ബാഴ്‌സലോണയുടെ കോപ്പ ഡെൽ റേ റെക്കോർഡ് ആർക്കും തകർക്കാനാവില്ലെന്ന് പിക്വേ

തുടർച്ചയായി ആറ് തവണ കോപ്പ ഡെൽ റേ ഫൈനലിൽ എത്തിയ ബാഴ്‌സലോണയുടെ നേട്ടം വേറെ ഒരു ടീമിനും മറികടക്കാനാവില്ലെന്ന് ബാഴ്‌സലോണ പ്രതിരോധ താരം പിക്വേ. കോപ്പ ഡെൽ റേ രണ്ടാം പാദ സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ 3-0ന് തോൽപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു പിക്വേ. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളും വരാനെയുടെ സെൽഫ് ഗോളുകളുമാണ് എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന്റെ കഥ കഴിച്ചത്.

ഇരു പാദങ്ങളിലുമായി 4-1ന്റെ ജയം സ്വന്തമാക്കിയാണ് തുടർച്ചയായി ആറാം തവണയും ബാഴ്‌സലോണ കോപ്പ ഡെൽ റേ ഫൈനൽ ഉറപ്പിച്ചത്. കഴിഞ്ഞ നാല് സീസണിലും ബാഴ്‌സലോണയായിരുന്നു കോപ്പ ഡെൽ റേ ജേതാക്കൾ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കിട്ടിയ അവസരങ്ങൾ തുലച്ചതാണ് റയൽ മാഡ്രിഡിന് വിനയായത്.