ഫെർമിൻ ലോപ്പസിന് വീണ്ടും പരുക്ക്, മൂന്നാഴ്ചത്തേക്ക് കൂടെ പുറത്ത്

ബാഴ്‌സലോണ മിഡ്ഫീൽഡർ ഫെർമിൻ ലോപ്പസിന് പരിശീലനത്തിലേക്ക് മടങ്ങി എത്തിയതിന് തൊട്ടുപിന്നാലെ വീണ്ടും പരുക്ക്. മൊണാക്കോയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനുള്ള ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ലോപ്പസിനെ പുതിയ പരിക്ക് കൂടുതൽ കാലം പുറത്തിരുത്തും.

ബാഴ്‌സലോണ ഒരു പ്രസ്താവനയോടെ പരുക്കിന്റെ വാർത്ത സ്ഥിരീകരിച്ചു: “ഇന്ന് രാവിലെ പരിശീലനത്തിനിടെ, ഫെർമിൻ ലോപ്പസിൻ്റെ വലതുവശത്തെ ക്വാഡ്രൈസെപ്പിലെ റെക്ടസ് ഫെമോറിസ് പേശിക്ക് പരിക്കേറ്റു. ഏകദേശം മൂന്നാഴ്ചയോളം അദ്ദേഹം പുറത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” പ്രസ്താവനയിൽ പറയുന്നു.

ഈ പരിക്ക് അദ്ദേഹത്തിൻ്റെ മുൻ പ്രശ്‌നവുമായി ബന്ധമില്ലാത്തതാണ് എന്നും ക്ലബ് അറിയിച്ചു‌. പരിക്ക് കാരണം ഡാനി ഓൾമോയെയും ബാഴ്സലോണക്ക് നഷ്ടമായിരുന്നു.

വ്യാഴാഴ്‌ച മൊണാക്കോയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് ഓപ്പണർ ഉൾപ്പെടെ പ്രധാന മത്സരങ്ങൾക്കായി ടീം തയ്യാറെടുക്കുമ്പോൾ വലിയ തിരിച്ചടിയാണ് ഈ വാർത്തകൾ.

ബാഴ്സലോണക്ക് വൻ തിരിച്ചടി, ഡാനി ഓൾമോ പരിക്ക് കാരണം 5 ആഴ്ചത്തേക്ക് പുറത്ത്

എഫ്‌സി ബാഴ്‌സലോണ ഫോർവേഡ് ഡാനി ഓൾമോ വലത് ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെത്തുടർന്ന് നാലോ അഞ്ചോ ആഴ്ചത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കും എന്ന് തിങ്കളാഴ്ച രാവിലെ നടത്തിയ മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. ഞായറാഴ്ച ലാ ലിഗയിൽ ജിറോണയ്‌ക്കെതിരെ ബാഴ്‌സലോണ 4-1 ന് ജയിച്ചപ്പോൾ പരിക്ക് കാരണം ഓൾമോ കളം വിടേണ്ടി വന്നിരുന്നു.

ബാഴ്സയുടെ പ്രധാന സമ്മർ സൈനിംഗായ ഓൾമോ തൻ്റെ ബാഴ്‌സലോണ കരിയറിന് ഗംഭീര തുടക്കമാണ് കുറിച്ചത്. തൻ്റെ ആദ്യ മൂന്ന് ലീഗ് മത്സരങ്ങളിലും ഓൾമോ സ്‌കോർ ചെയ്തു – 2011നു ശേഷം ആദ്യമായാണ് ഒരു ബാഴ്സലോണ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. .

25-കാരൻ വ്യാഴാഴ്ച മൊണാക്കോയ്‌ക്കെതിരായ ബാഴ്‌സലോണയുടെ വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ പങ്കെടുക്കുക്കില്ല.

യമാൽ എന്ന അത്ഭുതം, ബാഴ്സലോണ ലാലിഗയിലെ കുതിപ്പ് തുടരുന്നു

ജിറോണയ്‌ക്കെതിരെ 4-1ന് വിജയിച്ച ബാഴ്സലോണ തങ്ങളുടെ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഇന്ന് ആദ്യ പകുതിയിൽ ലാമിൻ യമാൽ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയപ്പോൾ ഡാനി ഓൾമോയും പെദ്രിയും ബാക്കി ഗോളുകൾ നേടി. ജിറോണയുടെ ക്രിസ്ത്യൻ സ്റ്റുവാനി ആണ് അവരുടെ ആശ്വാസ ഗോൾ നേടിയത്. ബാഴ്‌സലോണ കളിയിൽ മുഴുവൻ ആധിപത്യം പുലർത്തി.

യമാൽ ബാഴ്സലോണയുടെ ഭാവി ആണെന്ന് അടിവരയിടുന്ന രണ്ട് ഗോളുകൾ ആണ് ഇന്ന് നേടിയത്. പ്രതിരോധത്തിലെ പിഴവുകൾ മുതലാക്കി ആയിരുന്നു ഓൾമോയുടെ ഗോൾ.. ഫെറാൻ ടോറസിന് അവസാനം ചുവപ്പ് കാർഡ് ഉണ്ടായിരുന്നിട്ടും, ബാഴ്‌സലോണ അവരുടെ ലീഡ് നിലനിർത്തുകയും 15 പോയിൻ്റുമായി റയൽ മാഡ്രിഡിനും വിയ്യ റിയലിനും മുന്നിൽ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്തു.

ലുനിൻ റയൽ മാഡ്രിഡിൽ കരാർ പുതുക്കും

റയൽ മാഡ്രിഡ് ഗോൾ കീപ്പർ ആയ ആൻഡ്രി ലുനിൻ ക്ലബിൽ കരാർ പുതുക്കും. ലുനിന്റെ കരാർ 2025ൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. താരത്തിന് മുന്നിൽ റയൽ മാഡ്രിഡ് ൽ ഒരു ദീർഘകാല കരാർ വെച്ചിരുന്നു. അത് താരം അംഗീകരിച്ചു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2028വരെയാകും താരത്തിന്റെ പുതിയ കരാർ.

2018-ൽ ആയിരുന്നു ലുനിൽ റയലിൽ എത്തിയത്. അന്ന് മുതൽ കോർതോയുടെ പുറകിൽ ആയിരുന്നു താരം. എന്നാൽ കഴിഞ്ഞ സീസണിൽ കോർതോ പരിക്കേറ്റ് പുറത്തായപ്പോൾ ലുനിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്തു. പല വലിയ മത്സരങ്ങളിലും നിർണായക സേവുകൾ നടത്തി റയലിന്റെ രക്ഷകനായി.

കോർതോ തിരികെ വന്നപ്പോൾ വീണ്ടും ലുനിൻ രണ്ടാം ഗോൾ കീപ്പർ ആയെങ്കിലും താരം ക്ലബിൽ തുടരാൻ തന്നെ തീരുമാനിച്ചു. 25-കാരൻ ഉക്രൈൻ ദേശീയ ടീം താരം കൂടിയാണ്‌.

ബാലൺ ഡി ഓർ നോമിനേഷൻ അർഹിച്ചിരുന്നു എന്ന് റോഡ്രിഗോ

ബാലൺ ഡി ഓർ നോമിനികളിൽ ഉൾപ്പെടാത്തതിലുള്ള നിരാശ പങ്കുവെച്ച് റയൽ മാഡ്രിഡ് താരം റോഡ്രിഗോ “അവർ എന്നെ ബാലൺ ഡി ഓർ നോമിനികളിൽ ഉൾപ്പെടുത്താത്തത് കണ്ടപ്പോൾ ഞാൻ നിരാശനായിരുന്നു.” റയൽ മാഡ്രിഡ് ഫോർവേഡ് താൻ ലിസ്റ്റിൽ ഒരു സ്ഥാനത്തിന് അർഹനാണെന്ന് വിശ്വസിക്കുന്നു എന്ന് കൂട്ടിച്ചേർത്തു.

“അവിടെയുള്ള കളിക്കാരെ ഇകഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ എനിക്ക് അവിടെ ഒരു സ്ഥാനമുണ്ടെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം പറഞ്ഞു.

തിരിച്ചടികൾക്കിടയിലും, റയൽ മാഡ്രിഡിനൊപ്പം കിരീടങ്ങൾ നേടാനുള്ള തൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് റോഡ്രിഗോ തൻ്റെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് പറഞ്ഞു. “റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്, അവിടെ എല്ലാ കിരീടങ്ങളും നേടാൻ ഞാം ആഗ്രഹിക്കുന്നു. ഇതുവരെ വിജയിച്ച കിരീടങ്ങൾ എല്ലാം വീണ്ടും ജയിക്കാനും താൻ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.

എഡർ മിലിറ്റാവോയ്ക്കും പരിക്ക്, റയൽ മാഡ്രിഡിന് തിരിച്ചടി

ഇക്വഡോറിനും പരാഗ്വെയ്‌ക്കുമെതിരായ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി റയൽ മാഡ്രിഡ് ഡിഫൻഡർ എഡർ മിലിറ്റാവോയ്ക്ക് പരിക്ക്. പേശിക്കേറ്റ പരിക്ക് കാരണം ബ്രസീലിൻ്റെ പരിശീലന ക്യാമ്പ് വിടാൻ താരം നിർബന്ധിതനായതായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) വ്യാഴാഴ്ച സ്ഥിരീകരിച്ചു.

ബുധനാഴ്ചത്തെ പരിശീലനത്തിന് ശേഷം വലത് തുടയിൽ അസ്വസ്ഥതയുണ്ടെന്ന് 26 കാരനായ സെൻ്റർ ബാക്ക് പരാതിപ്പെട്ടു. വ്യാഴാഴ്ച നടന്ന മെഡിക്കൽ പരിശോധനയിൽ പേശികളിൽ ചെറിയ പരിക്ക് കണ്ടെത്തി, മിലിറ്റാവോയെ വരാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഇത് പുറത്താക്കുന്നു. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച സിബിഎഫ് താരത്തിന് പിന്തുണ അറിയിച്ചു.

ACL ഇഞ്ച്വറി കാരണം കഴിഞ്ഞ സീസൺ ഭൂരിഭാഗവും നഷ്‌ടമായ മിലിറ്റാവോ, ഈ സീസൺ തുടക്കത്തിൽ പരിക്കിൻ്റെ പ്രശ്‌നങ്ങൾ നേരിടുന്ന റയൽ മാഡ്രിഡ് കളിക്കാരുടെ വർദ്ധിച്ചുവരുന്ന പട്ടികയിലേക്ക് ഇതോടെ ചേരുകയാണ്. മിഡ്ഫീൽഡർ ഔറേലിയൻ ചൗമേനി, ലെഫ്റ്റ് ബാക്ക് ഫെർലാൻഡ് മെൻഡി, എഡ്വേർഡോ കാമവിംഗ, ഡാനി സെബയോസ്, ജൂഡ് ബെല്ലിംഗ്ഹാം, ഡേവിഡ് അലബ എന്നിവരും റയൽ നിരയിൽ പരിക്കേറ്റ് പുറത്താണ്‌.

ബാഴ്സലോണ ഏതാ കളി!! ഏഴ് ഗോൾ വിജയം

ബാഴ്സലോണ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ അത്ഭുതങ്ങൾ കാണിക്കുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ബാഴ്സലോണ ഇന്ന് ലാലിഗയിലെ നാലാം മത്സരത്തിൽ റയ വയ്യഡോയിഡിനെ തകർത്തു കളഞ്ഞു. എതിരില്ലാത്ത ഏഴ് ഗോകളുകൾക്ക് ആണ് ബാഴ്സലോണ ഇന്ന് വിജയിച്ചത്. ഹാട്രിക്കുമായി റാഫിഞ്ഞ ബാഴ്സലോണക്ക് ആയി തിളങ്ങി നിന്നു.

ഹാട്രിക്ക് നേടിയ റാഫിഞ്ഞ

മത്സരത്തിന്റെ 20ആം മിനുട്ടിൽ റാഫിഞ്ഞയിലൂടെ ആണ് ബാഴ്സലോണ ഗോളടി തുടങ്ങിയത്. 24ആം മിനുട്ടിൽ യമാലിന്റെ അസിസ്റ്റിൽ നിന്ന് ലെവൻഡോസ്കിയിലൂടെ ബാഴ്സലോണ തങ്ങളുടെ രണ്ടാം ഗോൾ നേടി. ആദ്യ പകുതി അവസാനം കൗണ്ടെയുടെ ഗോൾ കൂടെ വന്നതോടെ ആദ്യ പകുതി 3-0ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ റാഫിഞ്ഞ തന്റെ രണ്ടാം ഗോൾ നേടി. 72ആം മിനുട്ടിൽ ഹാട്രിക്ക് ഗോളും വന്നു. ഇത്തവണ ലമിനെ യമാലിന്റെ മനോഹര അസിസ്റ്റാണ് ഗോൾ ഒരുക്കികൊടുത്തത്.

പിറകെ ഓൽമോയും ഫെറൻ ടോറസും കൂടെ ഗോൾ നേടിയതോടെ ബാഴ്സലോണയുടെ വിജയം പൂർത്തിയായി. 4 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ബാഴ്സലോണ ഒന്നാമത് നിൽക്കുകയാണ്.

റയൽ മാഡ്രിഡിന് വീണ്ടും സമനില, എംബപ്പെക്ക് വീണ്ടും ഗോൾ ഇല്ല

ഇന്നലെ ലാസ് പാൽമാസിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ റയൽ മാഡ്രിഡ് ലാസ് പാൽമാസിന് എതിരെ 1-1 എന്ന സമനിലയിൽ പിരിഞ്ഞു. ആതിഥേയരെ മുന്നിലെത്തിച്ച് ലാസ് പാൽമാസിനായി അഞ്ചാം മിനുട്ടിൽ മൊലേരിയോ ഗോൾ. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ പാൽമാസിനായി. 69ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിൻ്റെ ഗോളിൽ റയൽ മാഡ്രിഡ് സമനില പിടിച്ചു. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഈ ഗോൾ.

അടുത്തിടെ റോയൽ മാഡ്രിഡിൽ ചേർന്ന കൈലിയൻ എംബാപ്പെ ഗോളടിക്കാൻ പലതവണ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഈ മത്സരം ലാ ലിഗയിലെ എംബപ്പെയുടെ ഗോൾ ഇല്ലാത്ത മൂന്നാമത്തെ മത്സരമാണ്. ക്ലബ്ബിനായുള്ള തൻ്റെ ആദ്യ ലാലിഗ ഗോളിനായുള്ള തിരച്ചിലിലാണ് അദ്ദേഹം.

ഈ ഫലം റയൽ മാഡ്രിഡിൻ്റെ മൂന്ന് മത്സരങ്ങളിൽ നിന്നുള്ള രണ്ടാം സമനിലയാണ്, അവരുടെ സീസൺ തുടക്കത്തിലെ ഈ ഫോം ആശങ്കകൾ ഉയർത്തുന്നു. കിരീടപ്പോരാട്ടത്തിൽ പിന്നാക്കം പോകാതിരിക്കാൻ ടീം വേഗത്തിൽ വിജയ വഴിയിൽ എത്തേണ്ടതുണ്ട്.

എംബപ്പെ ഗോൾ അടിക്കാത്തതിൽ ആശങ്ക ഇല്ല എന്ന് ആഞ്ചലോട്ടി

സീസണിലെ ആദ്യ രണ്ട് ലാ ലിഗ മത്സരങ്ങളിൽ എംബപ്പെ ഗോൾ അടിച്ചില്ല എന്നതിൽ തനിക്ക് യാതൊരു ആശങ്കയും ഇല്ല എന്ന് റയൽ മാഡ്രിഡ് ബോസ് കാർലോ ആഞ്ചലോട്ടി. കൈലിയൻ എംബാപ്പെയോ വിനീഷ്യസ് ജൂനിയറോ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടതിൽ ആശങ്കപ്പെടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

യുവേഫ സൂപ്പർ കപ്പിൽ അറ്റലാൻ്റയ്‌ക്കെതിരായ മത്സരത്തിൽ എംബപ്പെ ഗോളടിച്ചു എങ്കിലും മയ്യോർക്കയ്ക്ക് എതിരെയും വയ്യഡോയിഡിന് എതിരെയും എംബപ്പെ ലക്ഷ്യം കണ്ടിരുന്നില്ല. വിനീഷ്യസും ഈ സീസണിലെ ആദ്യ 3 കളിയിൽ ഗോളടിച്ചിട്ടില്ല.

“എംബപ്പെയുടെ അവസാന ഗോൾ ഓഗസ്റ്റ് 14 ന് ആയിരുന്നു. അതിനുശേഷം രണ്ടാഴ്ചയേ ആയിട്ടുള്ളൂ, അതിൽ വിഷമിക്കേണ്ട കാര്യമില്ല. ഒരു ക്ലബ്ബെന്ന നിലയിൽ ഞങ്ങളോ അവനോ വിഷമിക്കുന്നില്ല,” പത്രസമ്മേളനത്തിൽ ആഞ്ചലോട്ടി പറഞ്ഞു.

“എംബപ്പെ ഇവിടെ വളരെ സന്തോഷവാനാണ്, സന്തോഷവാനാണ്, അടുത്ത മത്സരത്തിൽ അവൻ സ്കോർ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാണ്. അതുപോലെ തന്നെ ഈ സീസണിൽ ഇതുവരെ സ്കോർ ചെയ്യാനാകാത്ത വിനീഷ്യസും ഗോളടിക്കാത്തതിൽ വിഷമിക്കുന്നതായി ഞാൻ കാണുന്നില്ല.”

ഡി യോങ് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരും എന്ന് റിപ്പോർട്ടുകൾ

ബാഴ്സലോണ മധ്യനിര താരം ഫ്രാങ്കി ഡി യോംഗ് പൂർണ്ണ ഫിറ്റ്നസിൽ തിരികെയെത്തണം എങ്കിൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരും. ഇപ്പോൾ ആങ്കിളിനേറ്റ പരിക്ക് കാരണം ഡി യോംഗ് പുറത്താണ്. സെപ്റ്റംബറിൽ നടക്കുന്ന ജിറോണക്ക് എതിരായ മത്സരത്തോടെ ഡി യോംഗ് കളത്തിൽ തിരികെയെത്തും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ. എന്നാൽ കാര്യങ്ങൾ ഡി യോംഗിനും ബാഴ്സലോണക്കും എളുപ്പമല്ല.

ഡി യോംഗിന്റേത് ക്രോണിക് ഇഞ്ച്വറി ആണെന്നും ശസ്ത്രക്രിയ നടത്തിയില്ല എങ്കിൽ താരത്തിന് പൂർണ്ണ ഫിറ്റ്നസിലേൽക് മടങ്ങിയെത്താൻ ആകില്ല എന്നുമാണ് വരുന്ന വാർത്തകൾ. ശസ്ത്രക്രിയ നടത്തിയാൽ ചുരുങ്ങിയത് നാല് മാസം എങ്കിലും ഡി യോംഗ് പുറത്തിരിക്കേണ്ടി വരും. ഇതിനാൽ ശസ്ത്രക്രിയയുടെ കാര്യത്തിൽ ക്ലബോ താരമോ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ബാഴ്സലോണ യുവതാരം ബെർണലിന് ACL ഇഞ്ച്വറി

ബാഴ്സലോണ യുവതാറ്റം മാർക്ക് ബെർണലിന് പരിക്ക്. ഇന്നലെ റായോ വല്ലെക്കാനോയ്‌ക്കെതിരായ മത്സരത്തിന് ഇടയിലാണ് മിഡ്‌ഫീൽഡർ മാർക്ക് ബെർണലിന് ആൻ്റീരിയർ ക്രൂസിയേറ്റ് ലിഗമെൻ്റിന് പരിക്കേറ്റത്‌. താരം ഇനി ഈ സീസൺ അവസാനം മാത്രമെ തിരികെയെത്താൻ സാധ്യതയുള്ളൂ. 7 മാസം എങ്കിലും വിശ്രമം വേണ്ടി വരും.

ഇന്നലെ മത്സരത്തിൻ്റെ അവസാന മിനിറ്റുകളിൽ ആയിരുന്നു 17 കാരനായ ബെർണലിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. യുവതാരത്തെ ബുധനാഴ്ച പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പരിശീലകൻ ഹൻസി ഫ്ലിക്ക് പറഞ്ഞു. മാർക്ക് ബെർണലിന് പരിക്കേറ്റത് വളരെ സങ്കടകരമാണെന്നും അത് അത്ര നല്ലതല്ലെന്നും മത്സരത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഫ്ലിക് പറഞ്ഞു.

പ്രീസീസണിൽ നല്ല പ്രകടനം നടത്തി ഫ്ലിക്കിന്റെ വിശ്വാസം നേടിയ ബെർണൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചിരുന്നു.

അരങ്ങേറ്റത്തിൽ തന്നെ പുതിയ റെക്കോർഡ് കുറിച്ച് എൻഡ്രിക്

സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിനു ആയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ പുതിയ റെക്കോർഡ് കുറിച്ച് ബ്രസീലിയൻ യുവതാരം എൻഡ്രിക്. റയൽ വയ്യഡോയൊഡിനു എതിരായ റയൽ മാഡ്രിഡിന്റെ 3-0 ന്റെ ജയത്തിൽ അവസാന ഗോൾ ആണ് എൻഡ്രിക് നേടിയത്. പകരക്കാരനായി ഇറങ്ങി 10 മിനിറ്റ് കളിച്ച താരം 96 മത്തെ മിനിറ്റിൽ ഉഗ്രൻ അടിയിലൂടെ ബ്രാഹിം ഡിയാസിന്റെ പാസിൽ നിന്നാണ് ഗോൾ നേടിയത്.

എൻഡ്രിക്

കിലിയൻ എംബപ്പെക്ക് പകരക്കാരനായി ഇറങ്ങി തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ബ്രസീലിയൻ യുവതാരം ഇതോടെ റയൽ മാഡ്രിഡ് ചരിത്രത്തിൽ അവർക്ക് ആയി സ്പാനിഷ് ലാ ലീഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശതാരമായി മാറി. 18 വയസ്സും 35 ദിവസവും മാത്രം പ്രായമുള്ള എൻഡ്രിക് ഗോളിലൂടെ റയൽ മാഡ്രിഡ് ചരിത്ര പുസ്തകത്തിൽ ആണ് ഇതോടെ സ്ഥാനം പിടിച്ചത്.

Exit mobile version