ലീഗ് കപ്പിൽ ഇനിയുള്ള മത്സരങ്ങളിൽ മൂന്നിന് പകരം 5 പകരക്കാരെ അനുവദിക്കാൻ തീരുമാനിച്ചു ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. നിലവിൽ ടൂർണമെന്റിൽ ബാക്കിയുള്ള 16 ടീമുകളിൽ 14 ടീമുകളും ഈ തീരുമാനത്തെ പിന്തുണച്ചതോടെയാണ് അസോസിയേഷൻ ഈ തീരുമാനം എടുത്തത്. പ്രയാസകരമായതും വിശ്രമം ഇല്ലാത്തതും ആയ മത്സരാക്രമത്തിന് ഇടയിൽ ഈ തീരുമാനം ടീമുകൾക്കും താരങ്ങൾക്കും ആശ്വാസം നൽകും.
നിലവിൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള യുഫേഫ ടൂര്‍ണമെന്റുകളിലും ചില യൂറോപ്യൻ ലീഗുകളിലും 5 പകരക്കാരെ അനുവദിക്കാറുണ്ട്. എന്നാൽ പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾക്ക് ആനുകൂല്യം ലഭിക്കും എന്നതിനാൽ ഭൂരിഭാഗം ടീമുകളുടെ എതിർപ്പ് കാരണം പകരക്കാരുടെ എണ്ണം 3 തന്നെയാണ്. കോവിഡ് മൂലം താരങ്ങളുടെ ആരോഗ്യം കണക്കിലെടുത്തായിരുന്നു 3 പകരക്കാരിൽ നിന്നു 5 പകരക്കാരെ ഉപയോഗിക്കാൻ മുമ്പ് ഫുട്ബോൾ അധികൃതർ തീരുമാനം എടുത്തത്.