ഇറ്റാലിയൻ മെസിയെ സ്വന്തമാക്കി മൊണാക്കോ

ഇറ്റാലിയൻ യുവതാരം പിയട്രോ പെല്ലെഗ്രിയെ ലീഗ് വൺ ക്ലബ്ബായ എഎസ് മൊണാക്കോ ടീമിൽ എത്തിച്ചു. 16 കാരനായ താരം 20 മില്യൺ യൂറോയ്ക്കാണ് മൊണാക്കോ സ്വന്തമാക്കിയതെന്നു റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇറ്റാലിയൻ U17 ടീമിൽ അംഗമായ പെല്ലെഗ്രി ജെനോവയിൽ നിന്നുമാണ് മൊണാക്കോയിലേക്കെത്തുന്നത്. സീരി എ യിലെ വമ്പന്മാരായ യുവന്റസിലേക്ക് താരം മാറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ലീഗ് വൺ ചാമ്പ്യന്മാരെയായിരുന്നു പെല്ലെഗ്രി തിരഞ്ഞെടുത്തത്.

അടുത്ത ലയണൽ മെസിയായി പെല്ലെഗ്രിയെ വാഴ്ത്തിയത് ജെനോവ പ്രസിഡന്റ് എൻറിക്കോ പ്രെസിയോസിയാണ്. സീരി എയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി റോമൻ ഇതിഹാസം അമേഡിയോ അമ്‌ടെയുമായി പങ്കുവെയ്ക്കുന്ന താരം കൂടിയാണ് പെല്ലെഗ്രി. 2016 ഡിസംബറിൽ 15 വയസും 280 ദിവസവുമായിരുന്നു അരങ്ങേറ്റം കുറിക്കുമ്പോൾ പെല്ലെഗ്രിയുടെ പ്രായം. എഎസ് ലെജൻഡ് ഫ്രാൻസെസ്കോ ടോട്ടിയുടെ അവസാന മത്സരത്തിലാണ് പെല്ലെഗ്രി തന്റെ ആദ്യ ലീഗ് ഗോൾ നേടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial