ലണ്ടൻ ഡാർബിക്ക് മുന്നോടിയായി ഒബമയാങിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ചു ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ഒബമയാങ് മാത്രമല്ല തങ്ങളുടെ താരങ്ങളും മത്സരത്തിന് തയ്യാറാണ് എന്നു പറഞ്ഞ ആർട്ടെറ്റ മത്സരം തുടങ്ങും മുമ്പ് ഏത് താരത്തോട് ചോദിച്ചാലും അത്തരം മറുപടി ആവും ലഭിക്കുക എന്നും കൂട്ടിച്ചേർത്തു. ഒബമയാങിന്റെ മികവിനെ കുറിച്ച് പൂർണ ബോധ്യം ഉണ്ടെന്നു പറഞ്ഞ അദ്ദേഹം കളി നിർത്താൻ ഓബ തീരുമാനിക്കുന്ന അന്ന് വരെ താരം ഗോൾ നേടും എന്നും കൂട്ടിച്ചേർത്തു.

എന്നാൽ ഒബമയാങിനെ നേരിടാൻ പ്രത്യേക തന്ത്രങ്ങൾ ഒന്നും തങ്ങൾ ഒരുക്കുന്നില്ല എന്നു പറഞ്ഞ സ്പാനിഷ് പരിശീലകൻ ചെൽസിയെ നേരിടാൻ ആണ് തങ്ങൾ ഒരുങ്ങുന്നത് എന്നും വ്യക്തമാക്കി. ആഴ്‌സണലിന്റെ ഒബമയാങിന്റെ അവസാന ദിവസങ്ങളിൽ താരവും ആർട്ടെറ്റയും തമ്മിൽ വലിയ പ്രശ്നങ്ങൾ ആണ് ഉടലെടുത്തത്. തുടർന്ന് താരത്തെ ആഴ്‌സണൽ ബാഴ്‌സലോണക്ക് കൈമാറുക ആയിരുന്നു. അതിനു ശേഷം പലതവണ ആർട്ടെറ്റയെ ഒബമയാങ് വിമർശിച്ച് രംഗത്ത് വന്നിരുന്നു. അതിനാൽ തന്നെ ഞായറാഴ്ച നടക്കുന്ന ലണ്ടൻ ഡാർബി ആർട്ടെറ്റ, ഒബമയാങ് പോര് എന്ന നിലയിൽ കൂടിയാണ് ശ്രദ്ധ നേടുന്നത്.