അവസാന വഴിയും പുറത്തെടുത്ത് ബാഴ്സലോണ; പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യും

ടീമിലേക്ക് പുതുതായി എത്തിച്ച താരങ്ങളെ ലാ ലീഗയിൽ രജിസ്റ്റർ ചെയ്യുന്നതിൽ തടസം നേരിട്ട ബാഴ്‌സലോണ തങ്ങളുടെ അവസാന പിടിവള്ളിയിൽ തന്നെ പിടിച്ചു കയറാൻ തീരുമാനിച്ചു. മാറ്റി വെച്ചിരുന്ന ബാഴ്‌സ സ്റ്റുഡിയോസിന്റെ ഓഹരികൾക്ക് പുതിയ ഉടമകളെ കണ്ടെത്താൻ ടീമിനായി. ഇതോടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ടീമിനാവും. ഇതിന് പുറമെ മാർക്കോസ് ആലോൻസോക്ക് വേണ്ടി ഇടക്ക് നിർത്തിവെച്ച നീക്കങ്ങൾ പുനരാരംഭിക്കും.

നേരത്തെ ബാഴ്‌സലോണ ടിവി റൈറ്റ്സിന്റെയും, സ്റ്റുഡിയോസിന്റെയും നിശ്ചിത ഓഹരികൾ വിൽപ്പനക്ക് വെച്ചാണ് ടീം വരുമാനം കണ്ടെത്തിയത്. ടീമിന്റെ ജേഴ്‌സി അടക്കമുള്ള ഉത്പന്നങ്ങൾ വിൽപ്പനക്ക് വെക്കുന്ന ബാഴ്‌സ സ്റ്റുഡിയോസിന്റെ നീക്കി വെച്ച ഓഹരികൾ മുഴുവനായി ബാഴ്‌സലോണ വിറ്റിരുന്നില്ല. അത്യവശ്യമെങ്കിൽ മാത്രം വിൽക്കാൻ വെച്ചിരുന്ന 24.5% ഓഹരികൾ ആണ് ഇപ്പോൾ പുതിയ ഉടമസ്ഥർക്ക് കൈമാറിയിരിക്കുന്നത്. കാറ്റലോണിയയിലെ പ്രമുഖ സിനിമ നിർമാതാവും ബിസിനസുകാരനുമായ ഹൗമെ റോറസിന്റെ ഉടമസ്ഥതയിലുള്ള ഓർഫിയസ് മീഡിയക്കാണ് നൂറു മില്യൺ യൂറോക്ക് ഇത് കൈമാറിയിരിക്കുന്നത്. ഇതോടെ പുതിയ താരങ്ങളെ ലീഗിൽ രെജിസ്റ്റർ ചെയ്യാൻ ബാഴ്‌സക്കാവും. ടീമിന്റെ നടപടിക്രമങ്ങളിൽ “4ത് ലവർ” ആയാണ് ഇതിനെ കാണുന്നത്. മറ്റൊരു ഗ്രൂപ്പിനെ ആയിരുന്നു കൈമറ്റത്തിനായി കണ്ടു വെച്ചിരുന്നതെങ്കിലും നിയമ തടസങ്ങൾ നേരിട്ടതോടെ ഓർഫിയസ് മീഡിയയുമായി ധാരണയിൽ എത്തുകയായിരുന്നു.

മാർക്കോസ് അലോൻസോയുമായി ചർച്ചകൾ നടത്തി ധാരണയിൽ എത്തിയിരുന്ന ടീമിന് ഇതോടെ താരത്തെ എത്തിക്കാനുള്ള നീക്കങ്ങളിലേക്ക് കടക്കാം. രജിസ്‌ട്രേഷൻ നടപടികൾ തീർത്തിട്ട് ഇടത് ബാക്കിനെ എത്തിക്കാനായിരുന്നു ടീമിന്റെ ഉദ്ദേശം.

Story Highlight: Barcelona have sold 24.5% of Barça Studios to Orpheus Media for €100m as they’re now set to activate the 4th lever.