എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് ചാരം, ബാഴ്‌സലോണക്ക് ഉജ്ജ്വല ജയം

- Advertisement -

എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് തോൽവി. ഒന്നിനെതിരെ അഞ്ച്  ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിനെതിരെ ബാഴ്‌സലോണയുടെ ജയം. ബാഴ്‌സലോണയുടെ ആധിപത്യം കണ്ട ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് പൊരുതി നോക്കിയെങ്കിലും രണ്ടാം പകുതിയിൽ മാഡ്രിഡ് വലയിൽ നാല് ഗോൾ കൂടി അടിച്ചു കയറ്റി ബാഴ്‌സലോണ ജയം സ്വന്തമാക്കുകയായിരുന്നു. ഹാട്രിക്കോടെ ലൂയിസ് സുവാരസ് ആണ് ബാഴ്‌സലോണയുടെ വിജയം എളുപ്പമാക്കിയത്.

ആദ്യ പകുതിയിൽ കൂട്ടീഞ്ഞോയുടെ ഗോളിലൂടെയാണ് ബാഴ്‌സലോണ മുൻപിലെത്തിയത്. ജോർഡി അൽബയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവിലാണ് ബാഴ്‌സലോണ ഗോൾ നേടിയത്.  തുടർന്ന് 29മത്തെ മിനുട്ടിൽ പെനാൽറ്റിയിലൂടെ ബാഴ്‌സലോണ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ലൂയിസ് സുവാരസിനെ വരനെ വീഴ്ത്തിയതിന് ലഭിച്ച ലഭിച്ച പെനാൽറ്റി ഗോളാക്കി സുവാരസ് തന്നെ ഗോളാക്കുകയായിരുന്നു. റഫറി വാർ പരിശോധിച്ചതിനു ശേഷമായിരുന്നു പെനാൽറ്റി നൽകിയത്.

എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത റയൽ മാഡ്രിഡ് മത്സരത്തിലേക്ക് തിരിച്ചു വരുമെന്ന് തോന്നിച്ച പ്രകടനമാണ് പുറത്തെടുത്തത്. അതിന്റെ പ്രതിഫലമെന്നോണം രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് മാഴ്‌സെലോയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത റയൽ മാഡ്രിഡ് മത്സരത്തിൽ സംപൂർണ ആധിപത്യം പുലർത്തുകയും ചെയ്തു. ഇതിനിടെ മത്സരം സമനിലയിലാക്കാനുള്ള മോഡ്രിച്ചിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു.

തുടർന്ന് ബാഴ്‌സലോണക്ക് വേണ്ടി സുവാരസിന്റെ ശ്രമവും പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മത്സരത്തിന്റെ നിയന്ത്രണം ബാഴ്‌സലോണ ഏറ്റെടുത്തത്.സെർജിയോ റോബർട്ടോയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഗോൾ നേടിയ സുവാരസ് ഡെംബലെയുടെ പാസിൽ നിന്ന് ബാഴ്‌സലോണയുടെ നാലാമത്തെ ഗോളും തന്റെ ഹാട്രിക്കും തികച്ചു.

തുടർന്നാണ് പകരക്കാരനായി ഇറങ്ങിയ വിദാൽ ബാഴ്‌സലോണയുടെ അഞ്ചാമത്തെ ഗോളും നേടി റയൽ മാഡ്രിഡിനെ നാണം കെടുത്തിയത്. കഴിഞ്ഞ 7 മത്സരങ്ങളിൽ റയൽ മാഡ്രിഡിന്റെ അഞ്ചാമത്തെ പരാജയമായിരുന്നു ഇത്. തോൽവിയോടെ റയൽ മാഡ്രിഡ് പരിശീലകൻ ലോപെടോഗിയുടെ ഭാവി തുലാസിലായി. ജയത്തോടെ ബാഴ്‌സലോണ ലാ ലീഗ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 10 മത്സരങ്ങളിൽ നിന്ന് ബാഴ്‌സലോണ 21 പോയിന്റാണുള്ളത്.

Advertisement