അവസാന നിമിഷം നിലപാട് മാറ്റി ഖത്തർ, ലോകകപ്പ് സ്റ്റേഡിയത്തിലും പരിസരത്തും മദ്യം നിരോധിച്ചു!!!

ലോകകപ്പിന് എത്തുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് നിരാശ നൽകി ഖത്തർ അധികൃതരുടെ കടും പിടുത്തം. ലോകകപ്പ് സ്റ്റേഡിയത്തിലും പരിസരത്തും മദ്യം വിൽക്കാം എന്ന മുൻ നിലപാട് ആണ് അവർ മാറ്റിയത്. നേരത്തെ മത്സരങ്ങൾ തുടങ്ങുന്നതിനു മൂന്നു മണിക്കൂർ മുമ്പും മത്സരശേഷം ഒരു മണിക്കൂർ കഴിഞ്ഞും സ്റ്റേഡിയത്തിന്റെ പരിസരത്ത് ബിയർ വിൽക്കാൻ അനുമതി നൽകും എന്നാണ് ഖത്തർ അധികൃതർ പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായി അവർ തങ്ങളുടെ നിലപാട് ലോകകപ്പ് തുടങ്ങാൻ രണ്ടു ദിവസം ഉള്ളപ്പോൾ മാറ്റുക ആയിരുന്നു. ഇതിനു ഫിഫ അധികൃതർ അനുമതിയും നൽകി. ഇതോടെ വലിയ പ്രതിസന്ധി കൂടിയാണ് ഫിഫ നേരിടുന്നത്. ഫിഫ ലോകകപ്പിന്റെ പ്രധാന സ്പോൺസർ ആയ ബഡ്വെയിസർക്ക് ഇത് വലിയ നഷ്ടം ആണ് ഉണ്ടാക്കുക. അവരോട് ആലോചിക്കാതെ എടുത്ത തീരുമാനം അവർ വൈകി ആണ് അറിഞ്ഞത് എന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

ആൽക്കഹോൾ ഇല്ലാത്ത ബിയർ വിൽക്കാൻ മാത്രമെ ബഡ്വെയിസർക്ക് ഇതോടെ സാധിക്കുകയുള്ളൂ. ആരാധകർക്ക് നൽകിയ ഫാൻ ഗെയ്ഡ് പുസ്തകത്തിൽ ബഡ്വെയിസർ ബിയർ, ബഡ്വെയിസർ സീറോ(ആൽക്കഹോൾ ഇല്ലാത്ത ബിയർ), കൊക്കക്കോള എന്നിവ ലഭ്യമാണ് എന്നു എഴുതിയിട്ടുണ്ട് എങ്കിലും ഇനി ബഡ്വെയിസർ ബിയർ അവർക്ക് ലഭ്യമാവില്ല. മദ്യനിരോധനം ഇല്ലാത്ത രാജ്യമാണ് ഖത്തർ എങ്കിലും ബാറുകളിലും ഹോട്ടലുകളിലും മാത്രമെ മദ്യപിക്കാൻ അവിടെ അനുമതി ഉള്ളു. ഒപ്പം കടുത്ത നിയന്ത്രണവും മദ്യത്തിന്റെ കാര്യത്തിൽ ഉണ്ട്. സ്റ്റേഡിയത്തിന്റെ അടുത്തുള്ള ബിയർ സ്റ്റേഷനുകൾ മാറ്റാനും ഖത്തർ നടപടികൾ തുടങ്ങിയിട്ടുണ്ട്. അതേസമയം തങ്ങളുടെ പ്രസിദ്ധമായ ചുവന്ന കളറിലുള്ള ടെന്റുകൾ ലോകകപ്പ് പരിസരത്ത് ബഡ്വെയിസർക്ക് ഉപയോഗിക്കാൻ ആവില്ല.

ഇതിനു പകരം ആൽക്കഹോൾ ഇല്ലാത്ത ബിയർ ആയ ബഡ്വെയിസർ സീറോയെ സൂചിപ്പിക്കുന്ന പച്ച ടെന്റുകൾ ആവും അവർ ഒരുക്കുക. അതേസമയം ഏതാണ്ട് 19 ലക്ഷം രൂപ വില വരുന്ന കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി ടിക്കറ്റ് എടുത്ത് ലോകകപ്പ് കാണാൻ എത്തുന്ന വിശിഷ്ട അതിഥികൾക്ക് സ്റ്റേഡിയത്തിൽ മദ്യം ലഭിക്കുന്നത് ആയിരിക്കും. ഇവർക്ക് ബിയറിന് പുറമെ മറ്റ് മദ്യ ബ്രാന്റുകളും ലഭ്യമാവും. ഖത്തർ രാജകുടുംബത്തിന്റെ സമ്മർദ്ദം ആണ് ഈ നീക്കത്തിന് പിറകിൽ എന്നാണ് വാർത്ത. കടുത്ത പ്രതിഷേധം തന്നെ ഇതിനു എതിരെ വിവിധ ആരാധകരിൽ നിന്നു ഉണ്ടായിട്ടുണ്ട്. അതേസമയം പലപ്പോഴും സ്റ്റേഡിയത്തിൽ മദ്യത്തിന്റെ സ്വാധീനം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നു വാദിക്കുന്നവർ ഇതിനെ പിന്തുണക്കുന്നുമുണ്ട്. ഖത്തറിനു മുന്നിൽ ഫിഫ ഒന്നടങ്കം കീഴടങ്ങുന്ന പ്രതീതിയാണ് നിലവിൽ ഉള്ളത്.