മെസ്സിയെ ടീമിൽ നിലനിർത്താൻ പിഎസ്ജി ശ്രമങ്ങൾ ആരംഭിക്കുന്നു

20220913 154108

ലയണൽ മെസ്സിയെ ടീമിൽ നിലനിർത്താൻ പിഎസ്ജി ശ്രമിച്ചേക്കും. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ’എക്വിപെയാണ് ഇത് സംബന്ധിച്ച് ആദ്യ സൂചനകൾ നൽകിയിരിക്കുന്നത്. മെസ്സിയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കെ താരത്തെ രണ്ടു വർഷത്തേക്ക് കൂടി ടീമിൽ നിലനിർത്താനുള്ള സാധ്യതയാണ് പിഎസ്ജി പരിഗണിക്കുന്നത്. താരവുമായി ഔദ്യോഗിക ചർച്ചകൾ ഒന്നും ഇതുവരെ നടന്നിട്ടില്ല. നിലവിൽ മെസ്സി തന്റെ മികച്ച ഫോമിൽ തന്നെയാണ് പിഎസ്‌ജിക്ക് വേണ്ടി പന്തു തട്ടുന്നത്.

മെസ്സി

എന്നാൽ തന്റെ കരിയറിലെ തന്നെ സുപ്രധാനമായ ലോകകപ്പ് അടുത്തിരിക്കെ പിഎസ്ജിയുമായി ഉടനെ കരാർ ചർച്ചകളിലേക്ക് താരം കടന്നേക്കില്ല. ലോകകപ്പിന് ശേഷമാകും താരം തന്റെ ഭാവി തീരുമാനിക്കുക. അതേ സമയം മെസ്സിയെ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന സൂചനകൾ ബാഴ്‌സ പ്രെസിഡന്റ് ലപോർട അടുത്ത കാലത്ത് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ താരത്തെ ടീമിൽ നിലനിർത്താൻ പിഎസ്ജി ശക്തമായി തന്നെ ശ്രമിച്ചേക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. മാത്രവുമല്ല കരാറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നാൽ താരത്തിന് മറ്റ് ടീമുകളുമായി ചർച്ച നടത്താം എന്നതിനാൽ പിന്നെ കരാർ പുതുക്കുന്ന ചർച്ചകൾ പിഎസ്ജിക്ക് വലിയ ബുദ്ധിമുട്ട് ആവും.