുവിളി മറികടന്ന് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.

വൻ വേഗതയിൽ തുടങ്ങിയ മത്സരത്തിൽ ആറാം മിനുട്ടിൽ തന്നെ ചെൽസി മുന്നിൽ എത്തി. വില്യന്റെ പാസിൽ നിന്ന് ജിറൂഡിന്റെ വക ആയിരുന്നു ആദ്യ ഗോൾ. പിന്നാലെ 27ആം മിനുട്ടിൽ പുലിസികിന്റെ വക ചെൽസിയുടെ രണ്ടാം ഗോളും വന്നു. പുലിസികിന്റെ ഗംഭീര ഫോം തുടരുന്നതാണ് പാലസിലും കണ്ടത്‌. എന്നാൽ 34ആം മിനുട്ടിലെ സാഹയുടെ ഗോൾ ചെൽസിക്ക് ചെറിയ ആശങ്ക നൽകി.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ടാമി അബ്രഹാം ചെൽസിക്ക് മൂന്നാം ഗോൾ നൽകി. 72ആം മിനുട്ടിലെ ബെന്റകെ ഗോൾ വീണ്ടും പാലസിന് പ്രതീക്ഷ നൽകി‌. മത്സരത്തിന്റെ അവസാനം നിരവധി അവസരങ്ങൾ പാലസ് സൃഷ്ടിച്ചു എങ്കിലും സമനില ഗോൾ നേടാനുള്ള ഭാഗ്യം ഉണ്ടായില്ല. ഈ വിജയം ചെൽസിയെ ലെസ്റ്ററിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തിച്ചു. ലെസ്റ്റർ ഒരു മത്സരം കുറവാണ് കളിച്ചത്.

Previous article“പത്ത് വർഷത്തിനുള്ളിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനാകും”
Next articleവെൽബെകിന്റെ ബൈസൈക്കിൽ ഗോളിൽ വാറ്റ്ഫോർഡിന് നിർണായക ജയം