ഇന്നലെ ബ്യൂണസ് ഐറീസിലെ തെരുവിൽ ഫുട്‌ബോൾ കളിച്ച രണ്ടുപേർ ഇന്ന് അർജന്റീനയുടെ ലോകകപ്പ് ടീമിൽ!!!

ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതെ ക്ലബ് സീസണിന് ശേഷം നാട്ടിൽ എത്തിയ രണ്ടു അർജന്റീന താരങ്ങൾ ഇന്നലെ ബ്യൂണസ് ഐറീസിലെ തെരുവിൽ സുഹൃത്തുക്കളും ആയി പന്ത് തട്ടുമ്പോൾ സ്വപ്നത്തിൽ പോലും അവർ ഓർത്ത് കാണാത്ത കാര്യങ്ങൾ ആണ് പിന്നീടുള്ള 24 മണിക്കൂറിനുള്ളിൽ നടന്നത്. സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡ് താരം ഏഞ്ചൽ കൊറേയയും അമേരിക്കൻ ക്ലബ് അറ്റലാന്റ യുണൈറ്റഡ് താരം തിയാഗോ അൽമാഡയും ആയിരുന്നു ഈ രണ്ടു താരങ്ങൾ. തെരുവിൽ പന്ത് തട്ടി 24 മണിക്കൂറിനുള്ളിൽ അവർ ഇടം നേടിയത് അർജന്റീനയുടെ ഖത്തർ ലോകകപ്പിനുള്ള 26 അംഗ ടീമിൽ ആണ്.

അർജന്റീന

നിലവിലെ ടീമിൽ സംഭവിച്ച പരിക്കുകൾ ആണ് ഇരുവർക്കും ഇന്നലെ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ലോകകപ്പ് ടീമിലെ സ്ഥാനം നേടി നൽകിയത്. പരിക്കേറ്റ നിക്കോളാസ് ഗോൺസാലസിന് പകരക്കാരൻ ആയി ഏഞ്ചൽ കൊറേയ ടീമിൽ എത്തുന്ന കാര്യം ആണ് പരിശീലകൻ സ്കലോണി ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന് മണിക്കൂറുകൾക്ക് അകം ജോക്വിൻ കൊറേയക്ക് പകരം 21 കാരനായ തിയാഗോ അൽമാഡ ടീമിൽ എത്തിയത് ആയും അറിയിപ്പ് ഉണ്ടായി. ഏഞ്ചൽ കൊറേയ ടീമിൽ എത്തിയത് വലിയ അത്ഭുതം ഒന്നും അല്ലായിരുന്നു എങ്കിൽ തിയാഗോ അൽമാഡയുടെ വരവ് തീർത്തും അപ്രതീക്ഷിതമായി. തീർത്തും ഒട്ടും പ്രതീക്ഷിക്കാത്ത അത്ഭുതവിളി തന്നെയായി ഇരു താരങ്ങൾക്കും ലോകകപ്പ് ടീമിലേക്കുള്ള ക്ഷണം.