ഹഡ്സൻ ഓഡോയിക്ക് ആദ്യ ഗോൾ, യൂറോപ്പയിൽ ചെൽസിക്ക് ജയം

- Advertisement -

ഒലിവിയെ ജിറൂദ് ഇരട്ട ഗോളുകൾ നേടിയെങ്കിലും PAOK നെതിരെ ചെൽസിയുടെ വിജയത്തിൽ താരമായത് യുവ താരം കാലം ഹഡ്സൻ ഓഡോയി. എതിരില്ലാത്ത 4 ഗോളിനാണ് ചെൽസി ജയിച്ചു കയറിയത്. ജിറൂദ്, ഓഡോയി എന്നിവരെ കൂടാതെ മൊറാട്ടയാണ് ചെൽസിയുടെ ശേഷിച്ച ഗോൾ നേടിയത്.

മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യമാണ് ചെൽസി പുലർത്തിയത്. 7 ആം മിനുട്ടിൽ ജിറൂഡിനെ ഫൗൾ ചെയ്തതിന് PAOK താരം കാശെരിടി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാക്കി. 27 ആം മിനുട്ടിൽ മികച്ച ഷോട്ടിലൂടെ ജിറൂദ് ചെൽസിയെ മുന്നിൽ എത്തിച്ചു. വൈകാതെ വീണ്ടും ജിറൂദ് ചെൽസിക്ക് ഗോൾ സമ്മാനിച്ചു ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിലാണ് ഓഡോയിയുടെ ഗോൾ പിറന്നത്. ഫാബ്രിഗാസിന്റെ പാസ്സ് താരം ഗോളിലേക്ക് പായിച്ചു തന്റെ ചെൽസി കരിയറിലെ ആദ്യ ഗോൾ നേടി. പിന്നീട് ആൽവാരോ മൊറാതയുടെ ഗോളിന് വഴി ഒരുക്കിയതും ഓഡോയി തന്നെ.

Advertisement