Football News in Malayalam ഫുട്ബോൾ വാർത്തകൾ Kerala Blasters Indian Super League ISL Blasters Gokulam Kerala Manchester United Barcelona Real Madrid മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ്
മോഹൻ ബഗാൻ സൂപ്പർ ജയന്റ് തങ്ങളുടെ പുതിയ പരിശീലകനായി സെർജിയോ ലൊബേറ റോഡ്രിഗസിനെ നിയമിച്ചുകൊണ്ട് ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. ജോസ് മോളിനയ്ക്ക് പകരക്കാരനായാണ് ലൊബേറ ടീമിലെത്തുന്നത്. അടുത്തിടെ ഒഡീഷ എഫ്സിയുമായി വേർപിരിഞ്ഞ ലൊബേറ, നവംബർ 25-നാണ് കരാറിൽ ഒപ്പുവെച്ചത്. സീസൺ അവസാനം വരെ ടീമിനെ നയിക്കാൻ അദ്ദേഹം സജ്ജനാണ്.
നവംബർ 30-ന് മറീനേഴ്സിനൊപ്പമുള്ള തന്റെ പരിശീലന സെഷനുകൾ അദ്ദേഹം ആരംഭിക്കും. മുൻ ക്ലബ്ബുകൾക്കൊപ്പം ഐഎസ്എൽ കിരീടവും ഷീൽഡും സൂപ്പർ കപ്പും നേടിയ പരിശീലകൻ ആണ് ലൊബേറ.
ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആൻഫീൽഡിൽ പി.എസ്.വി. ഐന്തോവനോട് 4-1ന് തോറ്റതോടെ ലിവർപൂൾ 70 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനത്തിലേക്ക് കൂപ്പുകുത്തി. ഈ കനത്ത തോൽവിക്ക് ശേഷവും തൻ്റെ ജോലിയിൽ സുരക്ഷിതത്വം തോന്നുന്നു എന്ന് ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് അഭിപ്രായപ്പെട്ടു.
ലിവർപൂളിന്റെ പ്രതിരോധത്തിലെ പിഴവുകളും ടീം ഘടനയിലെ പോരായ്മകളും വീണ്ടും തുറന്നുകാട്ടിയ മത്സരമായിരുന്നു ഇത്. നിരവധി ആരാധകർ ഫൈനൽ വിസിലിന് മുൻപേ കളി കാണാതെ സ്റ്റേഡിയം വിട്ടതോടെ ആൻഫീൽഡിൽ ലിവർപൂൾ കളിക്കാർക്ക് കൂക്കിവിളി നേരിടേണ്ടിവന്നു. ആറാം മിനിറ്റിൽ ഇവാൻ പെരിസിച്ചിൻ്റെ പെനാൽറ്റിയിൽ പി.എസ്.വി. ലീഡ് നേടി. ഡോമിനിക് സൊബോസ്ലായ് സമനില ഗോൾ നേടിയെങ്കിലും, ഗൂസ് ടിൽ, കോഹൈബ് ഡ്രിഓച്ച് എന്നിവർ നേടിയ ഗോളുകളിലൂടെ പി.എസ്.വി. ലീഡ് 4-1 ആയി ഉയർത്തി. കൗണ്ടർ അറ്റാക്കുകളിലൂടെ പി.എസ്.വി. ആതിഥേയരെ പലതവണ തകർത്തെറിഞ്ഞു.
എല്ലാ ടൂർണമെന്റുകളിലുമായി 12 മത്സരങ്ങളിൽ ലിവർപൂളിന്റെ ഒൻപതാമത്തെ തോൽവിയാണിത്. കൂടാതെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ മൂന്നോ അതിലധികമോ ഗോളിന് തോൽക്കുന്നത് 1990-കളുടെ തുടക്കത്തിനു ശേഷം ക്ലബ്ബിന് ആദ്യമാണ്. ഇതോടൊപ്പം, ക്ലബ്ബിന്റെ ഏറ്റവും വലിയ യൂറോപ്യൻ ഹോം തോൽവിയും കഴിഞ്ഞ അഞ്ച് സീസണുകളിലെ ലീഗ് ഘട്ടത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഹോം തോൽവിയും ആണിത്.
കളിക്ക് ശേഷം സംസാരിച്ച സ്ലോട്ട്, ഫലങ്ങൾ തൃപ്തികരമല്ലെന്ന് സമ്മതിച്ചു. എങ്കിലും തനിക്ക് “ക്ലബ് മാനേജ്മെന്റിൽ നിന്ന് വളരെയധികം പിന്തുണയുണ്ട്” എന്നും പുറത്താക്കപ്പെടുന്നതിനെക്കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തൻ്റെ സ്ഥാനത്തേക്കാൾ പ്രകടനങ്ങൾ മെച്ചപ്പെടുത്തുന്നതിലാണ് തൻ്റെ ശ്രദ്ധയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ തകർച്ചയുടെ ഉത്തരവാദിത്തം കളിക്കാരും സ്റ്റാഫും ഒരുപോലെ പങ്കിടണമെന്ന് ആവശ്യപ്പെട്ട ഡച്ച് കോച്ച്, ഇത് “ടീമിനെക്കുറിച്ചാണ്” എന്നും വ്യക്തിഗത കളിക്കാരെ മാത്രം കുറ്റപ്പെടുത്താനുള്ള സമയമല്ലെന്നും വാദിച്ചു.
എങ്കിലും, സ്ലോട്ടിന് മേലുള്ള സമ്മർദ്ദം ശക്തമാണ്. നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ലീഗിൽ താഴെ പകുതിയിലാണ്. കൂടാതെ ദിവസങ്ങൾക്ക് മുൻപ് നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 3-0ന് തോറ്റതുൾപ്പെടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് അവർ വഴങ്ങിയത്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രീക്ക് ചാമ്പ്യന്മാർ ആയ ഒളിമ്പ്യാകാസ് ഉയർത്തിയ വെല്ലുവിളി മറികടന്നു റയൽ മാഡ്രിഡ്. നാലു ഗോളുകളും ആയി തിളങ്ങിയ കിലിയൻ എംബപ്പെയാണ് മാഡ്രിഡിനു 4-3 ന്റെ ത്രില്ലർ ജയം സമ്മാനിച്ചത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കും റയൽ ഉയർന്നു. എട്ടാം മിനിറ്റിൽ പിറകിൽ പോയ റയലിന് ആയി 29 മിനിറ്റിനുള്ളിൽ ഹാട്രിക് നേടുന്ന എംബപ്പെയാണ് മത്സരത്തിൽ കാണാൻ ആയത്.
വിനീഷ്യസ് ജൂനിയർ, ആർദ ഗുലർ, കാമവിങ എന്നിവർ ആണ് എംബപ്പെയുടെ ഗോളുകൾക്ക് അവസരം ഉണ്ടാക്കിയത്. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ മെഹദി തരമിയിലൂടെ ഒരു ഗോൾ കൂടി ഗ്രീക്ക് ടീം മടക്കി. എന്നാൽ 59 മത്തെ മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പാസിൽ തന്റെ നാലാം ഗോൾ നേടിയ ഫ്രഞ്ച് ക്യാപ്റ്റൻ റയൽ മുൻതൂക്കം വീണ്ടും കൂട്ടി. 81 മത്തെ മിനിറ്റിൽ എൽ കാപിയിലൂടെ ഒളിമ്പ്യാകാസ് ഒരു ഗോൾ കൂടി മടക്കിയതോടെ മത്സരം കൂടുതൽ ആവേശമായി. എന്നാൽ തുടർന്ന് ഗോൾ വഴങ്ങാതെ നിന്ന റയൽ പ്രതിരോധം ജയം ഉറപ്പിക്കുക ആയിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ടോട്ടനം ഹോട്‌സ്‌പറിനെ 5-3 എന്ന സ്കോറിന് പരാജയപ്പെടുത്തി പി.എസ്.ജി. സ്വന്തം മൈതാനത്ത് വിറ്റീനിയയുടെ ഹാട്രിക് മികവിൽ ആണ് പാരീസ് ഇംഗ്ലീഷ് ടീമിനെ 8 ഗോൾ ത്രില്ലറിൽ തോൽപ്പിച്ചത്. കരിയറിൽ ആദ്യമായി ആണ് പോർച്ചുഗീസ് താരം ഹാട്രിക് നേടുന്നത്. 35 മത്തെ മിനിറ്റിൽ റിച്ചാർലിസനിലൂടെ ടോട്ടനം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് വിറ്റീനിയയിലൂടെ പാരീസ് മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങി 5 മിനിറ്റിനുള്ളിൽ കൊലോ മുആനിയിലൂടെ ടോട്ടനം മുൻതൂക്കം തിരിച്ചു പിടിച്ചു.
എന്നാൽ 3 മിനിറ്റിനുള്ളിൽ വിറ്റീനിയ വീണ്ടും പാരീസിനെ ഒപ്പം എത്തിച്ചു. 59 മത്തെ മിനിറ്റിൽ ഫാബിയൻ റൂയിസിന്റെ ഗോളിൽ പാരീസ് മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. തുടർന്ന് 65 മത്തെ മിനിറ്റിൽ പാച്ചോ കൂടി ഗോൾ നേടിയതോടെ പാരീസ് ജയം ഉറപ്പിച്ചു. എന്നാൽ 72 മത്തെ മിനിറ്റിൽ കൊലോ മുആനി തന്റെ രണ്ടാം ഗോളിലൂടെ ടോട്ടനത്തിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 76 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കിയ വിറ്റീനിയ പാരീസ് ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന മിനിറ്റുകളിൽ സാവി സിമൻസിന് എതിരായ മോശം ഫൗളിന് ലൂക്കാസ് ഹെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടെങ്കിലും പാരീസ് ജയത്തിനെ അതൊന്നും ബാധിച്ചില്ല. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ പാരീസ് രണ്ടാമതും ടോട്ടനം 16 സ്ഥാനത്തും ആണ്.
അതേസമയം മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ സീസണിൽ ഇത് വരെ പരാജയം അറിയാത്ത ഇന്റർ മിലാനെ 2-1 നു തോൽപ്പിച്ചു. സ്വന്തം മൈതാനത്ത് ഒമ്പതാം മിനിറ്റിൽ യൂലിയൻ അൽവാരസിലൂടെ സ്പാനിഷ് ടീം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ സെലിൻസ്കിയുടെ ഗോളിൽ ഇന്റർ സമനില പിടിച്ചു. സമനില ഉറപ്പിച്ച മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ഗ്രീൻസ്മാന്റെ പാസിൽ നിന്നു ഹോസെ ഹിമനസ് അത്ലറ്റികോക്ക് ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ ഇന്റർ നാലാമതും 3 പോയിന്റ് പിറകിൽ അത്ലറ്റികോ ഒമ്പതാം സ്ഥാനത്തും ആണ്.
തുടർച്ചയായ മൂന്നാം മത്സരത്തിലും മൂന്നിൽ അധികം ഗോളുകൾ വഴങ്ങി പരാജയപ്പെട്ടു ലിവർപൂൾ. 1953 നു ശേഷം ഇത് ആദ്യമായാണ് ലിവർപൂൾ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളുകൾ വഴങ്ങി തോൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്ക് എതിരെ സ്വന്തം മൈതാനം ആയ ആൻഫീൽഡിൽ 4-1 ന്റെ നാണം കെട്ട പരാജയം ആണ് ലിവർപൂൾ ഏറ്റുവാങ്ങിയത്. മത്സരം തീരുന്നതിനു മുമ്പ് ലിവർപൂൾ ആരാധകർ സ്റ്റേഡിയം വിടുന്ന കാഴ്ച ഇന്നും കാണാൻ ആയി. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ലിവർപൂൾ മത്സരത്തിൽ പിന്നിൽ പോയി. വാൻ ഡെയ്കിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഇവാൻ പെരിസിച് ആണ് ഡച്ച് ടീമിനു മത്സരത്തിൽ മുൻതൂക്കം നൽകിയത്. എന്നാൽ 10 മിനിറ്റിനുള്ളിൽ ഡൊമിനിക് സബോസലായിലൂടെ ലിവർപൂൾ മത്സരത്തിൽ ഒപ്പമെത്തി.
ലിവർപൂളിന് ദുസ്വപ്നങ്ങൾ സമ്മാനിച്ച രണ്ടാം പകുതിയാണ് തുടർന്ന് കണ്ടത്. 27 ഷോട്ടുകൾ മത്സരത്തിൽ ഉതിർത്തെങ്കിലും അതൊന്നും ഡച്ച് ടീമിന്റെ പ്രതിരോധം ഒന്നു കൂടി വീഴ്ത്താൻ മതി ആയിരുന്നില്ല. 56 നത്തെ മിനിറ്റിൽ മൗറ ജൂനിയറിന്റെ പാസിൽ നിന്നു മികച്ച ഫിനിഷിലൂടെ ഗുസ് ടിൽ പി.എസ്.വിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് പകരക്കാരൻ ആയി ഇറങ്ങിയ ചൗയിബ് ഡ്രിയൊയച് ആണ് ലിവർപൂൾ പരാജയത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇറങ്ങി മൂന്നു മിനിറ്റിനുള്ളിൽ 73 മത്തെ മിനിറ്റിൽ ഗോൾ നേടിയ 23 കാരനായ മൊറോക്കൻ താരം 91 മത്തെ മിനിറ്റിൽ ഡസ്റ്റിന്റെ പാസിൽ നിന്നു ഗോൾ കണ്ടെത്തി ലിവർപൂൾ നാണക്കേട് പൂർത്തിയാക്കി. ലിവർപൂൾ പരിശീലകൻ ആർണെ സ്ലോട്ടിനു മേൽ ഈ പരാജയം കൂടുതൽ സമ്മർദ്ദം നൽകും എന്നുറപ്പാണ്. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ ലിവർപൂൾ 13 മതും പി.എസ്.വി 15 സ്ഥാനത്തും ആണ്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണികിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ. സീസണിൽ 18 കളികളിൽ പരാജയം അറിയാതെയെത്തിയ ബയേണിനെ സ്വന്തം മൈതാനത്ത് ആധികാരിക പ്രകടനം നടത്തിയാണ് ആഴ്‌സണൽ മറികടന്നത്. പ്രതിരോധത്തിൽ മൊസ്ക്വേര, മൈൽസ് ലൂയിസ് സ്‌കെല്ലി എന്നീ മാറ്റങ്ങളും ആയാണ് ആഴ്‌സണൽ എത്തിയത്. സെറ്റ് പീസുകളിൽ ബയേണിന്റെ മോശം റെക്കോർഡ് മുതലാക്കിയ ആഴ്‌സണൽ 22 മത്തെ മിനിറ്റിൽ മത്സരത്തിൽ മുന്നിലെത്തി. ബുകയോ സാകയുടെ ഒന്നാന്തരം കോർണറിൽ നിന്നു യൂറിയൻ ടിമ്പർ ആഴ്‌സണലിന് ഹെഡറിലൂടെ ആദ്യ ഗോൾ സമ്മാനിച്ചു. എന്നാൽ 10 മിനിറ്റിനുള്ളിൽ ബയേൺ മത്സരത്തിൽ തിരിച്ചെത്തി.
കിമ്മിചിന്റെ മികച്ച ലോങ് ബോളിൽ നിന്നു ഗനാബ്രിയുടെ പാസിൽ നിന്നു 17 കാരനായ ലെനാർട്ട് കാൾ ബയേണിനു സമനില നൽകി. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ആഴ്‌സണൽ വഴങ്ങുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. ബയേണിന്റെ കാലിൽ പന്ത് കൂടുതൽ സമയം ഉണ്ടായിരുന്നു എങ്കിലും അവർക്ക് വലിയ അവസരങ്ങൾ ഒന്നും തുറക്കാൻ ആയില്ല. ആദ്യ പകുതിയിൽ ട്രൊസാർഡ് പരിക്കേറ്റ് പോയത് ആണ് ആഴ്‌സണലിന് ഏറ്റ ഏക തിരിച്ചടി. രണ്ടാം പകുതിയിൽ ഏതാണ്ട് പൂർണമായും ആഴ്‌സണൽ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. 69 മത്തെ മിനിറ്റിൽ ആഴ്‌സണൽ മത്സരത്തിൽ പകരക്കാരൻ നോനി മദുയെകയിലൂടെ മത്സരത്തിൽ വീണ്ടും മുന്നിലെത്തി. ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ ആയിരുന്നു ഇംഗ്ലീഷ് താരത്തിന് ഇത്.
കളത്തിൽ ഇറങ്ങി തൊട്ടടുത്ത നിമിഷം തന്നെ മികച്ച ക്രോസിലൂടെ ഈ ഗോളിന് അവസരം ഉണ്ടാക്കിയത് റിക്കാർഡോ കാലഫിയോരി ആയിരുന്നു. 77 മത്തെ എസെ മറിച്ചു നൽകിയ പന്ത് കയറി വന്ന മാനുവൽ ന്യൂയറെ മറികടന്നു ഗോളാക്കി മാറ്റിയ മറ്റൊരു പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണൽ ജയം ഉറപ്പിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന നാലാം മത്സരത്തിൽ മാർട്ടിനെല്ലി നേടുന്ന നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്നും ആക്രമണം തുടർന്ന ആഴ്‌സണൽ കൂടുതൽ ഗോളുകൾ നേടാത്തത് നിർഭാഗ്യം കൊണ്ടായിരുന്നു. മധ്യനിര അനായാസം ഭരിച്ച ഡക്ലൻ റൈസ് ആയിരുന്നു മത്സരത്തിലെ താരം. പരിക്കിൽ നിന്നു മോചിതനായി ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് കളത്തിൽ ഇറങ്ങുന്നതും ഇന്ന് കണ്ടു. നിലവിൽ 5 ഗ്രൂപ്പ് മത്സരവും ജയിച്ച ആഴ്‌സണൽ 15 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആണ്. ആദ്യ പരാജയം അറിഞ്ഞ ബയേൺ മൂന്നാം സ്ഥാനത്തും.
സാൻ്റോസിനായി കളിക്കുന്നതിനിടെ ഇടത് കാൽമുട്ടിലെ മെനിസ്കസ് ലിഗമെൻ്റിന് ഗുരുതരമായി പരിക്കേറ്റതിനാൽ നെയ്മർക്ക് 2025-ലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാവില്ല. ഈ പരിക്ക് കാരണം അദ്ദേഹത്തിന് ശസ്ത്രക്രിയയും നീണ്ട വിശ്രമവും ആവശ്യമാണ്. മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ സാൻ്റോസ് നിലവിൽ തരംതാഴ്ത്തൽ മേഖലയിലാണ്, അതുകൊണ്ട് നെയ്മറിൻ്റെ അഭാവം ടീമിനെ കാര്യമായി ബാധിക്കും.
ഈ പരിക്ക് 2026 ലോകകപ്പിൽ നെയ്മറിൻ്റെ പങ്കാളിത്തത്തെക്കുറിച്ച് വലിയ സംശയങ്ങൾ ഉയർത്തുന്നുണ്ട്. കാരണം, ലോകകപ്പിന് മുൻപ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സാധ്യതകൾ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.
2025-ൽ ഹാംസ്ട്രിംഗ് പരിക്കും മറ്റ് പേശീ സംബന്ധമായ പ്രശ്നങ്ങളും ഉൾപ്പെടെ നിരവധി ശാരീരിക ബുദ്ധിമുട്ടുകൾ കാരണം നെയ്മർക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. ബ്രസീൽ ദേശീയ ടീം കോച്ച് കാർലോ ആഞ്ചലോട്ടി ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസ് തെളിയിക്കാൻ നെയ്മറിന് ആറ് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ, ഈ പുതിയ പരിക്ക് കാരണം ആ ലക്ഷ്യം കൈവരിക്കാൻ താരത്തിന് കഴിയാതെ വരും.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എതിരാളിയെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് ചുവപ്പ് കാർഡ് ലഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരങ്ങൾ നഷ്ട്മാകും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ താരത്തിന് ലോകകപ്പിൽ വിലക്ക് ഉണ്ടാകില്ല.
റൊണാൾഡോയ്ക്ക് ഫിഫ മൂന്ന് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും, അതിൽ രണ്ട് മത്സരങ്ങൾ ഒരു വർഷത്തെ പ്രൊബേഷനോടെ മാറ്റിവെച്ചു. പോർച്ചുഗലിന്റെ അർമേനിയയ്‌ക്കെതിരായ അവസാന യോഗ്യതാ മത്സരത്തിൽ നിന്ന് വിട്ടുനിന്നതിലൂടെ ഒരു മത്സരത്തിലെ നിർബന്ധിത വിലക്ക് താരം ഇതിനകം പൂർത്തിയാക്കി.
റൊണാൾഡോ അടുത്ത ഒരു വർഷത്തിനുള്ളിൽ സമാനമായ കുറ്റകൃത്യം ചെയ്താൽ മാത്രമേ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെ വിലക്ക് പ്രാബല്യത്തിൽ വരികയുള്ളൂ. അതുകൊണ്ട് തന്നെ 2026 ജൂൺ 11-ന് യു.എസ്.എ., കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ലോകകപ്പിൽ പോർച്ചുഗലിനായി റൊണാൾഡോ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മലപ്പുറം: യുവ പരിശീലകൻ ഷരീഫ് ഖാനെ ടീമിൻറെ ടെക്നികൽ അഡ്വൈസറായി നിയമിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. കളിക്കാരനായും പരിശീലകനായും മികച്ച അനുഭവസമ്പത്തുള്ള ഷരീഫ് ഖാൻ ക്ലബ്ബിന്റെ ഫുട്ബോൾ ഘടനയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകും. ഏഎഫ്സി എ കോച്ചിങ് ലൈസൻസ് ഉടമയായ ഇദ്ദേഹം മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. സാങ്കേതിക ഉപദേഷ്ടാവെന്ന നിലയിൽ പ്ലെയർ ഡെവലപ്മെന്റിലും പരിശീലന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും ഷെരീഫ് ഖാൻ നിർണായക പങ്ക് വഹിക്കും.
2015 മുതൽ പരിശീലകനായുള്ള യാത്ര ആരംഭിച്ച ഷെരീഫ് ഖാൻ ഗോകുലം കേരള എഫ്‌സിയുടെ പുരുഷ-വനിതാ ടീമുകളുടെയും റിസർവ്വ് ടീമിന്റെയും പരിശീലകനായിട്ടുണ്ട്. കൂടാതെ കേരള യുനൈറ്റഡ് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം, സേതു എഫ്‌സി തുടങ്ങിയ പ്രമുഖ ക്ലബുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഗോകുലം കേരളയുടെ കൂടെ 2018–19 സീസൺ ഇന്ത്യൻ വുമൺസ് ലീഗും 2020–21 സീസൺ ഐ-ലീഗും അദ്ദേഹം നേടിയിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ പരാജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എവർട്ടൺ മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-0 എന്ന സ്കോറിന് തോൽപ്പിച്ചു. സ്വന്തം ഹോം ഗ്രൗണ്ടിന്റെയോ എതിരാളികൾക്ക് ഒരാൾ കുറവാണെന്നതിന്റെയോ മുൻതൂക്കം മുതലാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല.
ഇന്ന് മത്സരം ആരംഭിച്ച് 13ആം മിനുറ്റിൽ എവർട്ടൺ താരങ്ങളായ മൈക്കിൾ കീനും ഇദ്രിസ ഗയയും തമ്മിലുണ്ടായ പ്രശ്നം കയ്യാങ്കളിയിൽ എത്തി. ഇദ്രിസ ഗയെ കീനിനെ മുഖത്ത് അടിച്ചതിന് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയി. എന്നാൽ 10 പേരായി ചുരുങ്ങിയിട്ടും എവർട്ടണ് നന്നായി കളിച്ചു. 29ആം മിനുറ്റിൽ ഡ്യൂസ്ബറി ഹാളിലൂടെ എവർട്ടൺ ലീഡ് എടുക്കുകയും ചെയ്തു.
ഇതിനു ശേഷം എവർട്ടൺ ഡിഫൻസിലേക്ക് നീങ്ങി. യുണൈറ്റഡിന് തുറന്ന അവസരങ്ങൾ നൽകാതെ പിടിച്ചു നിർത്താൻ എവർട്ടണായി. രണ്ടാം പകുതിയിൽ യുണൈറ്റഡ് നിരവധി മാറ്റങ്ങൾ വരുത്തി എങ്കിലും സമനില ഗോൾ അകന്നു നിന്നു. ലോംഗ് റേഞ്ച് എവേർട്ടുകൾ ഉൾപ്പെടെ നല്ല സേവുമായി പിക്ക്ഫോർഡും എവർട്ടണായി മികച്ചു നിന്നു.
ഈ പരാജയം യുണൈറ്റഡിന്റെ അഞ്ച് മത്സരങ്ങൾ ആയുള്ള അപരാജിത കുതിപ്പിന് അവസാനം കുറിച്ചു. അവർ ഇപ്പോൾ ലീഗിൽ 18 പോയിന്റുമായി 10ആം സ്ഥാനത്താണ്. ഇതേ പോയിന്റുള്ള എവർട്ടൺ 11ആം സ്ഥാനത്തും നിൽക്കുന്നു.
കോഴിക്കോട്: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്സി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് സെമി ഉറപ്പിച്ചത്. ജോനാഥൻ പെരേര, മുഹമ്മദ് അജ്സൽ, ഫെഡറിക്കോ ബുവാസോ എന്നിവർ കാലിക്കറ്റിനായി സ്കോർ ചെയ്തു. മലപ്പുറത്തിന്റെ ആശ്വാസ ഗോൾ എയ്തോർ അൽഡലിറിന്റെ ബൂട്ടിൽ നിന്ന്. മത്സരത്തിൽ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗത്തിന് ചുവപ്പ് കാർഡ് ലഭിച്ചു. എട്ട് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കാലിക്കറ്റ് 17 പോയന്റുമായി ഒന്നാമതാണ്. 10 പോയന്റുള്ള മലപ്പുറം നാലാമത്.
ഒൻപതാം മിനിറ്റിൽ കോർണറിൽ നിന്നുള്ള പന്ത് ഗോളാക്കി മാറ്റാൻ മലപ്പുറം ക്യാപ്റ്റൻ ഹക്കുവും പിന്നാലെ ബദറും ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. പന്ത്രണ്ടാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് നേടി. റിട്ടേൺ ബോൾ പിടിച്ചെടുത്ത് അർജന്റീനക്കാരൻ ജോനാഥൻ പെരേര പറത്തിയ ലോങ് റേഞ്ചർ പോസ്റ്റിലേക്ക് കയറുമ്പോൾ മലപ്പുറത്തിന്റെ യുവ ഗോൾ കീപ്പർ ജസീമിന്റെ മുഴുനീള ഡൈവിന് പോലും ഗോൾ തടയാനായില്ല (1-0).
ആദ്യ പകുതിയിൽ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗം, എൽ ഫോർസി, ഇർഷാദ് എന്നിവർക്കും കാലിക്കറ്റിന്റെ ജോനാഥൻ പെരേരക്കും മഞ്ഞക്കാർഡ് ലഭിച്ചു. നാല്പതാം മിനിറ്റിൽ ആസിഫിന്റെ ഷോട്ട് മലപ്പുറം ഗോളി തടുത്തിട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മലപ്പുറം ഇഷാൻ പണ്ഡിത, എയ്തോർ അൽഡലിർ എന്നിവരെ കൊണ്ടുവന്നു. അൻപത്തിനാലാം മിനിറ്റിൽ റോഷലിനെ ഫൗൾ ചെയ്ത ഗനി അഹമ്മദ് നിഗം രണ്ടാം മഞ്ഞക്കാർഡും ചുവപ്പും വാങ്ങി കളം വിട്ടു.
അറുപതാം മിനിറ്റിൽ എൽ ഫോർസിയുടെ ഗോളുറച്ച പാസ് ഇഷാൻ പണ്ഡിത അടിച്ചത് കാലിക്കറ്റ് ഗോൾ കീപ്പർ ഹജ്മലിന്റെ കാലിലേക്കായിരുന്നു. പിന്നാലെ കാലിക്കറ്റ് ബ്രൂണോ കൂഞ്ഞ, അരുൺ കുമാർ എന്നിവർക്ക് അവസരം നൽകി. എൺപതാം മിനിറ്റിൽ മലപ്പുറം സമനില പിടിച്ചു. ഫ്രീകിക്ക് ഗോളാക്കി മാറ്റിയത് പകരക്കാരനായി എത്തിയ നായകൻ എയ്തോർ അൽഡലിർ (1-1). കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ മുഹമ്മദ് അജ്സലിന്റെ ഹെഡ്ഡർ കാലിക്കറ്റിന് വീണ്ടും ലീഡ് നൽകി (2-1). ലീഗിൽ അജ്സൽ ആറ് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്ത് തുടരുന്നു. ഇഞ്ചുറി സമയത്ത് ഫെഡറിക്കോ ബുവാസോ നേടിയ ഗോൾ കാലിക്കറ്റിന്റെ വിജയം ആധികാരികമാക്കി (3-1). 34173 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.
മഞ്ചേരിയിൽ നടന്ന ആദ്യപാദത്തിൽ മലപ്പുറവും കാലിക്കറ്റും മൂന്ന് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.
വ്യാഴാഴ്ച (നവംബർ 27) ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ മലപ്പുറം എഫ്സിയുടെ ഇടക്കാല മുഖ്യ പരിശീലകനായി ക്ലിയോഫാസ് അലക്‌സിനെ ക്ലബ് മാനേജ്മെന്റ് ചുമതലപെടുത്തി. നിലവിൽ എംഎഫ്സിയുടെ സഹ പരിശീലകൻ കൂടിയാണ് അദ്ദേഹം. ഹെഡ് കോച്ച് മിഗ്വേൽ കോറൽ ടൊറൈറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടർന്നാണ് ക്ലബ് ക്ലിയോഫാസ് അലക്സിനെ താൽക്കാലിക മുഖ്യ പരിശീലകനായി നിയമിച്ചത്.
ആദ്യ സീസണിലും അസിസ്റ്റന്റ് കോച്ചായി മലപ്പുറത്തിനൊപ്പമുണ്ടായിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന് ടീമിന്റെ ഘടനയെ കുറിച്ച് വ്യക്തമായ പ്ലാനുകളുണ്ടാവും. തിരുവനന്തപുരം സ്വദേശിയായ ക്ലിയോഫസ് അലക്സ് ഐ-ലീഗ് രണ്ടാം ഡിവിഷനിൽ സാറ്റ് തിരൂരിനെ പരിശീലിപിച്ചിട്ടുണ്ട്. ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്.സിയുടെ ടെക്നികൽ ഡയറക്ടറും റിസർവ് ടീമിന്റെ മുഖ്യ പരിശീലകനും കൂടിയായിരുന്നു.