അമേരിക്ക മെസ്സി ഭരിക്കുന്നു!! വീണ്ടും ഇരട്ട ഗോൾ
ലയണൽ മെസ്സിക്ക് അമേരിക്കയിൽ സ്വപ്ന തുടക്കമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് വീണ്ടും മെസ്സി ഇരട്ട ഗോളുകൾ നേടി. ഇന്ന് ലീഗ്സ് കപ്പിൽ ഇന്റർ മയാമി ഒർലാണ്ടോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മൂന്നിൽ രണ്ടു ഗോളുകളും മെസ്സിയുടേതായിരുന്നു. ഈ ജയത്തോടെ ഇന്റർ മയാമി ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു.

മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. റോബേർട് തോമസ് ടെയ്ലറിന്റെ പാസ് നെഞ്ചിൽ ഏറ്റുവാങ്ങി ഒരു വോളിയിലൂടെ മെസ്സി വലയിലേക്ക് എത്തിക്കുകയായിരുന്നു.
ഈ ഗോളിന് 17ആം മിനുട്ടിൽ അറോഹോ വിലിഷസിലൂടെ ഒർലാണ്ടോ മറുപടി നൽകി. സ്കോർ 1-1. കളി ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ അറ്റാക്ക് ശക്തമാക്കിയ ഇന്റർ മയായി 51ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലീഡ് വീണ്ടെടുത്തു. മെസ്സി അല്ല ജോസഫ് മാർട്ടിനസ് ആണ് പെനാൾട്ടി എടുത്ത് ലക്ഷ്യത്തിൽ എത്തിച്ചത്.
Doblete de MESSI 2️⃣#MIAvORL | 3-1 | 📺#MLSSeasonPass on @AppleTV pic.twitter.com/8ryNpYhBZK
— Inter Miami CF (@InterMiamiCF) August 3, 2023
ഇതിനു ശേഷം 72ആം മിനുട്ടിൽ മെസ്സി വീണ്ടും ഗോൾ കണ്ടെത്തി. ജോസഫ് മാർട്ടിനസിന്റെ അസിസ്റ്റിൽ നിന്ന് മെസ്സിയുടെ ഒരു വലം കാലൻ ഫിനിഷ് ആണ് ഗോളായി മാറിയത്. സ്കോർ 3-1. മെസ്സിക്ക് ഇതോടെ മയാമിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളായി.
ജോർദി ആൽബ ഇന്ന് ഇന്റർ മയാമിക്കായി അരങ്ങേറ്റം നടത്തി. ബുസ്കറ്റ്സ് ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു.