മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ സെമി-ഫൈനൽ സ്ഥാനം ഉറപ്പിക്കാനായി മലപ്പുറവും തിരുവനന്തപുരവും ഏറ്റുമുട്ടുന്നു. ഈ കളിയിൽ വിജയിക്കുന്ന ടീമിനായിരിക്കും കൂടുതൽ മുൻതൂക്കം. അത് കൊണ്ട് തന്നെ ഇരു ടീമുകളും തമ്മിൽ വാശിയേറിയ പോരാട്ടമായിരിക്കും തലസ്ഥാനത്ത് നടക്കാൻ പോകുന്നത്. നവംബർ 30 ഞായറാഴ്ച വൈകീട്ട് 7.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലാണ് മത്സരം.
കൊമ്പൻസും മലപ്പുറവും ഏറ്റുമുട്ടിയപ്പോഴെല്ലാം സമനിലയായിരുന്നു മത്സരം അവസാനിച്ചത്. ആദ്യ സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു. തിരുവനന്തപുരത്ത് നടന്ന കളി 1-1, പയ്യനാട് നടന്ന കളി 2-2 എന്നിങ്ങനെയായിരുന്നു ഫലം. ഈ സീസണിലെ ആദ്യ പാദവും 1-1 സമനിലയിലാണ് അവസാനിച്ചത്. പക്ഷെ ഇത്തവണ സെമിയിലേക്ക് മുന്നേറണമെങ്കിൽ ഒരു സമനിലയ്ക്കപ്പുറം മലപ്പുറത്തിന് ജയം നിർബന്ധമാണ്.
നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 11 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കൊമ്പൻസുള്ളത്, മലപ്പുറമാണെങ്കിൽ എട്ട് മത്സരങ്ങളിൽ 10 പോയിന്റോടെ തൊട്ട് പിന്നിൽ നാലാം സ്ഥാനത്താണ്. കാലിക്കറ്റ് എഫ്‌സിയും തൃശൂർ മാജിക്കും ഇതിനകം സെമിഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായാണ് മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ എന്നീ ടീമുകൾ പോരാടുന്നത്.
മലപ്പുറം: യുവ പരിശീലകൻ ഷരീഫ് ഖാനെ ടീമിൻറെ ടെക്നികൽ അഡ്വൈസറായി നിയമിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. കളിക്കാരനായും പരിശീലകനായും മികച്ച അനുഭവസമ്പത്തുള്ള ഷരീഫ് ഖാൻ ക്ലബ്ബിന്റെ ഫുട്ബോൾ ഘടനയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകും. ഏഎഫ്സി എ കോച്ചിങ് ലൈസൻസ് ഉടമയായ ഇദ്ദേഹം മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. സാങ്കേതിക ഉപദേഷ്ടാവെന്ന നിലയിൽ പ്ലെയർ ഡെവലപ്മെന്റിലും പരിശീലന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും ഷെരീഫ് ഖാൻ നിർണായക പങ്ക് വഹിക്കും.
2015 മുതൽ പരിശീലകനായുള്ള യാത്ര ആരംഭിച്ച ഷെരീഫ് ഖാൻ ഗോകുലം കേരള എഫ്‌സിയുടെ പുരുഷ-വനിതാ ടീമുകളുടെയും റിസർവ്വ് ടീമിന്റെയും പരിശീലകനായിട്ടുണ്ട്. കൂടാതെ കേരള യുനൈറ്റഡ് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം, സേതു എഫ്‌സി തുടങ്ങിയ പ്രമുഖ ക്ലബുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഗോകുലം കേരളയുടെ കൂടെ 2018–19 സീസൺ ഇന്ത്യൻ വുമൺസ് ലീഗും 2020–21 സീസൺ ഐ-ലീഗും അദ്ദേഹം നേടിയിട്ടുണ്ട്.
കോഴിക്കോട്: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്സി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് സെമി ഉറപ്പിച്ചത്. ജോനാഥൻ പെരേര, മുഹമ്മദ് അജ്സൽ, ഫെഡറിക്കോ ബുവാസോ എന്നിവർ കാലിക്കറ്റിനായി സ്കോർ ചെയ്തു. മലപ്പുറത്തിന്റെ ആശ്വാസ ഗോൾ എയ്തോർ അൽഡലിറിന്റെ ബൂട്ടിൽ നിന്ന്. മത്സരത്തിൽ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗത്തിന് ചുവപ്പ് കാർഡ് ലഭിച്ചു. എട്ട് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കാലിക്കറ്റ് 17 പോയന്റുമായി ഒന്നാമതാണ്. 10 പോയന്റുള്ള മലപ്പുറം നാലാമത്.
ഒൻപതാം മിനിറ്റിൽ കോർണറിൽ നിന്നുള്ള പന്ത് ഗോളാക്കി മാറ്റാൻ മലപ്പുറം ക്യാപ്റ്റൻ ഹക്കുവും പിന്നാലെ ബദറും ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. പന്ത്രണ്ടാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് നേടി. റിട്ടേൺ ബോൾ പിടിച്ചെടുത്ത് അർജന്റീനക്കാരൻ ജോനാഥൻ പെരേര പറത്തിയ ലോങ് റേഞ്ചർ പോസ്റ്റിലേക്ക് കയറുമ്പോൾ മലപ്പുറത്തിന്റെ യുവ ഗോൾ കീപ്പർ ജസീമിന്റെ മുഴുനീള ഡൈവിന് പോലും ഗോൾ തടയാനായില്ല (1-0).
ആദ്യ പകുതിയിൽ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗം, എൽ ഫോർസി, ഇർഷാദ് എന്നിവർക്കും കാലിക്കറ്റിന്റെ ജോനാഥൻ പെരേരക്കും മഞ്ഞക്കാർഡ് ലഭിച്ചു. നാല്പതാം മിനിറ്റിൽ ആസിഫിന്റെ ഷോട്ട് മലപ്പുറം ഗോളി തടുത്തിട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മലപ്പുറം ഇഷാൻ പണ്ഡിത, എയ്തോർ അൽഡലിർ എന്നിവരെ കൊണ്ടുവന്നു. അൻപത്തിനാലാം മിനിറ്റിൽ റോഷലിനെ ഫൗൾ ചെയ്ത ഗനി അഹമ്മദ് നിഗം രണ്ടാം മഞ്ഞക്കാർഡും ചുവപ്പും വാങ്ങി കളം വിട്ടു.
അറുപതാം മിനിറ്റിൽ എൽ ഫോർസിയുടെ ഗോളുറച്ച പാസ് ഇഷാൻ പണ്ഡിത അടിച്ചത് കാലിക്കറ്റ് ഗോൾ കീപ്പർ ഹജ്മലിന്റെ കാലിലേക്കായിരുന്നു. പിന്നാലെ കാലിക്കറ്റ് ബ്രൂണോ കൂഞ്ഞ, അരുൺ കുമാർ എന്നിവർക്ക് അവസരം നൽകി. എൺപതാം മിനിറ്റിൽ മലപ്പുറം സമനില പിടിച്ചു. ഫ്രീകിക്ക് ഗോളാക്കി മാറ്റിയത് പകരക്കാരനായി എത്തിയ നായകൻ എയ്തോർ അൽഡലിർ (1-1). കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ മുഹമ്മദ് അജ്സലിന്റെ ഹെഡ്ഡർ കാലിക്കറ്റിന് വീണ്ടും ലീഡ് നൽകി (2-1). ലീഗിൽ അജ്സൽ ആറ് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്ത് തുടരുന്നു. ഇഞ്ചുറി സമയത്ത് ഫെഡറിക്കോ ബുവാസോ നേടിയ ഗോൾ കാലിക്കറ്റിന്റെ വിജയം ആധികാരികമാക്കി (3-1). 34173 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.
മഞ്ചേരിയിൽ നടന്ന ആദ്യപാദത്തിൽ മലപ്പുറവും കാലിക്കറ്റും മൂന്ന് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.
വ്യാഴാഴ്ച (നവംബർ 27) ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
മലപ്പുറം എഫ്‌സിയുടെ മുഖ്യ പരിശീലകനായ മിഗ്വേൽ കോറൽ ടോറീറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റുന്നതായി ക്ലബ് ഔദ്യോഗികമായി അറിയിക്കുന്നു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.തന്റെ കാലയളവിൽ ടീമിന് വേണ്ടി നൽകിയ എല്ലാ പരിശ്രമങ്ങൾക്കും ഊർജ്ജത്തിനും ക്ലബ് മാനേജ്മെന്റ് മിഗ്വേലിനോട് നന്ദി അറിയിച്ചു.
ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനുള്ള മിഗ്വേലിന്റെ ശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്.കളിക്കളത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും അദ്ദേഹത്തിന്റെ ജോലിയോടുള്ള പ്രതിബദ്ധതയിലും അഭിനിവേശത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. മിഗ്വേലിന്റെ ഭാവി പരിശീലക ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
കണ്ണൂർ: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയും മലപ്പുറം എഫ്സിയും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കനത്ത മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ തടസപ്പെട്ട മത്സരത്തിൽ കണ്ണൂരിനായി മുഹമ്മദ് സിനാൻ, നിദാൽ സയ്യിദ് എന്നിവരും മലപ്പുറത്തിനായി അബ്ദുൽ ഹക്കു, എയ്തോർ ആൽഡലിർ എന്നിവരും ഗോൾ നേടി. ഏഴ് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കണ്ണൂരിനും മലപ്പുറത്തിനും 10 പോയന്റ് വീതമാണുള്ളത്. ഗോൾശരാശരിയുടെ മികവിൽ മലപ്പുറം മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. കണ്ണൂർ അഞ്ചാമതാണ്.
ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഏഴാം മിനിറ്റിൽ മലപ്പുറത്തിനായി എൽഫോർസി എടുത്ത കോർണർ കിക്കിന് അബ്ദുൽ ഹക്കു തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇരുപത്തിനാലാം മിനിറ്റിൽ എൽഫോർസിയെ ഫൗൾ ചെയ്ത കണ്ണൂർ ക്യാപ്റ്റൻ ലവ്സാംബക്ക് റഫറി മഞ്ഞക്കാർഡ് നൽകി. തൊട്ടുപിന്നാലെ ലഭിച്ച സുവർണാവസരം മലപ്പുറത്തിന്റെ അണ്ടർ 23 താരം റിഷാദ് ഗഫൂർ പുറത്തേക്കടിച്ചു നഷ്ടമാക്കി.
മുപ്പത്തിരണ്ടാം മിനിറ്റിൽ കണ്ണൂരിന്റെ ഗോൾ. എസിയർ ഗോമസ് നൽകിയ പാസ് വലതു വിങിൽ നിന്ന് കരീം സാമ്പ് സെക്കന്റ് പോസ്റ്റിലേക്ക് ഉയർത്തിയിട്ടു. കുതിച്ചെത്തിയ യുവതാരം മുഹമ്മദ് സിനാൻ ഡൈവിങ് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു (1-0). ജോൺ കെന്നഡിയെ വലിച്ചുവീഴ്ത്തിയ കണ്ണൂരിന്റെ വികാസിനും മഞ്ഞക്കാർഡ് ലഭിച്ചു. നാൽപ്പത്തിരണ്ടാം മിനിറ്റിൽ മലപ്പുറം സമനില പിടിച്ചു. എൽഫോർസിയുടെ കോർണർ വലയിലെത്തിച്ചത് അബ്ദുൽ ഹക്കു (1-1). സീസണിൽ ഹക്കു നേടുന്ന രണ്ടാം ഗോൾ.
കനത്ത മഴയിലും കാറ്റിലുമാണ് രണ്ടാം പകുതി തുടങ്ങിയത്. മൂന്ന് മിനിറ്റിനകം മലപ്പുറം ഗോൾ നേടി. എൽഫോർസി ഉയർത്തിനൽകിയ പന്ത് ക്യാപ്റ്റൻ എയ്തോർ ആൽഡലിറാണ് ഹെഡ്ഡറിലൂടെ ഗോളാക്കിമാറ്റിയത് (1-2). തൊട്ടുപിന്നാലെ ശക്തമായ മഴയെ തുടർന്ന് ഗ്രൗണ്ടിൽ വെള്ളം കെട്ടിക്കിടന്നതോടെ റഫറി വെങ്കിടേശ് മത്സരം താൽക്കാലികമായി നിർത്തിവെച്ചു.
ഒരു മണിക്കൂറിലേറെ സമയം കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്. മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ പന്ത് നീക്കാൻ ഇരു ടീമുകളും പ്രയാസപ്പെടുന്ന കാഴ്ചയായിരുന്നു പിന്നീട്. കളി പുനരാരംഭിച്ച ശേഷം കരീം സാമ്പിന് മികച്ച രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മലപ്പുറം ഗോൾ കീപ്പർ അസ്ഹറിനെ മറികടക്കാൻ കഴിഞ്ഞില്ല. അറുപത്തിയേഴാം മിനിറ്റിൽ കണ്ണൂർ ഒപ്പമെത്തി. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് ലവ്സാംബ ബാക്ക് ഹീൽ പാസ് നൽകിയത് പകരക്കാരനായി എത്തിയ നിദാൽ സയ്യിദ് ഗോളാക്കി മാറ്റി (2-2). 17899 കാണികൾ മത്സരം കാണാനെത്തി.
വെള്ളിയാഴ്ച (നവംബർ 21) എട്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സി മൂന്നാം എവേ മൽസരത്തിനിറങ്ങുന്നു. കണ്ണൂർ വാരിയേർസ് എഫ്സിയാണ് എതിരാളികൾ. 19ാം തിയ്യതി ബുധനാഴ്ച കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് കിക്കോഫ്. പയ്യനാട് സ്റ്റേഡിയത്തിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യപാദ മൽസരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു. സെമി-ഫൈനൽ സാധ്യതകൾ നിലനിർത്തുന്നതിനായി ഒരു സമനിലക്കപ്പുറം എംഎഫ്സിക്ക് ഇത്തവണ കണ്ണൂരിനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. തിരിച്ച് കണ്ണൂരിനും അങ്ങനെ തന്നെ. അത്കൊണ്ട് ജയിക്കാനുറച്ച് തന്നെയായിരിക്കും കണ്ണൂരിൻറെ മണ്ണിലേക്ക് മലപ്പുറം പോകുന്നത്.
നിലവിൽ രണ്ട് ടീമുകളും കഴിഞ്ഞ മത്സരം പരാജയപ്പെട്ടാണ് നിൽക്കുന്നത്. മലപ്പുറം എഫ്‌സി തൃശ്ശൂരിനോടും കണ്ണൂർ വാരിയേർസ് കൊമ്പൻസിനോടുമാണ് തോൽവി നേരിട്ടത്. കണ്ണൂരിന് തങ്ങളുടെ കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല, ആദ്യ മത്സരം തൃശ്ശൂരിനെതിരെ സമനിലയിലായപ്പോൾ രണ്ടാമത്തെ മത്സരം സ്വന്തം കാണികൾക്ക് മുന്നിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ 3-1 ന് തോൽക്കുകയും ചെയ്തിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി മലപ്പുറം എഫ്‌സി നിലവിൽ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇതേ പോയിന്റുള്ള കണ്ണൂർ വാരിയേർസ് തൊട്ട് പിന്നിൽ അഞ്ചാം സ്ഥാനത്താണുള്ളത്. നേടിയ ഗോളുകളുടെ വ്യത്യാസത്തിലാണ് മലപ്പുറം മുന്നിട്ട് നിൽക്കുന്നത്. ഇരു ടീമുകൾക്കും ജയം അനിവാര്യമായത് കൊണ്ട് തന്നെ വാശിയേറിയ പോരാട്ടമായിരിക്കും ബുധനാഴ്ച കണ്ണൂരിൻറെ മണ്ണിൽ അരങ്ങേറാൻ പോകുന്നത്.
കണ്ണൂർ വാരിയേർസിനെതിരായ മൽസരത്തെ കുറിച്ച് മുഖ്യ പരിശീലകൻ മിഗ്വേൽ കോറലിൻറെ വാക്കുകൾ:- “തൃശൂരിനെതിരായ തോൽവിയിൽ ഞങ്ങൾ നിരാശരാണ്. ചില നല്ല അവസരങ്ങൾ സൃഷ്ടിച്ചു, പക്ഷേ അവ ഗോളുകളാക്കി മാറ്റാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും കണ്ണൂർ വാരിയേഴ്സിനെതിരായ അടുത്ത മത്സരത്തിലാണ്. തീർച്ചയായും അവർ ശക്തരായ ഒരു ടീമാണ്, ഞങ്ങൾ ഞങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾകൊണ്ടിട്ടുണ്ട്. തിരിച്ചുവരാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ആരാധകർക്കായി ഞങ്ങൾ എല്ലാം നൽകും.”
മലപ്പുറം: ഇന്ത്യൻ ഇന്റർനാഷണലും മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവുമായ സൂപ്പർ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിതയെ ടീമിലെത്തിച്ചു മലപ്പുറം ഫുട്ബോൾ ക്ലബ് . സൂപ്പർ ലീഗ് കേരളയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിന്റെ അറ്റാക്കിംഗ് കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയാണ് താരത്തെ ഇപ്പോൾ എംഎഫ്സി സൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകൾക്ക് പുറമെ സ്പാനിഷ് ലീഗിലും ഇഷാൻ പന്ത് തട്ടിയിട്ടുണ്ട്. ഡെൽഹി സ്വദേശിയായ താരത്തിന് 27 വയസ്സാണ് പ്രായം. ഈ സീസണിൽ ഇതാദ്യമായാണ് വിദേശ താരങ്ങളെയൊഴിച്ച് മലയാളി അല്ലാത്തൊരു കളിക്കാരനെ മലപ്പുറം സൈൻ ചെയ്യുന്നത്.
ഐ.എസ്.എല്ലിൽ എഫ്സി ഗോവ, ജെംഷഡ്പൂർ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടങ്ങിയ ടീമുകൾക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. ഗോവയ്ക്ക് വേണ്ടി 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും, ജംഷഡ്പൂരിന് വേണ്ടി 36 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും, ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.ഇന്ത്യൻ ദേശീയ ടീമിനായും ഇഷാൻ പണ്ഡിത ബൂട്ടണിഞ്ഞിട്ടുണ്ട്. സീനിയർ ടീമിന് വേണ്ടി 8 മത്സരങ്ങളിൽ നിന്നും 1 ഗോളും നേടി. 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെയാണ് ഇഷാൻ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയത്. 2023ൽ ഇന്റർകോണ്ടിനെന്റൽ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗം കൂടിയായിരുന്നു താരം.
ഇഷാൻ തന്റെ യൂത്ത് കരിയർ കൂടുതലും ചെലവഴിച്ചത് സ്‌പെയിനിലായിരുന്നു. അൽകോബെൻഡാസ്, യുഡി അൽമേരിയ, സിഡി ലെഗാനസ്, ജിംനാസ്റ്റിക്സ് ടാരഗോണ, ലോർക്ക എഫ്‌സി, പോബ്ല ഡി മാഫുമെറ്റ് തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്കായും താരം പന്ത് തട്ടിയിട്ടുണ്ട്. ഒരു സ്പാനിഷ് ടോപ്പ് ഡിവിഷൻ ക്ലബ്ബിന്റെ യൂത്ത് ടീമിനായി കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഇഷാൻ.
കൊച്ചി: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയിൽ തകർപ്പൻ ജയത്തോടെ മലപ്പുറം എഫ്സി ഒന്നാംസ്ഥാനത്ത്. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയെ 4-1 ന് തോൽപ്പിച്ചു. രണ്ടാംപകുതിയിൽ പത്തുപേരായി ചുരുങ്ങിയ കൊച്ചിക്കെതിരെ മലപ്പുറത്തിനായി ജോൺ കെന്നഡി രണ്ടും റോയ് കൃഷ്ണ, അബ്ദുൽ ഹക്കു എന്നിവർ ഓരോ ഗോളും നേടി. കൊച്ചിയുടെ ആശ്വാസഗോൾ സജീഷിന്റെ ബൂട്ടിൽ നിന്നായിരുന്നു. അഞ്ച് കളികളിൽ ഒൻപത് പോയന്റുള്ള മലപ്പുറം പട്ടികയിൽ ഒന്നാമതാണ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട കൊച്ചി അവസാന സ്ഥാനത്ത് നിൽക്കുന്നു.
അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സ്കോർ ചെയ്ത ബ്രസീലുകാരൻ ജോൺ കെന്നഡിക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് മലപ്പുറം എതിരാളികളുടെ തട്ടകത്തിൽ കളത്തിലിറങ്ങിയത്. ഒൻപതാം മിനിറ്റിൽ ടോണി എടുത്ത കോർണർ കിക്ക് നേരിട്ട് കൊച്ചിയുടെ വലയിൽ കയറിയെന്ന് തോന്നിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. കൊച്ചിയുടെ റൊമാരിയോ ജെസുരാജ്, ഗോളി റഫീഖ് അലി സർദാർ എന്നിവരെ ഫൗൾചെയ്തതിന് മലപ്പുറത്തിന്റെ ഇർഷാദ്, ജോൺ കെന്നഡി എന്നിവർക്ക് അടുത്തടുത്ത മിനിറ്റുകളിൽ മഞ്ഞക്കാർഡ് ലഭിച്ചു.
മുപ്പത്തിരണ്ടാം മിനിറ്റിൽ കൊച്ചിയുടെ ബ്രസീൽ താരം ഡഗ്ലസ് ടാർഡിൻ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ഡച്ചുകാരൻ വാൻ കെസൽ. മുപ്പത്തിയൊൻപതാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. കൊച്ചി ഗോൾ കീപ്പർ റഫീഖ് അലി സർദാർ, റോയ് കൃഷ്ണയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണക്ക് പിഴച്ചില്ല 1-0. ലീഗിൽ ഫിജി താരത്തിന്റെ രണ്ടാം പെനാൽറ്റി ഗോൾ. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം ലീഡ് രണ്ടാക്കി. അലൻ സാജുവിന്റെ പാസ് സ്വീകരിച്ച് നാല് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ ജോൺ കെന്നഡി കരുത്തുറ്റ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു 2-0. ലീഗിൽ ബ്രസീൽ താരത്തിന്റെ മൂന്നാം ഗോൾ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ കീപ്പർ റഫീഖ് അലി സർദാറിനെ തിരിച്ചുവിളിച്ച കൊച്ചി അണ്ടർ 23 താരം മുഹമ്മദ് മുർഷിദിനെ കളത്തിലിറക്കി. അൻപതിനാലാം മിനിറ്റിൽ മലപ്പുറത്തിന്റെ മൂന്നാം ഗോൾ വന്നു. മൈനസ് പാസ് അടിച്ചകറ്റാനുള്ള കൊച്ചിയുടെ പകരക്കാരൻ ഗോൾ കീപ്പർ മുർഷിദിന്റെ ശ്രമം പാളിയപ്പോൾ ജോൺ കെന്നഡി പന്ത് വലയിലേക്ക് തട്ടിയിട്ടു 3-0. ഇതോടെ ലീഗിൽ കെന്നഡിയുടെ ഗോൾ സമ്പാദ്യം നാലായി. അൻപത്തിയൊൻപതാം മിനിറ്റിൽ കൊച്ചിയുടെ ഗിഫ്റ്റി ഗ്രേഷ്യസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി. മൂന്ന് മിനിറ്റിനിടെ രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങിയായിരുന്നു ഗിഫ്റ്റി ഗ്രേഷ്യസിന്റെ പുറത്താവൽ. അറുപത്തിയഞ്ചാം മിനിറ്റിൽ കൊച്ചി ഒരു ഗോൾ മടക്കി. നിജോ ഗിൽബർട്ടിന്റെ പാസ് നെഞ്ചിൽ സ്വീകരിച്ച സജീഷ് പിഴവില്ലാതെ മലപ്പുറത്തിന്റെ പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു 3-1. പകരക്കാരനായി എത്തിയ അബ്ദുൽ ഹക്കു ഇഞ്ചുറി സമയത്ത് കോർണറിന് തലവെച്ച് മലപ്പുറത്തിന്റെ നാലാം ഗോൾ നേടി 4-1. 4998 കാണികൾ മത്സരം കാണാനെത്തി.
വെള്ളിയാഴ്ച്ച (നവംബർ 7) അഞ്ചാം റൗണ്ടിലെ അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, തൃശൂർ മാജിക് എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. മികച്ച രീതിയിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ടീമിന്റെ ആദ്യ ഹോം മത്സരമാണ് വെള്ളിയാഴ്ച്ചത്തേത്. കഴിഞ്ഞ സീസണിൽ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് കണ്ണൂർ ഹോം മത്സരങ്ങൾ കളിച്ചിരുന്നത്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ ഈ സീസണിലെ ആദ്യ എവേ മത്സരത്തിന് ഒരുങ്ങി ടീം എംഎഫ്സി. ഫോഴ്‌സ കൊച്ചി എഫ്സിയാണ് മലപ്പുറം എഫ്സിയുടെ എതിരാളികൾ. ലീഗിലെ അഞ്ചാം റൗണ്ട് മത്സരമാണ് ഇനി നടക്കാനിരിക്കുന്നത്. നവംബർ 4ന് കൊച്ചിയുടെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് കിക്കോഫ്. ആദ്യ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കലൂർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരം 2-0 എന്ന സ്കോറിൽ മലപ്പുറം ജയിക്കുകയും പയ്യനാട് നടന്ന മത്സരം മഴമൂലം മാറ്റിവെച്ചത് കൊണ്ട് രണ്ട് ടീമിനും ഓരോ പോയിൻറ് വീതം നൽകുകയായിരുന്നു.
സീസണിൽ എംഎഫ്സി ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലെങ്കിലും തൃശൂർ മാജിക്കിനെതിരായ ആദ്യ മത്സരം വിജയിച്ചതിന് ശേഷം തുടർന്നുള്ള മൂന്ന് മത്സരങ്ങളുടെയും ഫലം സമനിലയായിരുന്നു. നിലവിൽ പട്ടികയിൽ ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് മലപ്പുറമുള്ളത്. മറുവശത്ത് കൊച്ചിയാണെങ്കിൽ കളിച്ച നാല് കളിയും പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്. മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ടെങ്കിലും കൊച്ചിക്ക് ഇത് വരെ ലീഗിൽ ഒരു പോയിന്റ് നേടാൻ കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ എങ്ങനെയെങ്കിലും മലപ്പുറത്തെ തോൽപിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കുയായിരിക്കും കൊച്ചിയുടെ ലക്ഷ്യം.
കൊച്ചിക്കെതിരെയുള്ള ട്രാവലിംഗ് സ്‌ക്വാഡിൽ പരിശീലകൻ മിഗ്വേൽ കോറൽ ചില പ്രധാന മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകളുണ്ട്. മുന്നേറ്റനിരയിൽ ക്യാപ്റ്റൻ ഫസ്‌ലുറഹ്മാൻ പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയത് ആശ്വാസകരമാണ്. സമനില പൂട്ട് പൊളിച്ച് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താൻ തന്നെയാണ് മലപ്പുറത്തിന്റെ കൊച്ചിയിലേക്കുള്ള വരവ്.
മലപ്പുറം: സുപ്പർ ലീഗ് കേരളയിലെ ഇനി വരാൻ പോകുന്ന മത്സരങ്ങൾക്ക് മുന്നോടിയായി പ്രതിരോധം കൂടുതൽ ശക്തമാക്കി മലപ്പുറം ഫുട്ബോൾ ക്ലബ്.സ്പാനിഷ് സെന്റർ ബാക്ക് താരം സീകർ ഒസെരിൻജോറെഗിയെയാണ് പുതിയതായി എംഎഫ്സി ടീമിലെത്തിച്ചിരിക്കുന്നത്. 28 വയസ്സു പ്രായമുള്ള ഈ പ്രതിരോധ താരം സ്പെയിനിലെ നിരവധി ക്ലബുകൾക്കായി പന്ത് തട്ടിയിട്ടുണ്ട്. സ്പാനിഷ് ലീഗുകളിൽ പ്രതിരോധ നിരയിലെ തന്റെ മികച്ച പ്രകടനങ്ങളും വർഷങ്ങളുടെ പ്രൊഫഷണൽ പരിചയസമ്പത്തുമുള്ള സീകർ കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന മലപ്പുറത്തിനൊരു മുതൽക്കൂട്ടാകും.
സീകർ ഒരു മുൻ സ്പാനിഷ് യൂത്ത് ഇന്റർനാഷണൽ കൂടിയാണ്.അണ്ടർ-16 മുതൽ അണ്ടർ-19 വരെയുള്ള എല്ലാ തലങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.2015ൽ പോർച്ചുഗൽ, കോസ്റ്റാറിക്ക, കാനറി ദ്വീപ്‌സ് എന്നിവയെ പരാജയപ്പെടുത്തി അറ്റ്ലാന്റിക് കപ്പ് നേടിയ സ്പെയിൻ അണ്ടർ-18 ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം.സ്പെയിന് പുറത്ത് വേറൊരു ലീഗിൽ ഇതാദ്യമായാണ് സീകർ കളിക്കാൻ എത്തുന്നത്. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബായ സോം മാരെസ്മെ എഫ്‌സിയിൽ നിന്നാണ് താരം മലപ്പുറം എഫ്സിയിലേക്കെത്തുന്നത്. 41-ഓളം മത്സരങ്ങളിൽ സോം മാരെസ്മെക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.
2007ൽ അത്‌ലറ്റിക് ബിൽബാവോയുടെ അക്കാദമിയിലുടെയാണ് സീകർ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. പിന്നീട് ബിൽബാവോയുടെ തന്നെ യൂത്ത്, റിസർവ് ടീമുകളിലൂടെ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിലെക്കെത്തി. തുടർന്ന് സെഗുണ്ട ഡിവിഷൻ ബി ക്ലബ്ബുകളായ ടോളിഡോ, പെന സ്പോർട്, റയൽ സോസിഡാഡ്, കോർണെല്ല, റയൽ ബെറ്റിസ്, സബാഡെൽ, എബ്രോ, ലോഗ്രോണസ് ,അമോറെബിയേറ്റ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായും താരം കളിച്ചിട്ടുണ്ട്. മലപ്പുറം എഫ്സിയുടേത് ഒരു സ്പാനിഷ് പരിശീലകനായത് കൊണ്ട് തന്നെ സീകറിന് ടീമിന്റെ തന്ത്രങ്ങളുമായി പെട്ടന്ന് ഇണങ്ങാൻ കഴിയും.
മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ നാലാം റൗണ്ട് മത്സരത്തിൽ മലപ്പുറം എഫ്സി തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. ഒക്ടോബർ 28ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് കിക്കോഫ്. ആദ്യ സീസണിൽ ലീഗ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു കലാശിച്ചത്. തിരുവനന്തപുരത്ത് നടന്ന കളിയിൽ 1-1, പയ്യനാട് നടന്ന കളിയിൽ 2-2 എന്നിങ്ങനെയായിരുന്നു ഫലം.
ഈ സീസണിൽ ഇതുവരെ തോൽവിയറിയാത്ത ടീമുകളിൽ ഒന്നാണ് മലപ്പുറം. ഒരു ജയവും രണ്ട് സമനിലയും ഉൾപ്പെടെ അഞ്ച് പോയിന്റാണ് ടീമിന്റെ സമ്പാദ്യം . നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്. കൊമ്പൻസാണെങ്കിൽ രണ്ട് തോൽവിയും ഒരു ജയമുൾപെടെ അഞ്ചാം സ്ഥാനത്താണ്. അവസാനം നടന്ന ഹോം മത്സരത്തിൽ തൃശ്ശൂരുമായി ഒരു ഗോളിന് തിരുവനന്തപുരം പരാജയപെട്ടിരുന്നു. മലപ്പുറമാണെങ്കിൽ കാലിക്കറ്റിനെതിരെ 3 -1 ന് തോറ്റിടത്ത് നിന്ന് 3-3ൻറെ വലിയ തിരിച്ചുവരവ് കഴിഞ്ഞ കളിയിൽ നടത്തിയിരുന്നു. എന്നിരുന്നാലും ആദ്യ ഇലവനിൽ ഇത്തവണ കോച്ച് മിഗ്വേൽ കോറൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.
ഈ സീസണിലെ ആദ്യ എവേ മത്സരത്തിന് പോകുന്നതിന് മുൻപ് സ്വന്തം കാണികൾക്കു മുന്നിൽ ഹോം മത്സരത്തിലെ മൂന്ന് പോയിന്റുകൾ നേടി പട്ടികയിൽ ഒന്നാം സ്‌ഥാനത്തേക്കെത്തുകയെന്നത് തന്നെയാണ് മലപ്പുറം എഫ്സിയുടെ ലക്ഷ്യം. നവംബർ 4ന് കൊച്ചി മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ ഫോഴ്‌സ കൊച്ചിക്കെതിരെയാണ് മലപ്പുറത്തിൻറെ അടുത്ത മത്സരം. ടിക്കറ്റ്ജീനി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും മലപ്പുറം എഫ്സിയുടെ ഹോം മൽസരങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. മൽസര ദിവസങ്ങളിൽ പയ്യനാട് സ്റ്റേഡിയത്തിൽ ടിക്കറ്റ് കൗണ്ടറുകളിലൂടെയുള്ള വിൽപനയുമുണ്ടാകും. 99 രൂപ മുതൽ 499 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ.
മഞ്ചേരി: കനത്ത മഴയിലും ആവേശം ചോരാത്ത കാണികളെയും കളിക്കാരെയും കണ്ട മത്സരത്തിൽ മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ നേടിയാണ് മലപ്പുറം അവിസ്മരണീയ സമനില സ്വന്തമാക്കിയത്. അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിനായി എയ്റ്റർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി എന്നിവരാണ് സ്കോർ ചെയ്തത്. കാലിക്കറ്റിനായി മുഹമ്മദ് അജ്സൽ രണ്ടും പ്രശാന്ത് ഒരു ഗോളും നേടി. മൂന്ന് കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയന്റായി.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ കോഴിക്കോട്ടുകാർ ഗോൾ നേടി. അർജന്റീനക്കാരൻ ഫെഡറിക്കോ ഹെർനാൻ ബോസോ എടുത്ത കോർണർ മലപ്പുറം ഗോളി മുഹമ്മദ് അസ്ഹർ തട്ടിത്തെറിപ്പിച്ചു. കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ലഭിച്ചത് മുഹമ്മദ് അജ്സ്‍ലിന്. അണ്ടർ 23 താരത്തിന്റെ കാലിൽ നിന്ന് പറന്ന വോളി മലപ്പുറത്തിന്റെ പോസ്റ്റിൽ കയറി (1-0). പതിനഞ്ചാം മിനിറ്റിൽ അജ്സലിന് വീണ്ടും അവസരം. പക്ഷെ, മലപ്പുറം ഗോളി നെഞ്ചുകൊണ്ട് തടുത്തു. ഇരുപതാം മിനിറ്റിൽ കോഴിക്കോട് ക്യാപ്റ്റൻ പ്രശാന്തിന്റെ മിസ്പാസ് പിടിച്ചെടുത്ത മലപ്പുറത്തിന്റെ ഗനി നിഗം പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളി ഹജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഫക്കുണ്ടോ ഡാനിയലിനെതിരെ പരുക്കൻ അടവ് പുറത്തെടുത്ത കാലിക്കറ്റിന്റെ ജോനാഥൻ പരേരക്ക് മഞ്ഞക്കാർഡ് ലഭിച്ചു. മുപ്പത്തിയെട്ടാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങിയ അക്ബർ സിദ്ധീഖിന് പകരം മലപ്പുറം അഖിലിനെ കളത്തിലിറക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ കാലിക്കറ്റിന് വീണ്ടും ഗോളവസരം. പക്ഷെ, പ്രശാന്തിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറത്തിന്റെ സമനില ഗോൾ വന്നു. ഫക്കുണ്ടോ ഡാനിയലിന്റെ കോർണർ കിക്കിന് മലപ്പുറം നായകൻ എയ്റ്റർ ആൽഡലിർ കൃത്യമായി തലവെച്ചപ്പോൾ പന്ത് കാലിക്കറ്റ് പോസ്റ്റിൽ കയറി (1-1).
കനത്തമഴയുടെ അകമ്പടിയോടെ രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ വീണ്ടും കാലിക്കറ്റ് ലീഡെടുത്തു. ഇടതുവീങിലൂടെ മുന്നേറി സാലിം നൽകിയ ക്രോസ് ഹെഡ്ഡ് ചെയ്ത് പോസ്റ്റിലെത്തിച്ചത് പ്രശാന്ത് (2-1). ആക്രമണം ശക്തമാക്കാൻ മലപ്പുറം റിഷാദ് ഗഫൂർ, ജോൺ കെന്നഡി എന്നിവരെ കൊണ്ടുവന്നു. പ്രശാന്തിന് പകരം കാലിക്കറ്റ് അനികേത് യാദവിനും അവസരം നൽകി. എഴുപത്തിരണ്ടാം മിനിറ്റിൽ കാലിക്കറ്റിന്റെ മൂന്നാം ഗോൾ. മൂന്ന് പ്രതിരോധക്കാരെയും ഗോളിയെയും കബളിപ്പിച്ച് ഗോൾ നേടിയത് മുഹമ്മദ് അജ്സൽ. മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും നനഞ്ഞുകുതിർന്ന പിച്ചിൽ സ്കോറിങ് ദുഷ്കരമായി. ഗോളിയില്ലാത്ത പോസ്റ്റിൽ പോലും ഗോളടിക്കാനാവാതെ കളിക്കാർ കുഴഞ്ഞു. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കേ നിധിൻ മധുവും പകരക്കാരൻ കെന്നഡിയും ഗോൾ നേടി മലപ്പുറത്തിന് ആവേശ സമനില സമ്മാനിച്ചു. റോയ് കൃഷ്ണ പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ കെന്നഡി റീബൗണ്ടിലൂടെ ഗോൾ നേടുകയായിരുന്നു (3-3). 22956 കാണികൾ മത്സരം കാണാനെത്തി
മൂന്നാം റൗണ്ടിലെ അവസാന മത്സരം ഒക്ടോബർ 24 ന് നടക്കും. ഫോഴ്‌സ കൊച്ചി എഫ്സിക്ക് കണ്ണൂർ വാരിയേഴ്‌സ് എഫ്സിയാണ് എതിരാളികൾ. പുതുതായി സജ്ജമാക്കിയ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.