അർജന്റീനക്കായി തൽകാലം തന്ത്രങ്ങൾ ഒരുക്കുക രണ്ട് പേർ

അർജന്റീനൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകരായി മുൻ താരങ്ങളായ പാബ്ലോ അയ്മർ, ലയണൽ സ്കളോണി എന്നിവരെ നിയമിച്ചു. താത്കാലികമായാണ് ഇരുവരെയും നിയമിച്ചിരിക്കുന്നത്.

അർജന്റീനൻ ഫുട്ബോൾ അസോസിയേഷനാണ് 40 വയസുകാരനായ ഇരുവരെയും നിയമിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് ഇറക്കിയത്. സെപ്റ്റംബറിൽ ഗോട്ടിമാല, കൊളംബിയ എന്നിവർക്ക് എതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കായി ഇരുവരുമാകും ടീമിനെ സജ്ജമാകുക. നിലവിൽ അർജന്റീന അണ്ടർ 20 ടീം പരിശീലകരാണ് ഇരുവരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രസീലിൽ ടിറ്റെ യുഗം 2022 വരെ തുടരും

ബ്രസീൽ ടീമിന്റെ പരിശീലകനായി ടിറ്റെ തുടരും.  2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് വരെയാണ് ടിറ്റെയുടെ കാലാവധി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നീട്ടിയത്. റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ പുറത്തായെങ്കിലും യോഗ്യത മത്സരങ്ങളിൽ അടക്കം ബ്രസീൽ ടിറ്റെക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ക്വാർട്ടറിൽ ബെൽജിയത്തോടാണ് ബ്രസീൽ പരാജയപ്പെട്ടത്. നെയ്മർ അടക്കം പല പ്രമുഖ താരങ്ങളും ടിറ്റെ ബ്രസീൽ പരിശീലകനായി തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മുൻ പരിശീലകൻ ദുംഗയിൽ നിന്ന് സ്ഥാനം ഏറ്റെടുത്ത ടിറ്റെ റഷ്യയിലേക്ക് ആദ്യം യോഗ്യത നേടുന്ന ടീമായി ബ്രസീലിനെ മാറ്റിയിരുന്നു. 2019ൽ ബ്രസീലിൽ തന്നെ വെച്ച് നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ആണ് ടിറ്റെക്ക് മുൻപിലുള്ള പ്രധാന വെല്ലുവിളി. ടിറ്റെയുടെ കീഴിൽ ബ്രസീൽ 20 മത്സരങ്ങൾ ജയിക്കുകയും നാല് മത്സരങ്ങൾ സമനിലയാവുകയും രണ്ട് മത്സരങ്ങൾ തോൽക്കുകയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസിലിനെതിരെ ആഞ്ഞടിച്ച് ബയേൺ പ്രസിഡന്റ്

കഴിഞ്ഞ ദിവസം ജർമൻ ടീമിൽ നിന്ന് വിരമിച്ച ആഴ്‌സണൽ താരം മെസ്യൂട് ഓസിലിനെ നിശിതമായി  വിമർശിച്ച് ബയേൺ മ്യൂണിക് പ്രസിഡന്റ് ഉലി ഹോനെസ്സ്. ലോകകപ്പിന് മുൻപ് തുർക്കി പ്രസിഡന്റിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷമാണു കഴിഞ്ഞ ദിവസം ഓസിൽ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ജർമ്മൻ ആരാധകരിൽനിന്നേറ്റ മോശം പെരുമാറ്റം കാരണമാണ്‌ താരം ദേശീയ ടീമിൽ നിന്ന് രാജിവെച്ചത്. ഇതിനു പിറകെയാണ് ബയേൺ പ്രസിഡന്റിന്റെ പ്രതികരണം.

താരത്തിന്റെ വിരമിക്കലിനെ സ്വാഗതം ചെയ്ത ബയേൺ പ്രസിഡന്റ് വർഷങ്ങളായി ഓസിൽ ജർമൻ ടീമിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും പറഞ്ഞു. 2014 ലോകകപ്പിന് മുൻപാണ് ഓസിൽ അവസാനമായി ഒരു ടാക്കിൾ വിജയിച്ചതെന്ന് പറഞ്ഞ ഹോനെസ്സ് ബയേൺ ആഴ്‌സണലിനെതിരെ കളിക്കുമ്പോൾ ആഴ്‌സണൽ ടീമിലെ അസ്ഥിരമായ കളിക്കാരനായി ഓസിലെ തങ്ങൾ കാണാറുണ്ടെന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

‘ജയിക്കുമ്പോൾ ഞാൻ അവർക്ക് ജർമ്മനിക്കാരൻ, തോൽക്കുമ്പോൾ തുർക്കി വംശജൻ’

ലോകകപ്പിന് മുൻപ് ലോക മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട വാക്കുകളായിരുന്നു ബെൽജിയം സ്ട്രൈക്കർ റൊമേലു ലുകാകുവിന്റേത്. ജയിക്കുന്ന സമയങ്ങളിൽ ബെൽജിയംകാരനാവുന്ന ഞാൻ തോൽക്കുമ്പോൾ ആഫ്രിക്കൻ വംശജനാവുന്നു എന്നാണ് അന്ന് ലുകാകു പറഞ്ഞത്. ഇന്ന് ഇതേ വാക്കുകൾ ആവർത്തിച്ചാണ് ജർമ്മൻ ഫുട്ബോൾ താരം മെസൂത് ഓസിൽ വിരമിക്കൽ പ്രഖ്യാപിച്ചത്.

23 അംഗ ടീമും പരിശീലകനും അടങ്ങുന്ന ജർമ്മൻ ടീം ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ പഴി കേട്ടത് മുഴുവൻ ഒരാൾക്കായിരുന്നു. മധ്യനിര താരം മെസൂത് ഓസിലിന്. ജർമ്മൻ മാധ്യമങ്ങൾ തോൽവിക്ക് കാരണങ്ങൾ തിരയാതെ കാര്യങ്ങൾ ഓസിലിന് മേൽ കെട്ടിവെക്കാൻ തിടുക്കം കാണിച്ചു. ഓസിലിന്റെ ടർക്കിഷ് പാരമ്പര്യവും ഏർഡോഗനുമായുള്ള കൂടി കാഴ്ചയും ചർച്ച ചെയ്ത അവർ ഒരിക്കലും യാക്കിം ലോയുടെ ടീം സെലക്ഷനെയോ അമ്പേ പരാജയപ്പെട്ട പ്രതിരോധത്തെയോ പഴിച്ചില്ല.

ജർമ്മൻ ഫുട്ബോൾ അസോസിയേഷനിലെ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളുടെ ഇരയാണ് താൻ എന്നാണ് ഓസിൽ ആരോപിക്കുന്നത്. തന്റെ ടർക്കിഷ് പൈതൃകത്തെ അവഹേളിക്കാൻ ചിലർ മനഃപൂർവം ശ്രമിച്ചു എന്നും ഓസിൽ ആരോപിക്കുന്നുണ്ട്. ജയിക്കുമ്പോൾ താൻ അവർക്ക് ജർമ്മനിക്കാരൻ ആണെന്നും അല്ലാത്തപ്പോൾ ടർക്കിഷ് വംശജൻ മാത്രമാണെന്നും ഓസിൽ ആരോപിക്കുന്നുണ്ട്. ഏതായാലും പ്രതിസന്ധിയിൽ നിൽക്കുന്ന ജർമ്മൻ ഫുട്ബോളിൽ വലിയ ചലനങ്ങൾ ഓസിലിന്റെ രാജിയും ആരോപണങ്ങളും ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിവാദങ്ങൾക്ക് മറുപടി, വിരമിക്കൽ പ്രഖ്യാപിച്ച് ഓസിൽ

ജർമ്മൻ മിഡ്ഫീൽഡർ മെസൂത് ഓസിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയ വഴിയാണ് താരം ഇനി ജർമ്മനിക്കായി കളിക്കാനില്ല എന്ന് അറിയിച്ചത്. ജർമ്മൻ ഫുട്ബോൾ അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള 3 കത്തുകൾ വഴിയാണ് താരം കാര്യങ്ങൾ വിശദീകരിച്ചത്.

ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ജർമ്മൻ ടീമിൽ ഏറ്റവും പഴി കേട്ട താരം ഓസിലായിരുന്നു. ലോകകപ്പിന് മുൻപ് തുർക്കി പ്രസിഡന്റ് ഏർദോഗനെ ഓസിലും സഹ താരം ഗുണ്ടകനും സന്ദർശിച്ചതും ഏറെ വിവാദമായിരുന്നു. ഇതോടെ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ താരത്തിനെതിരെ കടുത്ത വിമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങൾ പറഞ്ഞാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തന്റെ ടർക്കിഷ് വംശീയതയെ അവഹേളിച്ചുള്ള എന്നതടക്കമുള്ള ഓസിലിന്റെ ആരോപണങ്ങൾ വരും ദിവസങ്ങളിൽ വൻ ചർച്ചയാകും എന്ന് ഉറപ്പാണ്.

ജർമ്മാനിക്കായി 92 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകളും 33 അസിസ്റ്റുകളും സ്വന്തമാക്കി. 2014 ൽ ലോകകപ്പ് നേടിയ ടീമിൽ നിർണായക ഘടകമായിരുന്നു ഓസിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകകപ്പ് ജയത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്‌ ഫ്രാൻസ് ഡിഫൻഡർ

ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഫ്രഞ്ച് ഡിഫൻഡർ ആദിൽ റമി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. സെൻട്രൽ ഡിഫണ്ടറായ ആദിൽ റമി പക്ഷെ ഈ ലോകകപ്പിൽ ഒരു മിനിറ്റ് പോലും കളിച്ചിട്ടില്ല. ഫൈനലിൽ സബ് ആയി ഉണ്ടായിരുന്നെങ്കിലും കളിക്കാനായില്ല.

32 വയസുകാരനായ റമി ഫ്രാൻസിനായി 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബ്ബ് മാർസെയുടെ താരമാണ്‌റമി. ഫ്രാൻസ് ക്യാപ്റ്റനും ഡിഫണ്ടയുമായ ലോറന്റ് കോശിയെൻലിക്ക് പരിക്ക് പറ്റിയതോടെയാണ് താരം ലോകകപ്പ് ടീമിൽ ഇടം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാംപൊളിയെ അർജന്റീന പുറത്താക്കി

അർജന്റീനൻ ദേശീയ ടീം പരിശീലകൻ ജോർജ്‌സാംപൊളിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി. അർജന്റീനൻ ഫുട്ബോൾ അസോസിയേഷനാണ് അദ്ദേഹത്തെ പുറത്താക്കിയ വിവരം സ്ഥിതീകരിച്ചത്. നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നെങ്കിലും ഇപ്പോൾ മാത്രമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

ലോകകപ്പിൽ അർജന്റീനയുടെ ദയനീയ പ്രകടനമാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത്. ഫ്രാൻസിനോട് തോറ്റ അവർ പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ക്രോയേഷ്യയോട് തോറ്റതിന് പിന്നാലെ കളിക്കാരും സംപോളിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്ത് വന്നിരുന്നു.

സംപോളിയോടൊപ്പം ഫിസിക്കൽ ട്രെയിനർ ജോർജ് ഡിസിയോ, വീഡിയോ അനലിസ്റ് മതിയസ് മന്ന എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. 2022 വരെ സംപോളിക്ക് അർജന്റീനൻ ടീമുമായി കരാർ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൊണാൾഡ് കൂമാൻ ഹോളണ്ട് ദേശീയ ടീം പരിശീലകൻ

ഹോളണ്ട് ദേശീയ ടീമിനെ ഇനി റൊണാൾഡ് കൂമാൻ പരിശീലിപ്പിക്കും. മുൻ ഹോളണ്ട്, സൗത്താംപ്ടൻ പരിശീലകനായ കൂമാൻ ഒക്ടോബറിലാണ് എവർട്ടൻ പരിശീലക സ്ഥാനത് നിന്ന് പുറത്താക്കപ്പെടുന്നത്. നാലര വർഷത്തെ കരാറിലാണ് മുൻ ഹോളണ്ട് ദേശീയ താരം കൂടിയായ കൂമാനെ നിയമിച്ചിട്ടുള്ളത്. 2020 ലെ യൂറോകപ്പ്, 2022 ലോകകപ്പ് എന്നിവയ്ക്കായി ടീമിനെ ഒരുക്കുക എന്നതാവും അദ്ദേഹത്തിന്റെ ദൗത്യം. കഴിഞ്ഞ യൂറോ കപ്പിലും, വരാനിരിക്കുന്ന ലോകകപ്പിലും യോഗ്യത നേടാനാവാതെ പോയ ഓറഞ്ച് പട അവരുടെ സമീപ കാല ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലാണ് ഉള്ളത്.

ഇതിഹാസ താരങ്ങളായ വാൻ പേഴ്സി, റോബൻ, സ്നൈഡർ എന്നിവർക്ക് പ്രായം കൂടിയതോടെ വളർന്ന് വരുന്ന യുവ നിരയെ ഉൾപ്പെടുത്തി ടീം ഉണ്ടാകുക എന്നത് തന്നെയാവും കൂമാൻ നേരിടുന്ന പ്രധാന വെല്ലുവിളി. ഡിക് അഡ്വകാറ്റിന് പിന്ഗാമിയായാണ് കൂമാൻ സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നത്. ഹോളണ്ടിനായി 78 തവണ കളിച്ച കൂമാൻ രാജ്യത്തിനായി 1988 ലെ യൂറോ കപ്പും നേടിയിട്ടുണ്ട്. പക്ഷെ എവർട്ടനിൽ അവസാന സീസണിൽ മോശം പ്രകടനം നടത്തിയ കൂമാന് സ്വന്തം പേര് നില നിർത്തുക എന്നതും പുതിയ ജോലിയിൽ വെല്ലുവിളിയാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇറ്റലിയുടെ താത്കാലിക കോച്ച് ആയി ഡി ബിയാജിയോ

മാർച്ചിൽ നടക്കുന്ന ഇറ്റലിയുടെ സൗഹൃദ മത്സരങ്ങൾക്കുള്ള താത്കാലിക കോച്ച് ആയി ഡി ബിയാജിയോയെ നിയമിച്ചു. അർജന്റീനക്കും ഇംഗ്ലണ്ടിനും എതിരെയാണ് ഇറ്റലിയുടെ സൗഹൃദ മത്സരങ്ങൾ. നിലവിൽ ഇറ്റലി അണ്ടർ 21 ടീമിന്റെ പരിശീലകൻ കൂടിയാണ് ഡി ബിയാജിയോ.1998-2002 കാലങ്ങളിൽ ഇറ്റലിക്ക് വേണ്ടി കളിച്ച ഡി ബിയാജിയോ ക്ലബ് തലത്തിൽ ഇന്റർ മിലാന് വേണ്ടിയും റോമാക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയതിനെ തുടർന്നാണ് മുൻ കോച്ച് ആയിരുന്ന ജിൻ പിയറോ വെന്റുറ ഇറ്റലി കോച്ച് സ്ഥാനം രാജിവെച്ചത്. സ്വീഡനോട് പ്ലേ ഓഫിൽ തോറ്റതോടെയാണ് ഇറ്റലിക്ക് ലോകക്കപ്പ് യോഗ്യത നഷ്ടമായത്. 1958ന് ശേഷം ആദ്യമായാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പോവുന്നത്.  മാർച്ച് 23ന് മാഞ്ചസ്റ്ററിൽ അർജന്റീനയുമായും മാർച്ച് 27ന് വെബ്ലിയിൽ ഇംഗ്ളണ്ടുമായാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്‌കോൾസിനെ വെയിൽസ് ടീമിലേക്ക് ക്ഷണിച്ച് റയാൻ ഗിഗ്‌സ്

മാഞ്ചസ്റ്റർ യൂണൈറ്റഡിൽ തന്റെ സഹതാരമായിരുന്ന പോൾ സ്‌കോൾസിനെ വെയിൽസ് ടീമിന്റെ പരിശീലക റോളിൽ തന്നെ സഹായിക്കാൻ ക്ഷണിച്ച് റയാൻ ഗിഗ്‌സ്. ഗിഗ്‌സ് തന്നെയാണ് തന്റെ പരിശീലക ടീമിലേക്ക് സ്‌കോൾസിനെ പരിഗണിക്കുന്നുണ്ടെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും ഗിഗ്‌സ് കൂട്ടി ചേർത്തു.

ഈ മാസം 15നു ആണ് രാജിവെച്ച കോള്മാന് പകരമായി റയാൻ ഗിഗ്‌സിനെ വെയിൽസ് ടീമിന്റെ പരിശീലകനായി നിയമിച്ചത്. യുവേഫ നേഷൻസ് ലീഗിനായി ടീമിനെ ഒരുക്കുക എന്നതാണ് റയാൻ ഗിഗ്‌സിന്‌ മുന്നിലുള്ള ആദ്യ വെല്ലുവിളി. ഗിഗ്‌സിന്റെ ആദ്യ മുഴുവൻ സമയ മാനേജർ ജോലി ആണ് ഇത്. മുൻപ് ഡേവിഡ്‌ മോയസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയപ്പോൾ ഗിഗ്‌സിന്‌ ആയിരുന്നു താൽക്കാലിക ചുമതല, അന്ന് സ്‌കോൾസ് ഗിഗ്‌സിനെ പരിശീലക സ്ഥാനത്ത് സഹായിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗിഗ്‌സ് ഇനി വെയിൽസ്‌ ദേശീയ ടീം പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്‌സ് ഇനി വെയിൽസ്‌ ദേശീയ ടീമിനെ പരിശീലിപ്പിക്കും. നാലര വർഷത്തെ കരാറിലാണ് ഗിഗ്‌സിനെ വെയിൽസ്‌ ഫുട്‌ബോൾ അസോസിയേഷൻ പരിശീലകനായി ചുമതല നൽകിയത്. മുൻ വെയിൽസ്‌ ദേശീയ ടീം കളിക്കാരൻ കൂടിയാണ് 44 കാരനായ ഗിഗ്‌സ്. ക്രിസ് കോൾമാൻ രാജിവച്ച ഒഴിവിലേക്കാണ് താരം എത്തുന്നത്. ലോകകപ്പ് യോഗ്യത നേടാനാവാതെ പോയതോടെയാണ് കോൾമാൻ രാജി വച്ചത്. നേരത്തെ ഗിഗ്‌സുമായി വെയിൽസ്‌ ഫുട്‌ബോൾ അസോസിയേഷൻ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

ഏറെ വർഷത്തെ കാതിരിപ്പുകൾക്ക് ശേഷം വെയിൽസ്‌ ഫുട്‌ബോളിൽ പ്രതിഭകൾ വളർന്ന് വരുന്ന കാലത്ത് ടീമിനെ വളർത്തി എടുക്കുക എന്നത് തന്നെയാവും ഗിഗ്‌സിനുള്ള പ്രധാന വെല്ലുവിളി. 2016 യൂറോകപ്പ് സെമി ഫൈനൽ എത്തിയ ടീം പക്ഷെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിറം മങ്ങിയിരുന്നു. 2020 യൂറോ കപ്പിന് മുൻപ് ടീമിനെ തയ്യാറാക്കുക എന്നതും ഗിഗ്‌സിനുള്ള വെല്ലുവിളിയാവും. 2013-2014 സീസണിന്റെ അവസാനം ഡേവിഡ് മോയസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയപ്പോൾ ഗിഗ്‌സായിരുന്നു താൽക്കാലിക പരിശീലകൻ. പിന്നീട് ലൂയി വാൻഗാലിന്റെ കീഴിൽ സഹ പരിശീലകനായ ഗിഗ്‌സ് മൗറീഞ്ഞോ പരിശീലകനായ ശേഷം ക്ലബ്ബ് വിടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version