ഔദ്യോഗിക പ്രഖ്യാപനം എത്തി, ഒബമയാങ് ഇനി ചെൽസിയുടെ നീല ജെഴ്‌സിയിൽ

ഒബമയാങ് ഇനി ചെൽസി താരം. ബാഴ്‌സലോണയിൽ നിന്നു 12 മില്യൺ പൗണ്ടിന് രണ്ടു വർഷത്തെ കരാറിൽ ആണ് താരം ചെൽസിയിൽ എത്തിയത്. ഒരു വർഷം കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥയും ഈ കരാറിൽ ഉണ്ട്. മുൻ ആഴ്‌സണൽ ക്യാപ്റ്റൻ കൂടിയായ 33 കാരൻ ഇനി ലണ്ടനിൽ ചെൽസിയുടെ നീല ജെഴ്‌സിയിൽ കളിക്കും. ഡോർട്ട്മുണ്ടിൽ നിന്നു ആഴ്‌സണലിൽ എത്തിയ താരം ക്ലബിന് എഫ്.എ കപ്പ് നേടി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ആഴ്‌സണലിന് ആയി 92 ഗോളുകൾ നേടിയ താരം കഴിഞ്ഞ ജനുവരിയിൽ ആണ് ബാഴ്‌സലോണയിൽ എത്തുന്നത്.

ഒബമയാങ്

മോശം പെരുമാറ്റത്തിന് പരിശീലകൻ മൈക്കിൾ ആർട്ടെറ്റ താരത്തിന് എതിരെ തിരിഞ്ഞത് ആണ് താരത്തിന്റെ ആഴ്‌സണൽ പുറത്താവലിന് കാരണം. ബാഴ്‌സലോണക്ക് ആയി 24 മത്സരങ്ങളിൽ 13 ഗോളുകൾ നേടിയ ഒബമയാങ് ആ മികവ് തുടരും എന്നാണ് ചെൽസി പ്രതീക്ഷ. ഡോർട്ട്മുണ്ടിൽ ഒബമയാങിന്റെ പരിശീലകൻ ആയിരുന്ന തോമസ് ടൂഹൽ ആണ് നിലവിൽ ചെൽസി പരിശീലകൻ എന്നതും താരത്തിന്റെ കൈമാറ്റം എളുപ്പമാക്കി. ലണ്ടൻ ഡാർബിയിൽ ആഴ്‌സണൽ ആരാധകർ തങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒബമയാങിനെ എങ്ങനെ സ്വീകരിക്കും എന്നു കണ്ടറിയാം.