ലോകകപ്പ് യോഗ്യത നേടാത്ത നിരാശ മറന്നു തുർക്കിയെ ത്രില്ലറിൽ വീഴ്ത്തി ഇറ്റലി

ലോകകപ്പ് യോഗ്യത നേടാൻ ആവാത്ത ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സര പോരാട്ടത്തിൽ തുർക്കിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ഇറ്റലി. ഇരു ടീമുകളും തങ്ങളുടെ യുവ താരങ്ങളെ അണിനിരത്തിയ മത്സരം ത്രില്ലർ തന്നെ ആയിരുന്നു. മത്സരത്തിൽ നാലാം മിനിറ്റിൽ ഉനാലിന്റെ പാസിൽ നിന്നു ഗോൾ നേടിയ ചെങ്കിസ് ഉണ്ടർ തുർക്കിയെ മത്സരത്തിൽ മുന്നിലെത്തിച്ചു. എന്നാൽ 35 മത്തെ മിനിറ്റിൽ ക്രിസ്റ്റിയാനോ ബിറാഗിയുടെ പാസിൽ നിന്നു ബ്രയാൻ ക്രിസ്റ്റാന്റെ അസൂറി പടയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

20220330 053057

തുടർന്ന് നാലു മിനിറ്റിനു അകം യുവ താരം സാൻഡ്രോ ടോണാലിയുടെ പാസിൽ നിന്നു മറ്റൊരു യുവതാരം ജിയകോമോ റാസ്‌പഡോറി ഇറ്റലിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ക്രിസ്റ്റിയാനോ ബിറാഗിയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും കണ്ടത്തിയ റാസ്‌പഡോറി മത്സരത്തിൽ മിന്നും പ്രകടനം ആണ് പുറത്ത് എടുത്തത്. മാസിഡോണിയക്ക് എതിരെ ഗോൾ അടിക്കാൻ മറന്ന ഇറ്റലിക്ക് ആയി ഇവിടെ റാസ്‌പഡോറി ഗോളുകൾ കണ്ടത്തി. 83 മത്തെ മിനിറ്റിൽ സൊയുച്ചുവിന്റെ പാസിൽ നിന്നു സെർദർ ദുർസൻ ഒരു ഗോൾ മടക്കിയെങ്കിലും തുർക്കിക്ക് എതിരെ ഇറ്റലി ആശ്വാസ ജയം നേടിയെടുക്കുക ആയിരുന്നു.

ഒരു ഗോൾ അടിച്ചും രണ്ടു ഗോൾ അടിപ്പിച്ചും ട്രോസാർഡ്, അനായാസ ജയവുമായി ബെൽജിയം

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബുർകിനോ ഫാസോയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചു ബെൽജിയം. ബെൽജിയം ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് ആഫ്രിക്കൻ ടീം അവരെ പരീക്ഷിച്ചു എങ്കിലും വലിയ വെല്ലുവിളി ഒന്നും റോബർട്ടോ മാർട്ടിനസിന്റെ ടീം നേരിട്ടില്ല. ബ്രൈറ്റൻ താരം ലിയാൻഡ്രോ ട്രോസാർഡിന്റെ മിന്നും പ്രകടനം ആണ് അവർക്ക് മികച്ച ജയം സമ്മാനിച്ചത്.

മത്സരത്തിൽ 16 മത്തെ മിനിറ്റിൽ ട്രോസാർഡിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഹാൻസ് വനകൻ ബെൽജിയത്തെ മുന്നിൽ എത്തിച്ചു. രണ്ടു മിനിട്ടുകൾക്ക് അകം തന്റെ ഗോളും ട്രോസാർഡ് കണ്ടത്തി. തുടർന്ന് രണ്ടാം പകുതിയിൽ ട്രോസാർഡിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ പകരക്കാനായി ഇറങ്ങിയ ക്രിസ്റ്റിയൻ ബെന്റക്കെ ബെൽജിയം ജയം പൂർത്തിയാക്കുക ആയിരുന്നു.

ദക്ഷിണാഫ്രിക്കയെ നിലം തൊടീക്കാതെ ഫ്രഞ്ച് പട

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു ഫ്രാൻസ്. ദക്ഷിണാഫ്രിക്കക്ക് എതിരെ ആധികാരിക പ്രകടനം ആണ് ലോക ചാമ്പ്യന്മാർ പുറത്ത് എടുത്തത്. ആദ്യ പകുതിയിൽ 23 മത്തെ മിനിറ്റിൽ കിലിയൻ എമ്പപ്പെയും 33 മത്തെ മിനിറ്റിൽ ഒലിവർ ജിറോഡും ഫ്രാൻസിന് ആയി ഗോളുകൾ കണ്ടത്തി. ഇരു ഗോളിനും അന്റോൺ ഗ്രീസ്മാൻ ആയിരുന്നു വഴി ഒരുക്കിയത്.

രണ്ടാം പകുതിയിൽ 76 മത്തെ മിനിറ്റിൽ പെനാൽട്ടി ഗോൾ ആക്കി തന്റെ രണ്ടാം ഗോൾ നേടിയ എമ്പപ്പെ വലിയ ജയം ഉറപ്പിച്ചു. തുടർന്ന് 81 മത്തെ മിനിറ്റിൽ പോൾ പോഗ്ബയുടെ പാസിൽ നിന്നു ഗോൾ നേടിയ ബെൻ യെഡർ ഫ്രാൻസിന് നാലാം ഗോളും സമ്മാനിച്ചു. തുടർന്ന് കൂലിസോക്ക് ചുവപ്പ് കാർഡ് കണ്ടതോടെ ദക്ഷിണാഫ്രിക്ക 10 പേരായി ചുരുങ്ങി. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ ഗോൾ നേടിയ മുൻ ആഴ്‌സണൽ താരം മറ്റെയോ ഗുണ്ടോസിയാണ് ഫ്രാൻസ് ജയം പൂർത്തിയാക്കിയത്. എമ്പപ്പെയുടെ പാസിൽ നിന്നായിരുന്നു ഗുണ്ടോസിയുടെ ഗോൾ പിറന്നത്.

ഐസ്ലാന്റ് വല നിറച്ചു സ്പാനിഷ് പടയോട്ടം

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഐസ്ലാന്റിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു സ്‌പെയിൻ. മത്സരത്തിൽ ഏതാണ്ട് 85 ശതമാനം സമയവും പന്ത് കൈവശം വച്ച സ്പാനിഷ് ടീം എതിരാളിക്ക് പന്ത് നൽകിയില്ല എന്നു പറഞ്ഞാലും അതിശയം ആവില്ല. മത്സരത്തിൽ 36 മത്തെ മിനിറ്റിൽ അൽവാരോ മൊറാറ്റയാണ് സ്‌പെയിനിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് മൂന്നു മിനിറ്റുകൾക്കു അകം ഡാനി ഓൽമോയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മൊറാറ്റ സ്പാനിഷ് മുൻതൂക്കം ഇരട്ടിയാക്കി. ഇരട്ട ഗോൾ ഗോൾ നേടിയതോടെ സ്‌പെയിനിന് ആയി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന എട്ടാമത്തെ താരമായി യുവന്റസ് താരം.

തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യെറമി പിനോ ഗോൾ നേടിയതോടെ സ്‌പെയിൻ വലിയ ജയം ഉറപ്പിച്ചു. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ ആയിരുന്നു ഇത്. തുടർന്ന് ഓൽമോക്ക് പകരക്കാനായി ഇറങ്ങിയ പാബ്ലോ സറാബിയയുടെ ഊഴം ആയിരുന്നു. 61, 72 മിനിറ്റുകളിൽ താരം ഗോൾ കണ്ടത്തി. ഇരു ഗോളുകൾക്കും മാർക്കോസ് അലോൺസോ ആയിരുന്നു അവസരം ഒരുക്കിയത്. മറ്റുള്ളവർക്ക് വലിയ വെല്ലുവിളി നൽകുന്ന പ്രകടനം തന്നെയാണ് ലൂയിസ് എൻറിക്വയുടെ ടീമിൽ നിന്നു ഉണ്ടായത്.

സൗഹൃദ മത്സരത്തിൽ ഐവറി കോസ്റ്റിനെ തകർത്തു ഇംഗ്ലണ്ട്

ഐവറി കോസ്റ്റിനെതിരായ സൗഹൃദ മത്സരത്തിൽ 3 ഗോൾ ജയവും ആയി ഇംഗ്ലണ്ട്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. കെയിനിന് പകരം ആസ്റ്റൻ വില്ലയുടെ ഒലി വാക്ൻസിനെ ആണ് ഇംഗ്ലണ്ട് ഇന്ന് കളത്തിൽ ഇറക്കിയത്. 30 മത്തെ മിനിറ്റിൽ റഹീം സ്റ്റർലിങിന്റെ പാസിൽ നിന്നു താരം മത്സരത്തിൽ ഇംഗ്ലണ്ടിനെ മുന്നിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് 40 മത്തെ മിനിറ്റിൽ സെർജ് ഓറിയർ രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ആഫ്രിക്കൻ ടീം 10 പേരായി ചുരുങ്ങി.

തുടർന്ന് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഇംഗ്ലണ്ട് തങ്ങളുടെ മുൻതൂക്കം ഇരട്ടിയാക്കി. ഇത്തവണ ജാക് ഗ്രീലീഷിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയത് റഹീം സ്റ്റർലിങ് ആയിരുന്നു. ഇംഗ്ലീഷ് ആധിപത്യം കണ്ട മത്സരത്തിൽ അവസാന നിമിഷത്തിൽ ഇംഗ്ലണ്ട് ഒരു ഗോൾ കൂടി നേടി. ഇത്തവണ ഫിൽ ഫോഡന്റെ കോർണറിൽ നിന്നു ഗോൾ കണ്ടത്തിയത് പ്രതിരോധ താരം ടൈയിറോൺ മിങ്സ് ആയിരുന്നു. നിലവിൽ മികവ് തുടരുന്ന ഇംഗ്ലണ്ട് സമാന പ്രകടനം ഖത്തറിലും പുറത്ത് എടുക്കാൻ ആവും ശ്രമിക്കുക.

സൗഹൃദ മത്സരത്തിൽ ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു ജർമ്മനിയും ഹോളണ്ടും

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു ജർമ്മനിയും നെതർലാന്റ്സും. മത്സരത്തിൽ ജർമ്മൻ ആധിപത്യം ആണ് കാണാൻ ആയത്. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ഹോളണ്ട് പെനാൽട്ടി ബോക്‌സിൽ ലഭിച്ച അവസരം ലക്ഷ്യം കണ്ട തോമസ് മുള്ളർ ജർമ്മനിക്ക് മുൻതൂക്കം സമ്മാനിച്ചു.

രണ്ടാം പകുതിയിൽ 68 മത്തെ മിനിറ്റിൽ ഹോളണ്ട് മത്സരത്തിൽ സമനില കണ്ടത്തി. ഡി ജോങിന്റെ ക്രോസിൽ നിന്നു ഡംഫ്രയിസ് ഹെഡറിലൂടെ മറിച്ചു നൽകിയ പന്ത് ലക്ഷ്യം കണ്ട സ്റ്റീഫൻ ബെർഗയിൻ ആണ് ആതിഥേയർക്ക് സമനില ഗോൾ നൽകിയത്. ഇടക്ക് വാൻ ഗാലിന്റെ ഹോളണ്ടിനു പെനാൽട്ടി റഫറി അനുവദിച്ചു എങ്കിലും വാർ അത് നിരസിക്കുക ആയിരുന്നു.

ഹൃദയാഘാതം മൂലം വീണ അതേ മൈതാനത്ത് ഗോളുമായി എറിക്സൻ! സെർബിയയെ തകർത്തു ഡെന്മാർക്ക്

സൗഹൃദ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ഡെൻമാർക്ക്. ലോകകപ്പ് യോഗ്യത നേടിയ നല്ല ഫോമിലുള്ള ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിൽ ഡാനിഷ് മികവ് ആണ് കാണാൻ ആയത്. യൂറോയിൽ ഹൃദയാഘാതം കൊണ്ടു കളം വിട്ട ക്രിസ്റ്റിയൻ എറിക്സൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ഡെന്മാർക്കിന്‌ ആയി ഗോൾ കണ്ടത്തി. യൂറോയിൽ താൻ ഫിൻലാന്റിന് എതിരെ ഹൃദയാഘാതം മൂലം വീണ പാർക്കൻ സ്റ്റേഡിയത്തിൽ ആയിരുന്നു ക്യാപ്റ്റൻ ആയി തിരിച്ചു വന്നു 290 ദിവസങ്ങൾക്ക് ശേഷം ആയിരുന്നു എറിക്സന്റെ ഗോൾ.

സ്വന്തം കാണികൾക്ക് മുന്നിൽ ഡാനിഷ് മുൻതൂക്കം ആണ് മത്സരത്തിൽ കാണാൻ ആയത്. മത്സരത്തിന്റെ 15 മത്തെ മിനിറ്റിൽ ജോകിം മഹലെ ആണ് ഡെന്മാർക്കിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ഹോയ്‌ബയറിന്റെ പാസിൽ നിന്നു ജെസ്‌പെർ ലിൻസ്‌ട്രോം അവരുടെ രണ്ടാം ഗോൾ നേടി. തുടർന്ന് 57 മത്തെ മിനിറ്റിൽ നോർഗാർഡിന്റെ പാസിൽ നിന്നു ക്ലാസിക് എറിക്സൻ സ്റ്റൈലിൽ ലോങ് റേഞ്ചറിലൂടെ എറിക്സൻ അവരുടെ ജയം പൂർത്തിയാക്കുക ആയിരുന്നു. യൂറോ സെമിഫൈനലിൽ നിർഭാഗ്യം മൂലം തോൽവി വഴങ്ങിയ ഡെന്മാർക്ക് എറിക്സന്റെ കൂടെ പിന്തുണയോടെ ലോകകപ്പിൽ അത്ഭുതം കാണിച്ചാൽ അത്ഭുതം ഒന്നും അല്ല എന്നാണ് ഈ ഫലങ്ങൾ നൽകുന്ന സൂചന.

ഗബ്രിയേൽ ബ്രസീൽ ടീമിൽ നിന്നു പിന്മാറി

ആഴ്‌സണൽ പ്രതിരോധ താരം ഗബ്രിയേൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്ന ബ്രസീൽ ദേശീയ ടീമിൽ നിന്നു പിന്മാറി. പങ്കാളി ഉടൻ കുഞ്ഞിന് ജന്മം നൽകും എന്നതിനാൽ ആണ് താരം ടീമിൽ നിന്നു പിന്മാറിയത്.

സീസണിൽ ആഴ്‌സണലിന്റെ മികച്ച പ്രകടനങ്ങൾക്ക് പ്രധാന പങ്ക് വഹിച്ച താരമാണ് ഗബ്രിയേൽ. പ്രതിരോധത്തിൽ ബെൻ വൈറ്റ്, ഗബ്രിയേൽ കൂട്ടുകെട്ട് ആഴ്‌സണലിന് നൽകിയ അടിത്തറ വലുത് ആയിരുന്നു. ഈ മികവ് ആയിരുന്നു താരത്തിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.

എതിരാളികൾ ഇല്ല, 2028 ലെ യൂറോ കപ്പ് ബ്രിട്ടീഷ് രാജ്യങ്ങളും അയർലന്റും ചേർന്ന് നടത്തും

2028 ലെ യൂറോ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് റിപ്പബ്ലിക് ഓഫ് അയർലന്റിന് ഒപ്പം ബ്രിട്ടീഷ് രാജ്യങ്ങൾ ആയ ഇംഗ്ലണ്ട്, സ്‌കോട്ട്ലന്റ്, വെയിൽസ്, വടക്കൻ അയർലന്റ് എന്നിവർ ചേർന്ന് നടത്തും. ടൂർണമെന്റ് നടത്താൻ മറ്റ് രാജ്യങ്ങൾ മുന്നോട്ട് വരാത്തതിനാൽ ആണ് ബ്രിട്ടനിനും അയർലന്റിനും ടൂർണമെന്റ് അനുവദിച്ചു നൽകിയത്. ടൂർണമെന്റ് നടത്താൻ റഷ്യ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഉക്രൈൻ യുദ്ധം അവരുടെ പ്രതീക്ഷകൾ അടച്ചു.

2028, 2032 യൂറോയിൽ ഒന്നിനായി തുർക്കി ശ്രമിച്ചു എങ്കിലും അതും യൂറോപ്യൻ ഫുട്‌ബോൾ ഫെഡറേഷൻ പരിഗണിച്ചില്ല. 2028 ൽ ടീമുകളുടെ എണ്ണം 24 ൽ നിന്നു 32 ആയി ഉയർത്തി ടൂർണമെന്റ് നടത്താൻ ആണ് യുഫേഫ ശ്രമിക്കുന്നത്. അതേപോലെ ടൂർണമെന്റിൽ ആതിഥേയരായ ഈ അഞ്ചു രാജ്യങ്ങൾക്ക് ടൂർണമെന്റിലേക്ക് നേരിട്ട് യോഗ്യതയും യുഫേഫ നൽകില്ല. അതിനാൽ തന്നെ ഇംഗ്ലണ്ട് അടക്കമുള്ള ടീമുകൾക്ക് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ യോഗ്യത മത്സരങ്ങൾ കളിക്കേണ്ടി വരും.

പരിക്ക് മൂലം ടാമി എബ്രഹാമും റാംസ്ഡേലും അടക്കമുള്ളവർ ഇംഗ്ലണ്ടിൽ ടീമിൽ നിന്നു പിന്മാറി

വരുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ നിന്നു പരിക്കേറ്റ ഇംഗ്ലണ്ട് താരങ്ങളെ ഒഴിവാക്കി. ആഴ്‌സണൽ ഗോൾ കീപ്പർ ആരോൺ റാംസ്ഡേലിന് പകരം വെസ്റ്റ് ബ്രോമിന്റെ സാം ജോൺസ്റ്റോൺ ടീമിൽ ഇടം പിടിച്ചു. അതേസമയം റോമയുടെ ടാമി എബ്രാമിനു പകരക്കാനായി ആസ്റ്റൺ വില്ലയുടെ ഒലി വാകിന്സ് ടീമിൽ ഇടം കണ്ടത്തി.

പ്രതിരോധത്തിൽ പരിക്കേറ്റ ലിവർപൂൾ വലത് ബാക്ക് ട്രെന്റ് അലക്‌സാണ്ടർ അർണോൾഡും ചെൽസിയുടെ വലത് ബാക്ക് റീസ് ജെയിംസും ഇംഗ്ലണ്ട് ടീമിൽ നിന്നു ഒഴിവാക്കപ്പെട്ടു. പകരം സൗതാപ്റ്റണിന്റെ യുവതാരം കെയിൽ വാൽക്കർ-പീറ്റെഴ്‌സും ക്രിസ്റ്റൽ പാലസിന്റെ യുവ താരം ടൈയിരിക് മിച്ചലും ടീമിൽ ഇടം കണ്ടത്തി.

വില്യം സാലിബ ആദ്യമായി ഫ്രഞ്ച് ടീമിൽ

വരുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഫ്രഞ്ച് ടീമിൽ ഇടം കണ്ടത്തി ആഴ്‌സണലിന്റെ യുവ പ്രതിരോധ താരം വില്യം സാലിബ. നിലവിൽ ഫ്രഞ്ച് ക്ലബ് മാഴ്സെയിൽ വായ്പ അടിസ്‌ഥാനത്തിൽ കളിക്കുന്ന സാലിബ പരിക്കേറ്റ ബെഞ്ചമിൻ പവാർഡിന് പകരമാണ് ടീമിൽ എത്തിയത്. ലീഗ് വണ്ണിൽ തുടരുന്ന മികവ് ആണ് സാലിബക്ക് ഫ്രഞ്ച് ടീമിൽ കരിയറിൽ ആദ്യമായി ഇടം നേടി നൽകിയത്.

പരിക്കിൽ ആണെങ്കിലും കരീം ബെൻസെമ ടീമിൽ ഇടം പിടിചിട്ടുണ്ട്. കിലിയൻ എമ്പപ്പെ, ഗ്രീസ്‌മാൻ, കോമാൻ, എങ്കുങ്കു, യെഡർ എന്നിവർ മുന്നേറ്റത്തിൽ ഇടം പിടിച്ചപ്പോൾ മധ്യനിരയിൽ പോഗ്ബ, കാന്റെ, റാബിയോറ്റ് എന്നിവർക്ക് ഒപ്പം യുവ മാഴ്സെ താരം ഗന്റൂസിയും ടീമിൽ ഇടം പിടിച്ചു. പ്രതിരോധത്തിൽ കിമ്പമ്പ, വരാൻ, ലൂകാസ് ഡീൻ, ഹെർണാണ്ടസ് എന്നിവരും ടീമിൽ ഉണ്ട്.

ഒടുവിൽ മികവിനു അംഗീകാരം,നാലു ആഴ്‌സണൽ താരങ്ങൾ ഇംഗ്ലണ്ട് ടീമിൽ!

വരുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് ആയുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം കണ്ടത്തി നാലു ആഴ്‌സണൽ താരങ്ങൾ. സ്വിസർലാന്റ്, ഐവറി കോസ്റ്റ് എന്നിവർക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ. ആഴ്‌സണലിൽ മിന്നും ഫോമിലുള്ള ആരോൺ റാംസ്ഡേൽ പിക്ഫോർഡ്, പോപ് എന്നിവർക്ക് ഒപ്പം ടീമിൽ ഇടം കണ്ടത്തി. ഇംഗ്ലണ്ടിന് ആയി ആദ്യ പതിനൊന്നിൽ കളിക്കാൻ റാംസ്ഡേലിന് തന്നെയാണ് മോശം ഫോമിലുള്ള പിക്ഫോർഡിനേക്കാൾ യോഗ്യത. പ്രതിരോധത്തിൽ ബെൻ വൈറ്റും ടീമിൽ ഇടം കണ്ടത്തി. സീസണിൽ അതുഗ്രൻ ഫോമിലാണ് ആഴ്‌സണൽ താരം. കരിയറിൽ ആദ്യമായി ഇംഗ്ലണ്ട് ടീമിൽ ഇടം കണ്ടത്തിയ ക്രിസ്റ്റൽ പാലസിന്റെ യുവ താരം മാർക് ഗുഹയെക്ക് ഒപ്പം അലക്‌സാണ്ടർ അർണോൾഡ്, റീസ് ജെയിംസ്, കോണർ കോഡി, മിംഗ്സ്, ജോൺ സ്റ്റോൺസ് എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. അതേസമയം മോശം ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ആയ ഹാരി മക്വയർ, ലൂക് ഷ്വാ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തിയത് വിമർശനം ക്ഷണിച്ചു വരുത്തി.

മധ്യനിരയിൽ ജോർദാൻ ഹെന്റേഴ്സൻ, ജെയിംസ് വാർഡ് പ്രോസ് എന്നിവർക്ക് ഒപ്പം യുവ താരങ്ങൾ ടീമിൽ സ്ഥാനം നിലനിർത്തി. ജൂഡ് ബെല്ലിങ്ഡം, മെസൻ മൗണ്ട്, ഡക്ലൻ റൈസ് എന്നിവർക്ക് ഒപ്പം സീസണിൽ ക്രിസ്റ്റൽ പാലസിൽ മികവ് തുടരുന്ന കോണർ ഗാലഹർ ടീമിലെ തന്റെ സ്ഥാനം നിലനിർത്തി. മുന്നേറ്റത്തിൽ ഹാരി കെയിൻ, റഹീം സ്റ്റെർലിങ്, ജാക് ഗ്രീലിഷ്, ഫിൽ ഫോഡൻ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. അതേസമയം സീരി എയിൽ എ.എസ് റോമക്ക് ആയി മികവ് പുലർത്തുന്ന ടാമി എബ്രഹാം ഇംഗ്ലീഷ് ടീമിൽ തിരിച്ചെത്തി. ടീമിലെ തന്റെ സ്ഥാനം ആഴ്‌സണൽ താരം ബുകയോ സാക്ക നിലനിർത്തിയപ്പോൾ സീസണിലെ അതുഗ്രൻ ഫോമാണ് സഹ താരം എമിൽ സ്മിത്ത് റോക്ക് തുണയായത്. സീസണിൽ ആഴ്‌സണലിന്റെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കുന്ന നാലു ഇംഗ്ലീഷ് യുവ താരങ്ങളെയും ടീമിൽ എടുത്ത ഗാരത് സൗത്ത്ഗേറ്റ് പക്ഷെ മോശം ഫോമിലുള്ള മക്വയർ അടക്കമുള്ളവരെ നിലനിർത്തിയത് വിമർശനം ക്ഷണിച്ചു വരുത്തുന്നുണ്ട്.

Exit mobile version