കോപ്പ ഡെൽ റേ ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ റയൽ സോസിഡാഡിനെ കീഴടക്കി ബാഴ്സലോണ. ക്യാമ്പ്ന്യൂവിൽ വെച്ചു നടന്ന മത്സരത്തിൽ ഓസ്മാൻ ഡെമ്പലെ നേടിയ ഏക ഗോൾ ആണ് ബാഴ്സലോണയെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സഹായിച്ചത്. നാളെ നടക്കുന്ന മറ്റൊരു ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും ഏറ്റു മുട്ടും.
സ്വന്തം തട്ടകത്തിൽ ബാഴ്സലോണക്ക് തന്നെ ആയിരുന്നു മുൻതൂക്കം. ഡെമ്പലെയുടെ ഗംഭീര പ്രകടനം സോസിഡാഡ് പ്രതിരോധത്തെ പലപ്പോഴും വട്ടം കറക്കി. ഇരു ടീമുകളുടെയും ആക്രമണം കണ്ടാണ് മത്സരം തുടങ്ങിയത് എങ്കിലും പിന്നീട് ബാഴ്സലോണ ആധിപത്യം സ്ഥാപിച്ചു. ലെവെന്റോവ്സ്കിയുടെ ആദ്യ ശ്രമം ഡിയോങ്ങിന്റെ ദേഹത്ത് തട്ടി ഓഫ്സൈഡിൽ കലാശിച്ചു. ബോക്സിനുള്ളിൽ എതിർ താരങ്ങൾക്കിടയിലൂടെ വെട്ടിയൊഴിഞ്ഞു പെഡ്രി സൃഷ്ടിച്ച അവസരത്തിൽ ഡിയോങ്ങിന്റെ ഷോട്ട് അകന്ന് പോയി. മുപ്പതാം മിനിറ്റിൽ സോസിഡാഡിന് ലഭിച്ച മികച്ച അവസരത്തിൽ കുബോയുടെ ഷോട്ട് പോസ്റ്റിലിടിച്ചു തെറിച്ചു. പിന്നീട് ബാസ്ക്വറ്റ്സിനെ ഫൗൾ ചെയ്തതിന് ബ്രയ്സ് മെന്റിസ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. ആദ്യ പകുതിയിൽ നിരവധി അവസരങ്ങളാണ് ബാഴ്സലോണക്ക് ഗോൾ ആക്കി മാറ്റാൻ സാധിക്കാതെ പോയത്.
രണ്ടാം പകുതിയിൽ ആക്രമണം തുടർന്ന ബാഴ്സ അൻപതിരണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി. വലത് വിങ്ങിൽ ജൂൾസ് കുണ്ടെയുടെ പാസ് പിടിച്ചെടുത്തു ബോക്സിലേക്ക് ഓടിക്കയറി തൊടുത്ത ഷോട്ട് കീപ്പറുടെ കൈകളിൽ തട്ടി പോസ്റ്റിലേക്ക് തന്നെ കയറി. പോസ്റ്റിന്റെ തൊട്ടു മുൻപിൽ നിന്നും സമനില ഗോൾ നേടാനുള്ള അവസരം സോർലോത് പുറത്തേക്കടിച്ചു കളഞ്ഞത് അവിശ്വസനീയമായി. പിന്നീടും ബാഴ്സയുടെ ആധിപത്യം തന്നെ ആയിരുന്നു മത്സരത്തിൽ. അവസാന നിമിഷം ടെർ സ്റ്റഗന്റെ മിസ് പാസിൽ നിന്നും ലഭിച്ച സുവർണാവസരവും സോസിഡാഡിന് മുതലാക്കാൻ ആയില്ല. വിജയിച്ചെങ്കിലും പെഡ്രി മുടന്തി കളം വിട്ടത് ബാഴ്സക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.