ആദ്യ മിനുറ്റിൽ ഗോൾ വഴങ്ങി, പിന്നെ തിരിച്ചടിച്ചു!! ബാഴ്‌സലോണ പോയിന്റ് പട്ടികയിൽ ഒന്നാമത്


സ്‌പോട്ടിഫൈ കാമ്പ് നൗവിൽ നടന്ന ലാ ലിഗ പോരാട്ടത്തിൽ ആലവേസിനെ 3-1ന് തകർത്ത് ബാഴ്‌സലോണ ലീഗ് പട്ടികയിൽ 34 പോയിന്റുമായി താൽക്കാലികമായി ഒന്നാം സ്ഥാനത്ത് എത്തി. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പാബ്ലോ ഇബാനെസിലൂടെ ആലവേസ് ലീഡ് നേടിയതോടെ, ഒരു ഞെട്ടലോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ റഫീഞ്ഞയുടെ അസിസ്റ്റിൽ ലാമിൻ യമാൽ 8-ാം മിനിറ്റിൽ ഗോൾ നേടി ബാഴ്സലോണയ്ക്ക് സമനില നൽകി.

26-ാം മിനിറ്റിൽ ഡാനി ഓൾമോ നിർണായകമായ ഗോൾ കൂടി നേടിയതോടെ ആതിഥേയർ മത്സരത്തിൽ മുന്നിലെത്തി. ഈ ഗോളും റഫീഞ്ഞയുടെ അസിസ്റ്റ് ആയിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ബാഴ്‌സലോണ നിയന്ത്രിച്ചു, സമ്മർദ്ദം നിലനിർത്തുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ മാർക്കസ് റാഷ്‌ഫോർഡ്, ജൂൾസ് കൗണ്ടെ, പെഡ്രി, ഫെറാൻ ടോറസ് എന്നിവരെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് ടീമിന്റെ ആധിപത്യം നിലനിർത്താൻ പ്രധാന പങ്ക് വഹിച്ചു.

ആലവേസ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും, ഇഞ്ചുറി ടൈമിൽ (90+3′) ഡാനി ഓൾമോ നേടിയ രണ്ടാം ഗോളിലൂടെ ബാഴ്സലോണ 3-1ന്റെ അന്തിമ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ലാ ലിഗ സ്റ്റാൻഡിംഗിൽ ബാഴ്‌സലോണ 34 പോയിന്റുമായി ഒന്നാമതെത്തി, 32 പോയിന്റുകളുള്ള റയൽ മാഡ്രിഡിനെക്കാൾ ഒരു മത്സരം കൂടുതൽ ബാഴ്സലോണ കളിച്ചിട്ടുണ്ട്.

ഇഞ്ച്വറി സമയത്ത് ജയിച്ചു കയറി ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ജയം കണ്ടു
ബയേൺ മ്യൂണിക്. ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിന് എതിരായ പരാജയത്തിന് ശേഷം കളിക്കാൻ ഇറങ്ങിയ ബയേണിനെ സെന്റ് പൗളി തുടക്കത്തിൽ തന്നെ ഞെട്ടിച്ചു. ആറാം മിനിറ്റിൽ ആന്ദ്രസിന്റെ ഗോളിൽ ബയേൺ മത്സരത്തിൽ പിറകിൽ പോയി. തുടർന്ന് നിരന്തരം ആക്രമിക്കുന്ന ബയേണിനെ ആണ് മത്സരത്തിൽ കണ്ടത്. 44 മത്തെ മിനിറ്റിൽ ബയേണിന്റെ സമനില ഗോൾ പിറന്നു.

ലൂയിസ് ഡിയാസിന്റെ പാസിൽ നിന്നു റാഫേൽ ഗുരേയിരോ ആണ് അവരുടെ സമനില ഗോൾ നേടിയത്. തുടർന്നു വിജയഗോളിന് ആയുള്ള ബയേണിന്റെ ശ്രമങ്ങൾ 90 മിനിറ്റും കടന്നു. 93 മത്തെ മിനിറ്റിൽ ഒടുവിൽ കിമ്മിച്ചിന്റെ ക്രോസിൽ നിന്നു മികച്ച ഗോളിലൂടെ ലൂയിസ് ഡിയാസ് ബയേണിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. തുടർന്ന് സമനില ഗോളിനായി എതിർ ടീം ഗോൾ കീപ്പർ കയറി വന്നത് മുതലാക്കിയ നിക്കോളാസ് ജാക്സൻ 96 മത്തെ മിനിറ്റിൽ ബയേണിന്റെ 3-1 ന്റെ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗിൽ ഇപ്പോൾ ബഹുദൂരം മുന്നിലാണ് ബയേൺ.

ലീഡ്‌സ് യുണൈറ്റഡിന്റെ തിരിച്ചുവരവും മറികടന്ന് മാഞ്ചസ്റ്റർ സിറ്റി ജയം


ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 3-2ന്റെ ആവേശകരമായ വിജയം. ഫിൽ ഫോഡൻ ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി സിറ്റിക്ക് മുൻതൂക്കം നൽകി കൊണ്ടാണ് മത്സരം ആരംഭിച്ചത്. 25-ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. സിറ്റി സുഖമായി ജയിക്കും എന്ന് കരുതി എങ്കിലും ലീഡ്സ് തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ ഡൊമിനിക് കാൽവെർട്ട്-ലെവിൻ ലീഡ്‌സിനായി ഒരു ഗോൾ കൂടി നേടിയതോടെ സ്കോർ 2-1 ആയി. 68-ാം മിനിറ്റിൽ ലൂക്കാസ് നെമെച്ച ഗോൾ നേടി സ്കോർ സമനിലയിലാക്കി. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും, ഇഞ്ചുറി ടൈമിൽ (90+1 മിനിറ്റ്) ഫിൽ ഫോഡൻ വിജയഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശകരമായ വിജയം ഉറപ്പാക്കി.


കണ്ണൂരിന് വേണം കൂടുതല്‍ സൗകര്യങ്ങളുള്ള സ്‌റ്റേഡിയം

കണ്ണൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ ഫുട്ബോള്‍ ഉത്സവത്തെ മനസ്സറിഞ്ഞ് വരവേറ്റ് കണ്ണൂര്‍. മൂന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ അഞ്ച് ഹോം മത്സരങ്ങളില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. പലര്‍ക്കും ഇത് ഒരു മത്സരം മാത്രമല്ലായിരുന്നില്ല; ഒരു ഓര്‍മ്മയുടെ മടങ്ങിവരവും, ഒരു സംസ്‌കാരത്തിന്റെ പുനര്‍ജന്മവുമായിരുന്നു. ആദ്യ സീസണില്‍ ഹോം ഗ്രൗണ്ടില്ലാതെ കോഴിക്കോട് പന്ത് തട്ടിയ കണ്ണൂര്‍ വാരിയേഴ്സിനെ രണ്ടാം സീസണില്‍ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു കണ്ണൂരിലെ ഫുട്ബോള്‍ ആരാധകര്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 66,596 പേരാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്. 15,000 പേര്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഗ്യാലറിയില്‍ എല്ലാ മത്സരങ്ങള്‍ക്കും 13,319 ശരാശരി ആരാധകര്‍ ഉണ്ടായിരുന്നു. ചില മത്സരങ്ങളില്‍ ആവേശം തല്ലിക്കെടുത്താന്‍ മഴയുണ്ടായെങ്കിലും കാല്‍പന്തിനെ നെഞ്ചിലേറ്റിയ കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അതൊന്നും പ്രശ്‌നമല്ലായിരുന്നു. കോരിചൊരിയുന്ന മഴയത്തും ഫുട്‌ബോളിനോടും കണ്ണൂരിനോടുമുള്ള സ്‌നേഹം നെഞ്ചോട് ചേര്‍ത്ത് സ്വന്തം ടീമിന് പിന്തുണനല്‍കി ആരാധകര്‍. ഫുട്‌ബോള്‍ വീണ്ടും ഈ മണ്ണിലേക്ക് മടങ്ങിയെത്തിയതോടെ, ഫുട്‌ബോളും ആരാധകരും തമ്മിലുള്ള അത്മബന്ധം വീണ്ടും ഉറപ്പിക്കപ്പെടുകയാണ്. ഫുട്‌ബോള്‍ ഇവിടെ വെറുമൊരും കായിക ഇനം മാത്രമല്ല, വികാരവും, ഐക്യത്തിന്റെ ഭാഷയുമാണ്.

വാരിയേഴ്‌സ് ഒരുക്കിയ സൗകര്യങ്ങള്‍

ജവഹര്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ നടത്താന്‍ വേണ്ടി ഒരുക്കിയത് താല്‍കാലിക അടിസ്ഥാന സൗകര്യങ്ങള്‍. രാത്രി മത്സരങ്ങള്‍ നടത്താന്‍ വേണ്ടി താല്‍കാലിക ലൈറ്റുകളും സ്റ്റാന്‍ഡുകളും ഒരുക്കി. കളിക്കാര്‍ക്കുള്ള ഡ്രസ്സിംങ് റൂം, ബയോ ടോയ്‌ലറ്റുകള്‍, മെഡിക്കല്‍ റൂം, ഓഫീസ് റൂം തുടങ്ങിയവയെല്ലാം താല്‍കാലികമായി ഒരുക്കിയതാണ്. ഇതെല്ലാം മത്സര ശേഷം പൊളിച്ച് മാറ്റും. അതോടൊപ്പം സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ മുഴുവനായി പെയ്ന്റിംങ് ചെയ്തു. മത്സരത്തിന് ആവശ്യമായ രീതിയില്‍ ഗ്രൗണ്ടില്‍ പുല്ല് വെച്ച് പിടിപ്പിച്ചു. മത്സര ശേഷം സ്റ്റേഡിയം കേരള ഫുട്‌ബോള്‍ അസോസിയേഷന് കൈമാറും. തുടര്‍ന്നുള്ള പരിപാലനം കെ.എഫ്.എ നടത്തും.

സ്റ്റേഡിയത്തില്‍ വേണ്ട സൗകര്യങ്ങള്‍

പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ണൂരിലേക്ക് മടങ്ങിയെത്താന്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിരവധി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കാത്ത ഈസ്റ്റ് ഗ്യാലറി ആരാധകര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള മാറ്റേണ്ടതുണ്ട്. സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ നിരവധി ഫുട്‌ബോള്‍ ആരാധകരാണ് മത്സരം കാണാനായി എത്തി സ്‌റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ തിരിച്ചു പോയത്. കണ്ണൂരില്‍ നിരവധി ഫുട്‌ബോള്‍ ആരാധകരുണ്ടെങ്കിലും എല്ലാവര്‍ക്കും ഒന്നിച്ചിരുന്ന് മത്സരം കാണാന്‍ സാധിക്കുന്ന സ്‌റ്റേഡിയം കണ്ണൂരിലില്ല. കളിക്കാര്‍ക്കുള്ള ഡ്രസ്സിംങ് റുമുകള്‍, ആവശ്യമായ ടോയ്‌ലറ്റുകള്‍, മെഡിക്കല്‍ റൂം, ഓഫീസ് റൂം തുടങ്ങിയ എല്ലാ സംവിധാനങ്ങള്‍ സ്‌റ്റേഡിയത്തില്‍ നിര്‍മ്മിക്കേണ്ടതുണ്ട്. രാത്രി മത്സരം നടത്തുന്നതിന് വേണ്ട സ്ഥിരമായ ഫ്‌ളഡ് ലൈറ്റിനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. അതിനുള്ള ചര്‍ച്ചകള്‍ കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയുമായി കണ്ണൂര്‍ വാരിയേഴ്‌സ് ആരംഭിച്ചിട്ടുണ്ട്.

കണ്ണൂരില്‍ ഫുട്‌ബോള്‍ ആവേശം തിരികെ കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷം. വരും വര്‍ഷങ്ങളില്‍ കാണികള്‍ക്ക് മികച്ച രീതിയില്‍ കളി ആസ്വദിക്കാന്‍ മാനേജ്‌മെന്റ് സൗകര്യമൊരുക്കും. നാല് മാസം മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല കണ്ണൂര്‍ വാരിയേഴ്‌സിന്റെ പ്രവര്‍ത്തനം. കേരളത്തിന് മാതൃകയാകുന്ന രീതിയില്‍ കണ്ണൂരില്‍ ഫുട്‌ബോള്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് ക്ലബ് ശ്രമിക്കുന്നത്

ഡോ. എം.പി. ഹസ്സന്‍ കുഞ്ഞി
ചെയര്‍മാന്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി

സൂപ്പര്‍ ലീഗ് കേരളയിലൂടെ കണ്ണൂര്‍ ഫുട്‌ബോളിന് ഉണര്‍വ് നല്‍ക്കാന്‍ കണ്ണൂര്‍ വാരിയേഴ്‌സിനായി. ഈ ഫുട്‌ബോള്‍ ആവേശം മുന്നോട്ട് കൊണ്ടു പോകാന്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ വിവിധ പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്. കണ്ണൂരിലെ ഫുട്‌ബോള്‍ പ്രതാപത്തെ വീണ്ടെടുക്കുകയാണ് ലക്ഷ്യം.

പരിക്ക് അവഗണിച്ച് ഇറങ്ങിയ നെയ്മറിന് ഗോളും അസിസ്റ്റും: സാന്റോസ് റിലഗേഷൻ സോണിൽ നിന്ന് കരകയറി


2025 നവംബർ 29-ന് സീരി എ-യിൽ നടന്ന മത്സരത്തിൽ സ്പോർട് റെസിഫെക്കെതിരെ സാന്റോസ് 3-0ന്റെ നിർണ്ണായക വിജയം സ്വന്തമാക്കി. ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും കളിക്കാൻ ഇറങ്ങിയ നെയ്നർ 25-ാം മിനിറ്റിൽ ഗോൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്ത കളിയിലെ താരമായി. ജൊവാവോ ഷ്മിത്തും ഒപ്പം ലൂക്കാസ് കലിന്റെ സെൽഫ് ഗോളും ഹോം ടീമിന് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുകൾ നേടിയ സാന്റോസ്, അവസാന രണ്ട് മത്സരങ്ങൾക്ക് മുമ്പ് തരംതാഴ്ത്തൽ മേഖലയിൽ നിന്ന് കരകയറി.
ഇടത് കാൽമുട്ടിലെ പരിക്ക് കാരണം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോക്ടർമാർ ഉപദേശിച്ചിട്ടും, നിർബന്ധമായും ജയിക്കേണ്ട ഈ മത്സരത്തിൽ നെയ്മർ തന്റെ ക്ലബ്ബിനായി കളിക്കാനിറങ്ങുകയായിരുന്നു.


സാന്റോസിന് ഇത് ഒരു വഴിത്തിരിവാണ്. നെയ്മറുടെ ഈ കളിക്കാനുള്ള തീരുമാനം വലിയ വിജയമാണ് നൽകിയിരിക്കുന്നത്, ഈ വിജയം തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് ആവശ്യമായ ഊർജ്ജം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

നിർണ്ണായക പോരാട്ടത്തിൽ കൊമ്പൻസിനെ നേരിടാനൊരുങ്ങി മലപ്പുറം എഫ് സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ സെമി-ഫൈനൽ സ്ഥാനം ഉറപ്പിക്കാനായി മലപ്പുറവും തിരുവനന്തപുരവും ഏറ്റുമുട്ടുന്നു. ഈ കളിയിൽ വിജയിക്കുന്ന ടീമിനായിരിക്കും കൂടുതൽ മുൻതൂക്കം. അത് കൊണ്ട് തന്നെ ഇരു ടീമുകളും തമ്മിൽ വാശിയേറിയ പോരാട്ടമായിരിക്കും തലസ്ഥാനത്ത് നടക്കാൻ പോകുന്നത്. നവംബർ 30 ഞായറാഴ്ച വൈകീട്ട് 7.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലാണ് മത്സരം.

കൊമ്പൻസും മലപ്പുറവും ഏറ്റുമുട്ടിയപ്പോഴെല്ലാം സമനിലയായിരുന്നു മത്സരം അവസാനിച്ചത്.
ആദ്യ സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു. തിരുവനന്തപുരത്ത് നടന്ന കളി 1-1, പയ്യനാട് നടന്ന കളി 2-2 എന്നിങ്ങനെയായിരുന്നു ഫലം. ഈ സീസണിലെ ആദ്യ പാദവും 1-1 സമനിലയിലാണ് അവസാനിച്ചത്. പക്ഷെ ഇത്തവണ സെമിയിലേക്ക് മുന്നേറണമെങ്കിൽ ഒരു സമനിലയ്ക്കപ്പുറം മലപ്പുറത്തിന് ജയം നിർബന്ധമാണ്.

നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 11 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കൊമ്പൻസുള്ളത്, മലപ്പുറമാണെങ്കിൽ എട്ട് മത്സരങ്ങളിൽ 10 പോയിന്റോടെ തൊട്ട് പിന്നിൽ നാലാം സ്ഥാനത്താണ്. കാലിക്കറ്റ് എഫ്‌സിയും തൃശൂർ മാജിക്കും ഇതിനകം സെമിഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായാണ് മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ എന്നീ ടീമുകൾ പോരാടുന്നത്.

ചെൽസി കിരീട പോരാട്ടത്തിൽ ഉള്ള ടീം ആണ് എന്ന് അർട്ടെറ്റ


ഞായറാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന നിർണായക പോരാട്ടത്തിന് മുന്നോടിയായി, പ്രീമിയർ ലീഗ് കിരീട പോരാളികളായി ചെൽസിയെ അംഗീകരിക്കുന്നു എന്ന് ആർസനൽ പരിശീലകൻ മൈക്കൽ ആർട്ടെറ്റ തുറന്നു സമ്മതിച്ചു. ടോട്ടൻഹാമിനും ബയേൺ മ്യൂണിക്കിനും എതിരായ ശ്രദ്ധേയമായ വിജയങ്ങൾക്ക് ശേഷം ആറ് പോയിന്റ് ലീഡുമായി ആർസനൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും, ചെൽസിയുടെ സമീപകാല ഫോമും ശക്തമായ സ്ക്വാഡ് നിലവാരവും ആർട്ടെറ്റ എടുത്തുപറഞ്ഞു.

കിരീട പോരാളികളായി പരിഗണിക്കാൻ ചെൽസിക്ക് “പൂർണ്ണമായും അർഹതയുണ്ട്” എന്നും അദ്ദേഹം പറഞ്ഞു. ചെൽസിയുടെ ഒഴുക്കുള്ള കളിരീതി, വ്യക്തിഗത മികവുകൾ, പരിശീലകൻ എൻസോ മാരെസ്കയുടെ കീഴിലുള്ള വ്യക്തമായ സമീപനം എന്നിവയെ ആർട്ടെറ്റ പ്രശംസിച്ചു.


ഈ ലണ്ടൻ ഡെർബിക്ക് ആഴ്സണൽ പൂർണ്ണ സജ്ജമാണെന്ന് ആർട്ടെറ്റ വ്യക്തമാക്കി. കടുത്ത വെല്ലുവിളിയുള്ള ഈ മത്സരം, തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ആർസനലിന്റെ അവസരം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ മൂന്ന് ലീഗ് വിജയങ്ങളുടെയും ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്‌ക്കെതിരെ നേടിയ 3-0ന്റെ മികച്ച വിജയത്തിന്റെയും ആത്മവിശ്വാസത്തിലാണ് ചെൽസി എത്തുന്നത്. സീസണിന്റെ തുടക്കത്തിൽ നേരിട്ട തിരിച്ചടികളിൽ നിന്നുള്ള അവരുടെ തിരിച്ചുവരവിനാണ് ഇത് സൂചന നൽകുന്നത്.

തോൽവിയോടെ കണ്ണൂരിന്റെ സെമി സാധ്യത തുലാസിൽ

കണ്ണൂർ: ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ തോൽവി വഴങ്ങിയ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയുടെ സെമി ഫൈനൽ സാധ്യത തുലാസിൽ. അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുടെ ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കാലിക്കറ്റ്‌ എഫ്‍സിയാണ് 2-1 ന് കണ്ണൂർ വാരിയേഴ്‌സിനെ തോൽപ്പിച്ചത്. ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റിനായി സെബാസ്റ്റ്യൻ റിങ്കൺ, മുഹമ്മദ്‌ ആഷിഖ് എന്നിവരും കണ്ണൂരിനായി പെനാൽറ്റിയിലൂടെ നായകൻ അഡ്രിയാൻ സെർഡിനറോയും സ്കോർ ചെയ്തു.

ഒൻപത് കളികളിൽ 20 പോയന്റുള്ള കാലിക്കറ്റ്‌ അജയ്യരായി ഒന്നാംസ്ഥാനത്ത് തുടരുന്നു. ഇത്രയും കളികളിൽ 10 പോയന്റുള്ള കണ്ണൂർ അഞ്ചാമതാണ്‌. ഹോം ഗ്രൗണ്ടിൽ ഒരു മത്സരം പോലും ജയിക്കാൻ സാധിക്കാത്ത കണ്ണൂരിന് സെമിയിൽ കയറണമെങ്കിൽ അവസാന മത്സരത്തിൽ തൃശൂരിനെ തോൽപ്പിക്കുന്നതിനൊ പ്പം മറ്റു ടീമുകളുടെ ഫലവും അനുകൂലമായി വരണം.

ആറ് ഗോളുകളുമായി ലീഗിൽ ടോപ് സ്‌കോറർ സ്ഥാനത്തുള്ള മുഹമ്മദ്‌ അജ്സലിനെ ബെഞ്ചിലിരുത്തിയാണ് കാലിക്കറ്റ്‌ കളത്തിലിറങ്ങിയത്. അവസാനം കളിച്ച ടീമിൽ കാലിക്കറ്റ്‌ എട്ട് മാറ്റങ്ങൾ വരുത്തി. കെവിൻ ലൂയിസ്, അർജുൻ ഉൾപ്പടെയുള്ളവർക്ക് കണ്ണൂരും ആദ്യ ഇലവനിൽ അവസരം നൽകി.

കണ്ണൂർ ഗോളിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ ഇരുപത്തിനാലാം മിനിറ്റിൽ കാലിക്കറ്റ്‌ ഗോൾ നേടി. ത്രോബോൾ സ്വീകരിച്ച് മുഹമ്മദ്‌ ആഷിഖ് ഇടതുവിങിൽ നിന്ന് നൽകിയ ക്രോസ്സ് കൊളമ്പിയക്കാരൻ സെബാസ്റ്റ്യൻ റിങ്കൺ ഫാസ്റ്റ് ടൈം ടച്ചിലൂടെ ഗോളാക്കി മാറ്റി (1-0). മുപ്പത്തിയഞ്ചാം മിനിറ്റിൽ സിനാൻ കാലിക്കറ്റ്‌ വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് കൊടിയുയർത്തി. ആദ്യപകുതി അവസാനിക്കാനിരിക്കെ പരുക്കൻ കളിക്ക് കാലിക്കറ്റിന്റെ അസ്‌ലമിന് മഞ്ഞക്കാർഡ് ലഭിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കാലിക്കറ്റ്‌ ഫെഡറിക്കോ ബുവാസോയെ പകരക്കാരനായി കൊണ്ടുവന്നു. അൻപത്തിരണ്ടാം മിനിറ്റിൽ അഡ്രിയാൻ സെർഡിനറോയുടെ ഷോട്ട് കാലിക്കറ്റ്‌ ഗോൾ കീപ്പർ ഹജ്മൽ തട്ടിത്തെപ്പിച്ചു. അറുപത്തിയഞ്ചാം മിനിറ്റിൽ കാലിക്കറ്റ്‌ ലീഡ് രണ്ടാക്കി. ഫെഡറിക്കോ ബുവാസോയുടെ പാസിൽ മുഹമ്മദ്‌ ആഷിഖിന്റെ ഗോൾ (2-0). പിന്നാലെ കാലിക്കറ്റ്‌ റോഷൽ, ഷഹബാസ് എന്നിവരെയും കണ്ണൂർ ആസിഫ്, കരീം സാമ്പ് എന്നിവരെയും കളത്തിലിറക്കി.

എഴുപത്തിനാലാം മിനിറ്റിൽ കണ്ണൂർ ഒരു ഗോൾ മടക്കി. അലക്സിസ് സോസ പന്ത് കൈകൊണ്ട് തടുത്തതിന് ലഭിച്ച പെനാൽറ്റി അഡ്രിയാൻ സെർഡിനറോ ഗോളാക്കി മാറ്റി (2-1).
ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു ഫലം. 11127 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

ഞായറാഴ്ച (നവംബർ 30) ഒൻപതാം റൗണ്ടിലെ അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. വിജയിച്ചാൽ തിരുവനന്തപുരം സെമി ഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാവും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, കുഞ്ഞ്യ ക്രിസ്റ്റൽ പാലസിന് എതിരെയും കളിക്കില്ല


പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ നേരിടാനായി പോകുന്നതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം താരങ്ങളുടെ പരിക്കുകൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചു. ബെഞ്ചമിൻ സെസ്കോ, ഹാരി മഗ്വയർ എന്നീ പ്രധാന കളിക്കാർ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം പുറത്തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാത്യൂസ് കുൻഹ ഈ വാരാന്ത്യത്തിലെ മത്സരത്തിലും ഉണ്ടാകില്ല എന്നതും അദ്ദേഹം സ്ഥിരീകരിച്ചു. വെസ്റ്റ് ഹാമിന് എതിരെ കുഞ്ഞ്യ തിരിച്ചെത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.


അന്താരാഷ്ട്ര ഇടവേളയ്ക്ക് മുൻപ് ടോട്ടൻഹാമിനെതിരെ കളിക്കുമ്പോൾ സെസ്കോയ്ക്ക് പറ്റിയ കാൽമുട്ടിനേറ്റ പരിക്ക്, കൂടുതൽ സമയം ആവശ്യപ്പെടുന്നതിനാൽ താരത്തിന്റെ തിരിച്ചുവരവ് നവംബർ അവസാനത്തിന് പകരം ഡിസംബറിലേക്ക് നീളാൻ സാധ്യതയുണ്ട്. അതുപോലെ, മഗ്വയറിൻ്റെ പ്രശ്നവും കൂടുതൽ ശ്രദ്ധയും വിശ്രമവും ആവശ്യപ്പെടുന്നു.

പത്തുപേരുമായി കളിച്ച എവർട്ടണോട് 1-0ന് തോറ്റതിൻ്റെ നിരാശയിലാണ് ടീം. മുഴുവൻ ശക്തിയോടെയുള്ള ആക്രമണം ഇല്ലാത്തതിനാൽ അവസരങ്ങൾ ഗോളാക്കി മാറ്റാൻ യുണൈറ്റഡ് ബുദ്ധിമുട്ടുന്നുണ്ട്.

കൊളംബിയൻ വണ്ടർകിഡ് ഒറോസ്‌കോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നു


മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അടുത്ത സൈനിംഗായി 17 വയസ്സുകാരനായ കൊളംബിയൻ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ ഒറോസ്‌കോയെ സ്വന്തമാക്കുന്നു. ഫോർട്ടലെസയുടെ താരമായ ഒറോസ്‌കോ അന്തിമ നടപടികൾ പൂർത്തിയാക്കുന്നതിനായി അടുത്ത ദിവസങ്ങളിൽ ഓൾഡ് ട്രാഫോർഡിൽ എത്തും. 2026 ജൂൺ മുതൽ പ്രാബല്യത്തിൽ വരുന്ന കരാറിനായി യുണൈറ്റഡ് 1 മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) നൽകും.


കൊളംബിയൻ അണ്ടർ 17 ടീമിന്റെ ക്യാപ്റ്റനായ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ, 178 സെന്റീമീറ്റർ ഉയരമുള്ളതും പന്ത് തിരിച്ചുപിടിക്കുന്നതിൽ മികച്ച കഴിവുള്ളവനുമാണ്. 13 തവണ കൊളംബിയൻ അണ്ടർ 17 ടീമിനായി കളിച്ചിട്ടുണ്ട്. ഈ വേനൽക്കാലത്താണ് ഫോർട്ടലെസയിൽ ചേർന്നതെങ്കിലും സീനിയർ ക്ലബ്ബിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ഈ താരം യുണൈറ്റഡിന്റെ സ്കൗട്ടായ ഗ്യൂസെപ്പെ അന്റോണാസിയോയെ പോലുള്ളവരെ ആകർഷിച്ചു.


റിക്രൂട്ട്മെന്റ് തലവൻ ജേസൺ വിൽകോക്സിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് നടത്തുന്ന യുവതാരങ്ങളെ സ്വന്തമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ കുറഞ്ഞ റിസ്‌കിലുള്ള നീക്കം.

സൂപ്പർ ലീഗ് കേരള; തൃശൂർ മാജിക് എഫ്സി സെമിയിൽ

തൃശൂർ: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്കും സെമി ഫൈനൽ ടിക്കറ്റ്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കാലിക്കറ്റ്‌ എഫ്സിക്ക് പിന്നാലെ തൃശൂർ മാജിക് എഫ്സിയും സെമിയിൽ കടന്നത്. ആദ്യപകുതിയിൽ
കെവിൻ ജാവിയറാണ് നിർണായക ഗോൾ നേടിയത്.

ഒൻപത് കളികളിൽ അഞ്ച് ജയവും രണ്ട് സമനിലയുമായി 17 പോയന്റാണ് തൃശൂരിനുള്ളത്. നേരത്തെ പുറത്തായി കഴിഞ്ഞ കൊച്ചിക്ക് ഒൻപത് കളികളിൽ മൂന്ന് പോയന്റ് മാത്രം.

ഇരുപതാം മിനിറ്റിൽ തൃശൂരിന്റെ ഫ്രാൻസിസ് അഡോ തൊടുത്തുവിട്ട ഇടങ്കാൽ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. ഇരുപത്തിയേഴാം മിനിറ്റിൽ തൃശൂർ ഗോൾ നേടി. ഇവാൻ മാർക്കോവിച്ചിന്റെ പാസ് ഗോളാക്കി മാറ്റിയത് കൊളമ്പിയക്കാരൻ കെവിൻ ജാവിയർ (1-0). ഏഴ് മിനിറ്റിനകം കൊച്ചിയുടെ എൻറിക് ലോപ്പാസിനെ ഫൗൾ ചെയ്ത കെവിൻ ജാവിയർ മഞ്ഞക്കാർഡ് കണ്ടു. ആദ്യ പകുതി അവസാനിക്കാനിരിക്കെ നിജോ ഗിൽബർട്ടിനെ ചവിട്ടി വീഴ്ത്തിയ തൃശൂരിന്റെ ബിബിൻ അജയന് നേരെയും റഫറി മഞ്ഞക്കാർഡ് ഉയർത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊച്ചി ക്യാപ്റ്റൻ അറ്റ്മാനേ നൽകിയ ലോങ് പാസ് സ്വീകരിച്ച് ശ്രീരാജ് നടത്തിയ ഗോൾ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. അൻപത്തിയേഴാം മിനിറ്റിൽ തൃശൂർ അഫ്സൽ, എസ് കെ ഫയാസ് എന്നിവർക്ക് അവസരം നൽകി.

അറുപതാം മിനിറ്റിൽ കൊച്ചിക്ക് സുവർണാവസരം. അമോസ് നൽകിയ പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ നിജോ ഗിൽബർട്ട് നഷ്ടമാക്കി. എഴുപത്തിയഞ്ചാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കാൻ ലഭിച്ച അവസരം അഫ്സലിന് മുതലാക്കാനായില്ല. തൊട്ടു പിന്നാലെ കൊച്ചി നായകൻ അറ്റ്മാനേയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ തൃശൂർ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു. 5572 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

വെള്ളിയാഴ്ച (നവംബർ 28) ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, കാലിക്കറ്റ്‌ എഫ്സിയെ നേരിടും. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന കണ്ണൂരിന് സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്. കാലിക്കറ്റ്‌ നേരത്തെ തന്നെ സെമി ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പർ ലീഗ് കേരള; കണ്ണൂരിന് നാളെ ജീവന്‍ മരണ പോരാട്ടം

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് എഫ്സി സീസണിലെ അവസാന ഹോം മത്സരത്തിനായി ഇന്ന് (28-11-2025 വെള്ളിയാഴ്ച) ഇറങ്ങും. രാത്രി 7.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ കാലിക്കറ്റ് എഫ്സിയാണ് കണ്ണൂരിന്റെ എതിരാളി.


അവസാന മത്സരം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടാണ് കണ്ണൂര്‍ വാരിയേഴ്സ് ഇറങ്ങുന്നത്. സ്വന്തം ആരാധകര്‍ക്കു മുമ്പില്‍ ഒരു മത്സരം പോലും കണ്ണൂരിന് ജയിക്കാന്‍ സാധിച്ചിട്ടില്ല. നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് തോല്‍വിയും രണ്ട് സമനിലയുമാണ് കണ്ണൂരിന്റെ ഹോം സ്റ്റേഡിയത്തിലെ സമ്പാദ്യം. സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനലിന് യോഗ്യത നേടാന്‍ കണ്ണൂരിന് ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കേണ്ടി വരും. ഫോഴ്‌സ കൊച്ചിക്കെതിരെ ഇറങ്ങിയ ടീമില്‍ അടിമുടി മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. പരിക്കാണ് ടീമിനെ അലട്ടുന്നത്. മധ്യനിരയില്‍ ടീമിന്റെ കളി നിയന്ത്രിക്കുന്ന ലവ്‌സാംബ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് പുറത്ത് പോയിരുന്നു.

അതോടൊപ്പം അസിയര്‍ ഗോമസ്, ടി ഷിജിന്‍, ഷിബിന്‍ സാദ് തുടങ്ങിയവര്‍ പരിക്ക് മാറി ടീമില്‍ തിരിച്ചത്തുമെന്ന് പ്രതീക്ഷിക്കാം. കാലിക്കറ്റിന് ഏതിരെ വിജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരിന് മൂന്നാം സ്ഥാനത്ത് എത്താം. സമനിലയില്‍ പിരിഞ്ഞാല്‍ നാലാമതും എത്താന്‍ സാധിക്കും.
സൂപ്പര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരും കരുത്തരുമാണ് കാലിക്കറ്റ് എഫ്‌സി. സെമി ഫൈനലിന് ഇതിനകം ടീം യോഗ്യത നേടി കഴിഞ്ഞു. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍, പ്രതിരോധ താരങ്ങള്‍, മധ്യനിര താരങ്ങള്‍, അറ്റാകിംങ് താരങ്ങള്‍. കളിക്കുന്നവരും കളിക്കാനായി ബെഞ്ചിലും പുറത്തും കാത്തിരിക്കുന്നവരും ലീഗിലെ ഏറ്റവും മികച്ച താരങ്ങള്‍. ഏട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 ഗോളാണ് ടീം അടിച്ചു കൂട്ടിയത്.

അവസാന മത്സരത്തില്‍ മലപ്പുറം എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കാലിക്കറ്റിന്റെ വരവ്. അറ്റാക്കിംങില്‍ ലീഗിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് അജ്‌സലും അസിസ്റ്റിലെ ഒന്നാമന്‍ പ്രശാന്തും. അജ്‌സല്‍ ആറ് ഗോള്‍ നേടിയപ്പോള്‍ പ്രശാന്ത് 3 മൂന്ന് അസിസ്റ്റും 3 ഗോളും സ്വന്തമാക്കി. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ഫെഡറിക്കോ ബോവാസോ, കൂട്ടിന് പെരേരയും. ഗോള്‍ പോസ്റ്റില്‍ കഴിഞ്ഞ സീസണിലെ മികച്ച ഗോള്‍ കീപ്പര്‍ ഹജ്മല്‍ സക്കീര്‍. നിലവില്‍ ഏറ്റവും കൂടുതല്‍ സേവ് നടത്തിയ കീപ്പറും ഹജ്മല്‍ ആണ്.

Exit mobile version