FootballFeatured

കേരള പ്രീമിയര്‍ ലീഗ് 2; കണ്ണൂരില്‍ നടക്കും

Resizedimage 2026 02 14 17 28 23 1

കണ്ണൂര്‍: കേരള പ്രീമിയര്‍ ലീഗ് 2 കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി 16 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പത്ത് ടീമുകള്‍ പങ്കെടുക്കും. ലീഗ് അടിസ്ഥാനത്തില്‍ ദിവസവും ഒരു മത്സരം എന്ന ക്രമത്തില്‍ 30 മത്സരങ്ങളാണ് കണ്ണൂരില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുക. വൈകീട്ട് 4 മണിക്കാണ് മത്സരം.

ബ്രദേഴ്‌സ് ക്ലബ്, എഫ്‌സി ഇന്‍ബെറ്റ, എഫ്‌സി അരീക്കോട്, ഫാറൂഖ് കോളേജ്, സെന്റ് ജോസഫ് കോളേജ് ദേവഗിരി, ഷൂട്ടേഴ്‌സ് യുണൈറ്റഡ്, എഫ്‌സി കേരള, ലൂക്ക സോക്കര്‍ ക്ലബ്, ലിറ്റില്‍ ഫ്‌ളവര്‍ ഫുട്‌ബോള്‍ അക്കാദമി, ബാസ്‌ക്കോ ഒതുക്കുങ്ങള്‍ തുടങ്ങിയ ക്ലബുകള്‍ ഏറ്റുമുട്ടും. പോയന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്ന ടീം കേരള പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടും. അവസാന രണ്ട് സ്ഥാനക്കാര്‍ പുറത്ത് പോകും.

കെ.പി.എല്‍ 2 വില്‍ കഴിഞ്ഞ സീസണില്‍ നിലനിന്ന ടീമുകളും കഴിഞ്ഞ സീസണില്‍ കേരള പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട രണ്ട് ടീമുകള്‍ക്കും പുറമെ ജില്ലാ ലീഗുകളില്‍ നിന്ന് വിജയികളാകുന്ന ടീമുകളുടെ കെ.പി.എല്‍ യോഗ്യത മത്സരം കളിച്ച് വിജയികളാകുന്ന രണ്ട് ടീമുകളുമാണ് കെപിഎല്‍ 2 വില്‍ മത്സരിക്കുന്നത്. എഫ്‌സി ഇന്‍ബെറ്റ, ഷൂട്ടേഴ്‌സ് യുണൈറ്റഡ് എന്നീ ടീമുകളാണ് യോഗ്യത മത്സരങ്ങള്‍ കളിച്ച് കെ.പി.എല്‍ 2 വിന് യോഗ്യത നേടിയത്. എഫ്‌സി കേരള, സെന്റ് ജോസഫ് കോളേജ് ദേവഗിരി എന്നീ ടീമുകളാണ് കെ.പി.എല്‍ നിന്ന് കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തപ്പെട്ട ടീം.


ഫെബ്രുവരി 16 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂരില്‍ നിന്നുള്ള ബ്രദേഴ്‌സ് ക്ലബ്, എഫ്‌സി ഇന്‍ബെറ്റയെ നേരിടും. കേരള പ്രീമിയര്‍ ലീഗ് 2 ഉദ്ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര നിര്‍വഹിക്കും. ഡെപ്യൂട്ടി മെയര്‍ കെ.പി. താഹിര്‍ മുഖ്യാതിഥിയാകും. കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.കെ അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.പി. പവിത്രന്‍, അശോക് കുമാര്‍ കെ.വി. (സെക്രട്ടറി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍), എ.കെ. ഷെരീഫ് (എക്‌സിക്യുറ്റീവ് അംഗം, കെ.എഫ്.എ), ഒ.കെ. സലീഷ് (ജോ. സെക്രട്ടറി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍) തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.