FootballFeatured

എഎഫ്സി ചാമ്പ്യൻസ് ലീഗ് ടു; ചരിത്രമെഴുതി ഈസ്റ്റ് ബംഗാൾ

Untitled Design 1 800×500 (1)

എഎഫ്സി ചാമ്പ്യൻസ് ലീഗ് ടു 2026-27 സീസണിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ. കൊൽക്കത്തയിൽ നടന്ന ആവേശകരമായ മത്സരത്തിൽ കുവൈറ്റ് ക്ലബ്ബായ അൽ അറാബി എസ്‌കെയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ തകർത്തവിട്ടത്. അധിക സമയത്തിലേക്ക് നീണ്ട പോരാട്ടത്തിലാണ് കൊൽക്കത്തൻ പടയുടെ ഐതിഹാസിക വിജയം പിറന്നത്. ഏഷ്യൻ മത്സരങ്ങളിൽ ഒരു കുവൈറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബ് എന്ന ചരിത്രനേട്ടവും ഇതിലൂടെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി.

മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ അനയോ ഇവുലയാണ് അൽ അറാബിക്ക് മുൻതൂക്കം നൽകിയത്. എന്നാൽ തോൽവി മുന്നിൽക്കണ്ട മത്സരത്തിന്റെ അവസാന നിമിഷത്തിൽ ജയ് ഗുപ്തയിലൂടെ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചെടുത്തു. തൊണ്ണൂറാം മിനിറ്റിൽ പിറന്ന ആ ഹെഡർ ഗോൾ കളി എട്രാ ടൈമിലേക്ക് നീട്ടാൻ ടീമിനെ സഹായിച്ചു. ആതിഥേയരുടെ ഹോം ഗ്രൗണ്ടിലെ ആവേശകരമായ അന്തരീക്ഷവും കാണികളുടെ പിന്തുണയും കൊൽക്കത്തൻ നിരയ്ക്ക് വലിയ ഊർജ്ജമാണ് നൽകിയത്.

അധിക സമയത്തിന്റെ തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഈസ്റ്റ് ബംഗാൾ ഗോളുകൾ അടിച്ച്കൂട്ടി. നൂറ്റെട്ടാം മിനിറ്റിൽ മുഹമ്മദ് റഷീദ് തൊടുത്ത അതിമനോഹരമായ വോളി ലക്ഷ്യം കണ്ടതോടെ ടീം മുന്നിലെത്തി. പിന്നീട് നൂറ്റിപ്പതിനേഴാം മിനിറ്റിൽ ഡേവിഡ് ലാൽഹ്ലൻസംഗയും, അധിക സമയത്തിന്റെ അവസാന മിനിറ്റിൽ രോഹിത് ദാനുവും ഗോൾ നേടിയതോടെ ഈസ്റ്റ് ബംഗാളിന്റെ വിജയം പൂർണ്ണമായി. ഈ വിജയത്തോടെ ആഗസ്റ്റ് പതിനെട്ടിന് ക്വാലാലംപൂരിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അർഹതയും ടീം സ്വന്തമാക്കി.