കോപ അമേരിക്ക ഇത്തവണ ബ്രസീലിൽ വെച്ചാണ് നടക്കുന്നത്. ആദ്യം കൊളംബിയയും അർജന്റീനയും കൂടെ നടത്താൻ തീരുമാനിച്ച ടൂർണമെന്റിൽ നിന്ന് ആഭ്യന്തര പ്രശ്നങ്ങൾ കാരണം കൊളംബിയ പിന്മാറുകയും കൊറോണ കാരണം അർജന്റീനയിൽ നടത്താൻ പറ്റാത്ത അവസ്ഥ വരികയുമായിരുന്നു. അതിനെ തുടർന്നാണ് കളി ബ്രസീലിലേക്ക് മാറ്റിയത്. എന്നാൽ ബ്രസീലിൽ കളി നടക്കുന്നതിൽ ഭീതി ഉണ്ട് എന്ന് അർജന്റീന പരിശീലകൻ സ്കലോണി പറഞ്ഞു.
ബ്രസീലിലിലെ സാഹചര്യങ്ങൾ ഒട്ടും മെച്ചമല്ല എന്നും അവിടെയും കൊറോണ ഭീതി ഉണ്ട് എന്നുമാണ് സ്കലോണി പറയുന്നത്. ബ്രസീലിൽ കളി നടത്തുന്നു എങ്കിലും എല്ലാ കാര്യത്തിലും അനിശ്ചിതത്വമാണ് എന്ന് അദ്ദേഹം പറയുന്നു. ടീം എവിടെ പരിശീലനം നടത്തും എന്നോ വേദികൾ ഏതാണെന്നോ താമസിക്കേണ്ടത് എവിടെയാണൊ എന്നൊന്നും ഇനിയും തീരുമാനം ആയിട്ടില്ല. അദ്ദേഹം പറഞ്ഞു. ലോകകപ്പ് യോഗ്യത മത്സരങ്ങൾ പോലെ പ്രയാസമുള്ള മത്സരങ്ങൾ കളിച്ച് നേരെ കോപ അമേരിക്ക കളിക്കാൻ പോകുന്നതും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കൊറോണയിൽ ഉള്ളത് എന്നും അവിടെ കളിക്കാൻ പോകുന്നത് താരങ്ങൾക്ക് തന്നെ ഭയമാണെന്നും സ്കലോണി പറഞ്ഞു.