കോട്ടപ്പടിയില്‍ ഇന്ന്  ‘വെടിവെയ്പ്’ അതിര്‍ത്തി രക്ഷാ സേനയും പാരാമിലിറ്ററിയും തമ്മില്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോളില്‍ ഇന്ന് ബദ്ധവൈരികളുടെ പോരാട്ടത്തിനാണ് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം സാക്ഷികളാവുക. അതിര്‍ത്തി കാക്കുന്നവരായ ബിഎസ്എഫും പാരമിലിറ്ററി വിഭാഗമായ സി ആര്‍ പി എഫും തമ്മിലാണ് കൈകരുത്തും കാല്‍ക്കരുത്തും പ്രകടിപ്പിക്കുന്ന മത്സരം. ഇരു ടീമുകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് കുടിപ്പക. പഞ്ചാബ് ടീമുകളായ ഇരുവരുടേയും ആസ്ഥാനം ഡല്‍ഹിയാണ്.

ഒരു കാലത്ത് ബിഎസ്എഫിന്റേയും സിആര്‍പിഎഫിന്റേയും ചീഫുമാര്‍ സഹോദരങ്ങളായിരുന്നു അന്നു തുടങ്ങിയതാണത്രെ ശത്രുത. അത് ഇന്നും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ തുടര്‍ന്നു വരുന്നതാണ്. അതു കൊണ്ടു തന്നെ ഗ്രൗണ്ടില്‍ ഇന്ന് ആംബുലന്‍സുകള്‍ തയ്യറാക്കി നിര്‍ത്തേണ്ടി വരുമെന്നാണ് ഇവരുമായി ബന്ധമുള്ളവര്‍ പറയുന്നത്. ഗോളടിക്കുകയും പരിക്കഭിനയിച്ച് സമയം കളയുന്നതുമാണ് ഇരു ടീമുകളുടേയും തന്ത്രം. ഇത് നോക്കൗട്ട് മത്സരങ്ങളില്‍ ഇരു ടീമുകളും പ്രകടിപ്പിച്ചിരുന്നു.

നിലവിലുള്ള ചാംപ്യന്മാരായ ബിഎസ്എഫ് 25 തവണ ജേതാക്കളായിട്ടുണ്ട്. ആള്‍ ഇന്ത്യാ പോലീസ് ഗെയിംസില്‍ മൂന്ന് തവണ ജേതാക്കളായിട്ടുണ്ട്. മുന്‍ ദേശീയ താരം സൂരജ് ബാന്‍ ഹന്ദയാണ് മാനേജര്‍ സതീന്ദര്‍ വിര്‍ഖ് കോച്ചും. രാമനന്ദ ഹേംബ്രാം,വിശാല്‍, ജിതേന്ദര്‍ റാവത്ത്, ലക്‌വീന്ദര്‍ സിങ്, രജത്കുമാര്‍, ക്യാപ്റ്റന്‍ ബോയ് സിങ്, തല്‍വീന്ദര്‍ സിങ്,ഗോളടിയന്ത്രം അവിനാഷ്ഥാപ്പഎന്നിവര്‍ ടീമിലെ സന്തോഷ് ട്രോഫി താരങ്ങളാണ്.

അതേസമയം 2006ലും 2009ലും റണ്ണേഴ്‌സായിട്ടുള്ള സിആര്‍പിഎഫ് ബിഎസ്എഫിനെതിരെ വെടിയുതിര്‍ക്കാന്‍ കെല്‍പുള്ളവരാണ്. മലയാളി താരവും ഗോള്‍കീപ്പറുമായ മോസസ് ആന്റണി, എസ് ഡി ശ്യാം, എ അമൂമച്ച,അമര്‍ജീത് സിംങ്, രാജേന്ദര്‍ സിങ് എന്നിവര്‍ പഞ്ചാബിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ച താരങ്ങളാണ്. ഇവരെക്കൂടാതെ ഇന്ദ്രര്‍ജിതും ഗുരുലാല്‍ സിങ്ങും അതിര്‍ത്തി പൊട്ടിക്കാന്‍ പ്രാപ്തരാണ്. 2011 ദേശീയ ഗെയിംസിലെ രണ്ടാം സ്ഥാനക്കാരാണ്. ഡി എസ് ഭാട്ടിയാണ് ടീം കോച്ച്. എസ് എച്ച് പ്രേം ഥാപ്പ മാനേജറുമാണ്. 

കടലാസില്‍ നേരിയ മൂന്‍തൂക്കം അതിര്‍ത്തിക്കാര്‍ക്കാണെങ്കിലും പാരാമിലിറ്ററിയുടെ പാരയും മോശമാവില്ലെന്നാണ് നിഗമനം. തീപ്പൊരി ചിതറാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു.  രാത്രി 5ന് ആണ് മത്സരം. ലൂസേഴ്‌സ് ഫൈനലില്‍ കേരളം ഇന്ന് രാവിലെ 7.30ന് സിഐഎസ്എഫിനെ നേരിടും.