യുഫേഫ കോൺഫറൻസ് ലീഗിൽ ലാസിയോക്ക് റൊമാനിയൻ എതിരാളികൾ

യുഫേഫ കോൺഫറൻസ് ലീഗ് റൗണ്ട് ഓഫ് 16 പ്ലെ ഓഫ് റൗണ്ട് മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാർ ആയ ലാസിയോ റൊമാനിയൻ ക്ലബ് സി.എഫ്.ആർ ക്ലജിനെ നേരിടും. നേരത്തെ മുമ്പ് 2019 ൽ യൂറോപ്പ ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചിരുന്നു.

യൂറോപ്പ ലീഗിൽ മൂന്നാം സ്ഥാനക്കാരായ 8 ടീമുകൾ കോൺഫറൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമത് ആയ ടീമുകളെ ആണ് നേരിടുന്നത്. മറ്റു മത്സരങ്ങളിൽ ഖരബാഗ് ബേസലിനെയും, ബോഡോ പോസ്നാനയേയും, ഫിയറന്റീന ബ്രാഗയെയും, ലർനാക നിപ്രോയെയും, ഷെരീഫ് എഫ്.കെ പാർടിസനെയും, ലുഡോഗോററ്റ്‌സ് അണ്ടർലെറ്റിനെയും നേരിടും. ഈ മത്സരങ്ങളിൽ ജയിക്കുന്നവർ കോൺഫറൻസ് ലീഗ് അവസാന പതിനാറിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് എത്തിയ ടീമുകളും ആയി മത്സരിക്കും.

വിജയം ഉറപ്പിക്കാൻ ലിവർപൂൾ, തടയിടാൻ റേഞ്ചേഴ്‌സ്

ചാംപ്യൻസ് ലീഗിലെ ഇത്തവണത്തെ കടുപ്പമേറിയ ഗ്രൂപ്പികളിൽ ഒന്നിൽ വിജയം ലക്ഷ്യമിട്ട് ലിവർപൂൾ ഇറങ്ങുന്നു. റേഞ്ചേഴ്‌സ് ആണ് ക്ലോപ്പിന്റെയും സംഘത്തിന്റയും എതിരാളികൾ. അയക്സും നപോളിയും ചേർന്ന ഗ്രൂപ്പിൽ നിന്നും കടക്കണമെങ്കിൽ മത്സരത്തിൽ വിജയം ഉറപ്പിക്കേണ്ടതുണ്ട് ലിവർപൂളിന്. റേഞ്ചേഴ്‌സ് ആവട്ടെ ഗ്രൂപ്പിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. നപോളിക്കെതിരെ തോൽവി നേരിടേണ്ടി വന്നെങ്കിലും അയാകസിനെ തോൽപ്പിച്ച് നിർണായകമായ പോയിന്റുകൾ ലിവർപൂൾ നേടിയിരുന്നു.

പ്രതിരോധം തന്നെയാണ് ക്ലോപ്പിനെ അലട്ടുന്ന പ്രധാന പ്രശ്നം. അവസാന മത്സരത്തിൽ ബ്രൈറ്റൺ മൂന്ന് ഗോളുകളാണ് നേടിയത്. ലീഗിൽ ഏഴ് മത്സരങ്ങളിൽ നിന്നും രണ്ടു വിജയം മാത്രമാണ് ടീമിന് നേടാൻ ആയത്. മധ്യനിരയിലും ടീമിന് പ്രശ്‌നങ്ങൾ ഉണ്ട്. എങ്കിലും ഗോൾ കണ്ടെത്തുന്ന ലൂയിസ് ഡിയാസ്, ഫിർമിനോ എന്നിവരെ കൂടാതെ സലയും ഡാർവിൻ ന്യൂനസും ജോട്ടയും കൂടി ചേരുമ്പോൾ ഏതു പ്രതിരോധവും പിളർത്താം എന്നതാണ് ലിവർപൂളിന് ആശ്വാസം നൽകുന്നത്. റേഞ്ചേഴ്‌സ് ഇത്തവണ ലീഗിൽ മികച്ച ഫോമിലാണ്. എട്ട് മത്സരങ്ങളിൽ നിന്നും ആറു വിജയവുമായി രണ്ടാം സ്ഥാനത്താണ് നിലവിൽ. ഈ ഫോം ചാമ്പ്യൻസ് ലീഗിലും തുടരാൻ ആവും അവരുടെ ശ്രമം.

റോമാ വിട്ട് എങ്ങോട്ടുമില്ലെന്ന് ജോസെ മൗറീനോ

റോമയെ യുവേഫ കോൺഫറൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ അടുത്ത സീസണിലും റോമായിൽ തുടരുമെന്ന് വ്യക്തമാക്കി റോമാ പരിശീലകൻ ജോസ് മൗറീനോ. യൂറോപ്പ കോൺഫറൻസ് ലീഗ് ഫൈനലിൽ ഫെയ്നൂർഡിനെ ഏക ഗോളിന് പരാജയപ്പെടുത്തിയാണ് റോമാ കിരീടം നേടിയത്. തുടർന്ന് മത്സരം ശേഷമാണ് താൻ റോമയിൽ തന്നെ അടുത്ത സീസണിലും തുടരുമെന്ന് മൗറീനോ വ്യക്തമാക്കിയത്.

ഈ വിജയം റോമയുടെയും തന്റെയും ചരിത്രത്തിന്റെ ഭാഗമാണെന്നും മൗറീനോ പറഞ്ഞു. 14 വർഷങ്ങൾക്ക് ശേഷമാണ് റോമാ ഒരു കിരീടം സ്വന്തമാക്കുന്നത്. അടുത്ത സീസണിലും തനിക്ക് റോമയിൽ മാത്രം തുടരാനാണ് ആഗ്രഹമെന്നും മൗറീനോ പറഞ്ഞു. യുവേഫ കോൺഫറൻസ് ലീഗ് കിരീടം മൗറീനോയുടെ അഞ്ചാമത്തെ യൂറോപ്യൻ കിരീടമായിരുന്നു. ജിയോവന്നി ട്രാപട്ടോണിക്ക് ശേഷം അഞ്ച് യൂറോപ്യൻ കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകൻ കൂടിയാണ് മൗറീനോ.

റോമ കോൺഫറൻസ് ലീഗ് ചാമ്പ്യൻസ്, ജോസെ മൗറീനോക്ക് ഒരു യൂറോപ്യൻ കിരീടം കൂടെ

ജോസെ മൗറീനോ വന്നാൽ ക്ലബുകൾ കിരീടം നേടും എന്ന് പറയുന്നത് വെറുതെയല്ല. റോമ 14 വർഷങ്ങൾക്ക് ശേഷം ഒരു കിരീടം നേടിയിരിക്കുകയാണ്. ഇന്ന് പ്രഥമ യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടമാണ് റോമ സ്വന്തമാക്കിയത്. അൽബേനിയയിൽ നടന്ന ഫൈനലിൽ ഫെയ്നൂർഡിനെ ഏക ഗോളിന് പരാജയപ്പെടുത്തി ആണ് റോമ കിരീടം ഉയർത്തിയത്.

ഫൈനലുകളിലെ പതിവ് ജോസെ ശൈലി കണ്ട മത്സരത്തിൽ ഡിഫൻസിൽ ഊന്നിയായിരുന്നു റോമയുടെ കളി. മത്സരത്തിൽ ആദ്യ പകുതിക്ക് ഇടയിൽ പരിക്ക് കാരണം മിഖിതാര്യനെ നഷ്ടമായത് റോമക്ക് തിരിച്ചടിയായി. എങ്കിലും 32ആം മിനുട്ടിൽ സനിയോളയിലൂടെ റോമ ലീഡ് എടുത്തു. ബോക്സിലേക്ക് വന്ന ഒരു ഹൈ ബോൾ ഡിഫൻഡ് ചെയ്യാൻ ഫെയ്നൂർഡ് കഷ്ടപ്പെട്ടപ്പോൾ സനിയോള അവസരം മുതലാക്കുക ആയിരുന്നു.

ഈ ഗോൾ മതിയായി ജോസെയുടെ ടീമിന് ജയിക്കാൻ. റൂയി പട്രിസിയോയുടെ രണ്ട് നല്ല സേവുകളും ഒപ്പം ഗോൾ പോസ്റ്റിന്റെ സഹായവും റോമക്ക് തുണയായി.

2007-08ൽ കോപ ഇറ്റാലിയ നേടിയ ശേഷം ആദ്യമായാണ് റോമ ഒരു കിരീടം നേടുന്നത്. റോമയുടെ ആദ്യ മേജർ യൂറോപ്യൻ കിരീടവുമാണിത്. ആദ്യ കോൺഫറൻസ് ലീഗ് തന്നെ നേടിയതോടെ ജോസെ ചാമ്പ്യൻസ് ലീഗും, യൂറോപ്പ ലീഗും, കോൺഫറൻസ് ലീഗും നേടിയ ഒരേയൊരു കോച്ചായും മാറി. ജോസെ മൗറീനോയുടെ പരിശീലക കരിയറിലെ 26ആം കിരീടമാണിത്.

രണ്ടാം പാദ സെമിയിൽ സമനില, മാഴ്‌സയെ മറികടന്നു ഫയെനോർട്ട് കോൺഫറൻസ് ലീഗ് ഫൈനലിൽ

ആദ്യ പാദ സെമിഫൈനനിൽ 3-2 ന്റെ ജയവുമായി യുഫേഫ കോൺഫറൻസ് ലീഗിൽ ഫൈനലിലേക്ക് മുന്നേറി ഡച്ച് ക്ലബ് ഫയെനോർട്ട്. സ്വന്തം മൈതാനത്ത് പന്തിൽ ആധിപത്യം കാണിച്ചത് ഫ്രഞ്ച് ക്ലബ് ആയിരുന്നു എങ്കിലും അവർക്ക് ഗോൾ മാത്രം നേടാൻ ആയില്ല.

രണ്ടാം പാദ സെമിഫൈനൽ ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ഫയെനോർട്ട് ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. ഫൈനലിൽ റോമയാണ് അവരുടെ എതിരാളികൾ. 1970 ൽ ചാമ്പ്യൻസ് ലീഗും(യൂറോപ്യൻ കപ്പ്), 1974, 2002 എന്നീ വർഷങ്ങളിൽ യൂറോപ്പ ലീഗും നേടിയ ഡച്ച് ക്ലബ് മറ്റൊരു യൂറോപ്യൻ കിരീടം ആണ് ഇത്തവണ ലക്ഷ്യം വക്കുന്നത്.

ലെസ്റ്ററിനെ വീഴ്ത്തി റോമ കോൺഫറൻസ് ലീഗ് ഫൈനലിൽ, അപൂർവ റെക്കോർഡും ആയി മൗറീന്യോ

യുഫേഫ കോൺഫറൻസ് ലീഗ് സെമിഫൈനലിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു എ.എസ് റോമ ഫൈനലിൽ. 1-1 നു അവസാനിച്ച ആദ്യ പാദത്തിനു ശേഷം രണ്ടാം പാദം എതിരില്ലാത്ത ഒരു ഗോളിന് ആണ് റോമ ജയിച്ചത്. മത്സരത്തിൽ കൂടുതൽ പന്ത് കൈവശം വച്ചത് ലെസ്റ്റർ സിറ്റി ആയിരുന്നു എങ്കിലും അവസരങ്ങൾ തുറക്കുന്നതിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം ആയിരുന്നു.

പതിനൊന്നാമത്തെ മിനിറ്റിൽ ലോറൻസോ പെല്ലെഗ്രിനിയുടെ കോർണറിൽ നിന്നു ഇംഗ്ലീഷ് താരം ടാമി എബ്രഹാം ആണ് റോമയുടെ വിജയ ഗോൾ നേടിയത്. സീസണിൽ താരം നേടുന്ന 25 മത്തെ ഗോൾ ആയിരുന്നു ഇത്. തുടർന്ന് റോമയെ ശരിയായി പരീക്ഷിക്കാൻ പോലും ആവാതെ ലെസ്റ്റർ പരാജയം സമ്മതിക്കുക ആയിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് ഫൈനലിൽ എത്തുന്ന ആദ്യ പരിശീലകനായി ജോസെ മൗറീന്യോ മാറി. ജയത്തിന് ശേഷം കണ്ണീർ വാർത്ത മൗറീന്യോ ഒരു അപൂർവ കാഴ്ചയായി.

യുഫേഫ കോൺഫറൻസ് ലീഗിൽ 5 ഗോൾ ത്രില്ലറിൽ മാഴ്‌സയെ ആദ്യ പാദ സെമിയിൽ വീഴ്ത്തി ഫയെനോർട്ട്

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിഫൈനലിൽ ഒളിമ്പിക് മാഴ്‌സയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ഡച്ച് ക്ലബ് ആയ ഫയെനോർട്ട്. പന്ത് കൈവശം വക്കുന്നതിൽ മാഴ്‌സക്ക് ചെറിയ മുൻതൂക്കം ഉണ്ടായിരുന്നു എങ്കിലും തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടം ആണ് കാണാൻ ആയത്. 18 മത്തെ മിനിറ്റിൽ തന്നെ ഡച്ച് ടീം മത്സരത്തിൽ മുന്നിലെത്തി. ലൂയിസ് സിനിസ്റ്റരയുടെ ബാക് ഹീലിൽ നിന്നു സെറിൽ ഡസ്സേർസ് ആണ് അവർക്ക് ഗോൾ സമ്മാനിച്ചത്. രണ്ടു മിനുറ്റുകൾക്ക് ശേഷം റീസ് നെൽസന്റെ പാസിൽ നിന്നു ലൂയിസ് സിനിസ്റ്റര രണ്ടാം ഗോളും നേടിയതോടെ ആതിഥേയർ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി.

28 മത്തെ മിനിറ്റിൽ സെഡറിക് ബകാമ്പുവിന്റെ പാസിൽ നിന്നു ഒരു ഉഗ്രൻ ലോങ് റേഞ്ചറിലൂടെ ബാമ്പ ഡിയങ് മാഴ്‌സക്ക് ആയി ഒരു ഗോൾ മടക്കി. 40 മത്തെ മിനിറ്റിൽ ബോക്‌സിൽ വീണു കിട്ടിയ അവസരം ലക്ഷ്യം കണ്ട ഗർസൻ മാഴ്‌സയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ 46 മത്തെ മിനിറ്റിൽ പ്രതിരോധ നിര താരം കലേറ്റ കാർ ഗോൾ കീപ്പർക്കു നൽകിയ ദുർബലമായ പാസ് പിടിച്ചെടുത്ത സെറിൽ ഡസ്സേർസ് ഒരിക്കൽ കൂടി ഡച്ച് ടീമിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. സീസണിൽ കോൺഫറൻസ് ലീഗിൽ താരത്തിന്റെ പത്താം ഗോൾ ആയിരുന്നു ഇത്. തുടർന്ന് ഗോൾ വഴങ്ങാത്ത ഡച്ച് ടീം ജയം ഉറപ്പിക്കുക ആയിരുന്നു. ജയിച്ചു എങ്കിലും രണ്ടാം പാദ സെമിയിൽ ഫ്രാൻസിൽ കടുത്ത പോരാട്ടം ആവും ഡച്ച് ടീമിനെ കാത്തിരിക്കുന്നത്.

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിയിൽ റോമയോട് സമനില വഴങ്ങി ലെസ്റ്റർ സിറ്റി

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിയിൽ ലെസ്റ്റർ സിറ്റി, എ.എസ് റോമ മത്സരം 1-1 നു സമനിലയിൽ അവസാനിച്ചു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റി ആധിപത്യം ആണ് കാണാൻ ആയത്. തുടക്കത്തിൽ ലെസ്റ്ററിന് ചില അവസരങ്ങൾ ലഭിച്ചു എങ്കിലും 15 മത്തെ മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽ റോമ ഗോൾ നേടി. യുവ താരം നിക്കോള സെലൻസ്കി നൽകിയ പാസിൽ നിന്നു മികച്ച ഒരു ഷോട്ടിലൂടെ ക്യാപ്റ്റൻ ലോറൻസോ പെല്ലഗ്രിനി ആണ് അവർക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചത്.

തുടർന്ന് ജെയിംസ് മാഡിസൻ ലെസ്റ്ററിനെ മത്സരത്തിൽ തിരിച്ചു കൊണ്ടു വരാൻ നിരവധി ശ്രമങ്ങൾ ആണ് നടത്തിയത്. ആദ്യ പകുതിയിൽ മാത്രം 5 ഷോട്ടുകൾ ആണ് താരം ഉതിർത്തത്. എന്നാൽ മൗറീന്യോയുടെ ടീം മികച്ച രീതിയിൽ പ്രതിരോധിച്ചു. രണ്ടാം പകുതിയിൽ ഹാർവി ബാർൺസ് വന്നതോടെ ലെസ്റ്റർ അക്രമത്തിനു മൂർച്ച കൂടി. 67 മത്തെ മിനിറ്റിൽ ബാർൺസിന്റെ പാസിൽ നിന്നു ലുക്മാൻ അടിച്ച ഷോട്ട് ജിയാൻലുക മാഞ്ചിനിയുടെ കാലിൽ തട്ടി ഗോൾ ആയതോടെ ലെസ്റ്റർ സമനില പിടിച്ചു. ഒരാഴ്ചക്ക് ശേഷം റോമിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ ലെസ്റ്ററിന് ജയിക്കാൻ വലിയ പരിശ്രമം തന്നെ നടത്തേണ്ടി വരും.

സാനിയോളയുടെ ഹാട്രിക് മികവിൽ തിരിച്ചു വന്നു റോമ, സെമിയിൽ ലെസ്റ്റർ സിറ്റി എതിരാളികൾ

യുഫേഫ കോൺഫറൻസ് ലീഗിൽ ബോഡോയോട് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ ഏറ്റ 2-1 ന്റെ പരാജയത്തിന് രണ്ടാം പാദത്തിൽ 4-0 നു മറുപടി നൽകി ജോസെ മൗറീന്യോയുടെ റോമ. നിക്കോള സാനിയോളയുടെ ഹാട്രിക് ആണ് റോമക്ക് വലിയ ജയം സമ്മാനിച്ചത്. അഞ്ചാം മിനിറ്റിൽ ടാമി എബ്രഹാം ആണ് റോമക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് 23, 29, 49 മിനിറ്റുകളിൽ ഗോളുകൾ നേടിയ സാനിയോള റോമയെ സെമിയിൽ എത്തിച്ചു. സെമിയിൽ ലെസ്റ്റർ സിറ്റിയാണ് റോമയുടെ എതിരാളി.

ആദ്യ പാദത്തിൽ 0-0 ന്റെ സമനില വഴങ്ങിയ ലെസ്റ്റർ 2-1 നു രണ്ടാം പാദത്തിൽ പി.എസ്.വിയെ വീഴ്ത്തി. 27 മത്തെ മിനിറ്റിൽ പിറകിൽ പോയ ലെസ്റ്റർ സിറ്റി 77 മത്തെ മിനിറ്റിൽ ജെയിംസ് മാഡിസൺ, 88 മത്തെ മിനിറ്റിൽ റിക്കാർഡോ പെരെയ്ര എന്നിവരുടെ ഗോളിൽ ആണ് ജയം പിടിച്ചെടുത്തത്. അതേസമയം PAOK നെ 1-0 നു മറികടന്ന മാഴ്സെയും സെമിഫൈനലിൽ എത്തി. ദിമിത്രി പയറ്റ് ആണ് ഫ്രഞ്ച് ടീമിന് ആയി ഗോൾ നേടിയത്. ഇരു പാദങ്ങളിലും ആയി 3-1 നു ആണ് മാഴ്സെ ജയം കണ്ടത്. സെമിയിൽ ഫെയൻനൂദ് ആണ് മാഴ്‌സയുടെ എതിരാളികൾ. സ്‍ലാവിയയെ ഇരു പാദങ്ങളിലും ആയി 6-4 നു ആണ് ഡച്ച് ക്ലബ് ക്വാർട്ടർ ഫൈനലിൽ മറികടന്നത്.

യൂറോപ്പ കോൺഫറൻസ് ലീഗിൽ മുന്നേറി ലെസ്റ്റർ സിറ്റി

യുഫേഫ യൂറോപ്പ കോൺഫറൻസ് ലീഗിൽ മുന്നേറി ലെസ്റ്റർ സിറ്റി. റാണ്ടേർസിന് എതിരെ ആദ്യ പാദത്തിൽ 4-1 ന്റെ ജയം നേടിയ അവർ രണ്ടാം പാദത്തിൽ 3-1 ന്റെ ജയം ആണ് കുറിച്ചത്. രണ്ടാം മിനിറ്റിൽ ഹാർവി ബാർൺസിലൂടെ ഗോൾ വേട്ട തുടങ്ങിയ ലെസ്റ്റർ സിറ്റിക്ക് ആയി ജെയിംസ് മാഡിസൺ ഇരട്ട ഗോളുകൾ നേടി.

70 മത്തെ മിനിറ്റിൽ ഫ്രീക്കിക്കിലൂടെ ഗോൾ കണ്ടത്തിയ മാഡിസൺ നാലു മിനിറ്റുകൾക്ക് ശേഷം ജയം പൂർത്തിയാക്കി. അതേസമയം ബോഡോയോട് ആദ്യ പാദത്തിൽ 3-0 നു പരാജയപ്പെട്ട സ്‌കോട്ടിഷ് വമ്പന്മാരായ സെൽറ്റിക് രണ്ടാം പാദത്തിൽ 2-0 ന്റെ പരാജയം ഏറ്റുവാങ്ങി ടൂർണമെന്റിൽ നിന്നു പുറത്തായി. ഖരബാഗിനെ ആദ്യ പാദത്തിൽ 3-1 നു മറികടന്ന മാഴ്സെ രണ്ടാം പാദത്തിൽ അവരെ 3-0 നു വീഴ്ത്തി ടൂർണമെന്റിൽ അടുത്ത റൗണ്ടിൽ എത്തി.

കോൺഫറസ് ലീഗിൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി, മാഴ്‌സെക്കും ജയം, സെൽറ്റിക്കിന്‌ പരാജയം

യുഫേഫ യൂറോപ്പ കോൺഫറസ് ലീഗിൽ റൗണ്ട് ഓഫ് 32 ൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി. റാണ്ടേർസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇംഗ്ലീഷ് ക്ലബ് തോൽപ്പിച്ചത്. വിൽഫ്രെയിഡ് എന്റിഡി, ഹാർവി ബാർൺസ്, പാറ്റ്സൻ ഡാക, ഡ്യുസ്വറി ഹാൾ എന്നിവർ ആണ് ലെസ്റ്ററിന്റെ ഗോളുകൾ നേടിയത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം ആയിരുന്നു ലെസ്റ്റർ സിറ്റിക്ക്. അതേസമയം ക്വരാബാഗ് എഫ്.കെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ക്ലബ് ആയ മാഴ്സെ വീഴ്ത്തിയത്. മിലിക് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ദിമിത്രി പയറ്റ് ആണ് അവരുടെ ഗോളടി പൂർത്തിയാക്കിയത്.

അതേസമയം സ്‌കോട്ടിഷ് വമ്പന്മാരായ സെൽറ്റിക്കിനെ ബോഡോ ഗിലിംറ്റ് അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു സ്‌കോട്ടിഷ് വമ്പന്മാർക്ക് മേൽ നോർവീജിയൻ ടീമിന്റെ ചരിത്ര വിജയം ആയി ഇത്. മറ്റൊരു മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും വിറ്റസെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു റാപിഡ് വിയന്ന. തുടക്കത്തിൽ ആധിപത്യം കാണിച്ച വിയന്ന 10 പേരായ ശേഷം വലിയ രീതിയിൽ പ്രതിരോധിച്ചു ആണ് ജയം കണ്ടത്. വേറൊരു മത്സരത്തിൽ സ്പാർട്ട പ്രാഗിനെ പാർറ്റിസിയൻ എതിരില്ലാത്ത ഒരു ഗോളിനും മറികടന്നു. അടുത്ത ആഴ്ചയാണ് യൂറോപ്പ കോൺഫറസ് ലീഗിലെ രണ്ടാം പാത മത്സരങ്ങൾ.

സ്പർസ് കോൺഫറൻസ് ലീഗിൽ നിന്ന് പുറത്ത്, ഉപേക്ഷിച്ച മത്സരത്തിൽ റെന്നെയ്ക്ക് മുഴുവൻ പോയിന്റും

യൂറോപ്പ കോൺഫറൻസ് ലീഗിൽ ഉപേക്ഷിക്കപ്പെട്ട ഗ്രൂപ്പ് മത്സരത്തിൽ യുവേഫ റെന്നസിന് 3-0 വിജയം സമ്മാനിച്ചു. ഇതോടെ ടോട്ടൻഹാം ഹോട്സ്പറിന്റെ ഈ സീസണിലെ യൂറോപ്യൻ യാത്ര അവസാനിച്ചു. സ്ക്വാഡിൽ കൊറോണ കേസുകളുടെ എണ്ണം കൂടിയതിനാൽ സ്പർസിന് മത്സരത്തിന് ഇറങ്ങാൻ ആയിരുന്നില്ല. മത്സരം മാറ്റിവെക്കാൻ സ്പർസ് ആവശ്യപ്പെട്ടിരുന്നു എങ്കിലും ആ ആവശ്യം യുവേഫ തള്ളി.

സ്പർസ് ഇതോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പ് ജേതാക്കളായ റെന്നസിന് പിന്നിൽ വിറ്റെസ്സെ രണ്ടാമത് ഫിനിഷ് ചെയ്തു. ഇനി നോക്കൗട്ട് പ്ലേ-ഓഫിൽ റാപ്പിഡ് വിയന്നയെ വിറ്റെസെ നേരിടും.

Exit mobile version