ആസ്റ്റൻ വില്ലയോടും തോൽവി; വീണ്ടും ഗോൾ കണ്ടെത്താൻ ആവാതെ ചെൽസി

Nihal Basheer

Screenshot 20230924 203251 X
Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ കണ്ടെത്താൻ ആവാതെ ഉഴറുന്ന ചെൽസിക്ക് വിജയവഴി ഇനിയും അകലെ. ആസ്റ്റൻ വില്ലയെ സ്വന്തം തട്ടകത്തിൽ നേരിട്ട ചെൽസി ഇന്ന് ഒരു ഗോളിന്റെ തോൽവി നേരിട്ടു. ഒലെ വാട്കിൻസ് ആണ് മത്സരത്തിലെ ഒരേയൊരു ഗോൾ കണ്ടെത്തിയത്. ഇതോടെ ഉനയ് ഉമരിയും സംഘവും പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി. ചെൽസി പതിനാലമാതാണ്.
20230924 203420
ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. എന്നാൽ ഇരു ബോക്സുകളിലേക്കും ഇടതടവില്ലാതെ മുന്നേറ്റങ്ങൾ എത്തി കൊണ്ടിരുന്നു. എന്നാൽ പ്രതിരോധവും കീപ്പർമാരും ഉറച്ചു നിന്നപ്പോൾ ഗോൾ കണ്ടെത്താൻ ടീമുകൾ വിഷമിച്ചു. കയ്സെഡോയുടെ മികച്ചൊരു ഷോട്ട് മാർട്ടിനസ് തടുത്തു. ഡിഗ്നെയുടെ ലോങ് റേഞ്ചർ സാഞ്ചസ് തട്ടിയകറ്റി. ആസ്റ്റൻവില്ല പ്രതിരോധത്തെ കീറി മുറിച്ച് മുദ്രിക്ക് നൽകിയ പാസ് ജാക്സൻ ഓടിയെടുത്തെങ്കിലും മർട്ടിനസ് ഒരിക്കൽ കൂടി ടീമിന്റെ രക്ഷകനായി. മാലോ ഗുസ്‌തോയുടെ പാസിൽ നിന്നും ബോക്സിനുള്ളിൽ എൻസോയുടെ ഷോട്ട് ലക്ഷ്യം തെറ്റി അകന്നു. കോർണറിൽ നിന്നെത്തിയ പന്തിൽ സാനിയോളോയുടെ ശക്തിയേറിയ ഷോട്ട് സാഞ്ചസ് വീണ്ടും കോർണർ വഴി രക്ഷപ്പെടുത്തി. 42ആം മിനിറ്റിൽ ഹെഡറിലൂടെ ഡിസാസി ഗോൾ കണ്ടെത്തിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തിയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്റ്റർലിങ്ങിന്റെ ശ്രമം മാർട്ടിനസ് തടുത്തു. താരത്തിന്റെ മറ്റൊരു നീക്കം ഓഫ് സൈഡ് ആയി. ലൂക്കസ് ഡിന്യെയെ ഫൗൾ ചെയ്തതിന് മാലോ ഗുസ്‌തോ ചുവപ്പ് കാർഡ് കണ്ടതോടെ ചെൽസി പത്തു പേരായി ചരുങ്ങി. ഇതോടെ മുദ്രിക്കിന് പകരം ചിൽവെൽ കളത്തിൽ എത്തി. 73ആം മിനിറ്റിൽ ആസ്റ്റൻ വില്ല ലീഡ് എടുത്തു. കൗണ്ടർ നീക്കത്തിൽ ദിയാബിയുടെ പാസ് സ്വീകരിച്ച് കുതിച്ച വാട്കിൻസ് ബോക്സിനുള്ളിൽ നിന്നും തൊടുത്ത ആദ്യ ഷോട്ട് കോൾവിൽ തടുത്തെങ്കിലും രണ്ടാം ശ്രമം വാട്കിൻസ് വലയിൽ എത്തിക്കുക തന്നെ ചെയ്തു. പിന്നീട് പാമറിന്റെ മികച്ചൊരു പാസിൽ നിന്നും ചിൽവെല്ലിന്റെ ഷോട്ട് മർട്ടിനസ് തടുത്തു. ദിയാബിയുടെ മികച്ചൊരു ശ്രമം സാഞ്ചസ് മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. അവസാന നിമിഷങ്ങളിൽ ചെൽസി സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും വില്ല പ്രതിരോധത്തെ കീഴക്കാൻ സാധിച്ചില്ല.