ഗോളടിച്ചും അടിപ്പിച്ചും മെർട്ടൻസ്, ഡെന്മാർക്കിനെ മറികടന്നു ബെൽജിയം

യുഫേഫ നേഷൻസ്‌ ലീഗിൽ തങ്ങളുടെ ആദ്യ മത്സരം ജയത്തോടെ തുടങ്ങി ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. ഇത് തുടർച്ചയായ 11 മത്തെ മത്സരത്തിൽ ആണ് ചുവന്ന ചെകുത്താന്മാർ ജയം കാണുന്നത്. പല പ്രമുഖ താരങ്ങളും ഇല്ലാതെയാണ് ബെൽജിയം ഇന്ന് കളത്തിൽ ഇറങ്ങിയത്. ബോൾ കൈവശം വക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് തുല്യത പുലർത്തിയപ്പോൾ ബെൽജിയം ആണ് കൂടുതൽ അവസരങ്ങൾ തുറന്നത്.

കളി തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ ബെൽജിയം മത്സരത്തിൽ മുന്നിലെത്തി. ലിയോൺ പ്രതിരോധനിര താരം ഡീനയാർ ആണ് മെർട്ടൻസിന്റെ പാസിൽ നിന്നു ലോക ഒന്നാം നമ്പർ ടീമിന് ലീഡ് സമ്മാനിക്കുന്നത്. തുടർന്ന് കളി ഏതാണ്ട് സമാസമം ആയി തന്നെ തുടർന്നു. രണ്ടാം പകുതിയിൽ 76 മത്തെ മിനിറ്റിൽ മെർട്ടൻസിന്റെ ഗോൾ ബെൽജിയത്തിന്റെ ജയം ഉറപ്പിച്ചു. ഇംഗ്ലണ്ട്, ഐസിലാന്റ് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ ഇപ്പോൾ ബെൽജിയം ആണ് മുന്നിൽ.