തുടർച്ചയായ മൂന്നാം തവണയും ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടി പെപ്പിന്റെ മാഞ്ചസ്റ്റർ സിറ്റി

- Advertisement -

പെപ് ഗാർഡിയോളക്ക് കീഴിൽ വീണ്ടും ഒരു കിരീടം ഉയർത്തി മാഞ്ചസ്റ്റർ സിറ്റി. തങ്ങളുടെ തുടർച്ചയായ മൂന്നാം ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം ആണ് ഗാർഡിയോളയുടെ ടീം സ്വന്തമാക്കിയത്. ഫൈനലിൽ ആസ്റ്റൻ വില്ലയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ച് ആണ് സിറ്റി കിരീടം ഉയർത്തിയത്. 20 മത്തെ മിനിറ്റിൽ ഫിൽ ഫോഡന്റെ ഹെഡഡ് പാസിൽ നിന്ന് സെർജിയോ അഗ്യൂറോ ആണ് അവർക്ക് ആദ്യം ലീഡ് നൽകിയത്. തുടർന്ന് സിറ്റിക്ക് തെറ്റായി ലഭിച്ച കോർണറിൽ നിന്ന് റോഡ്രിഗോ അവരുടെ ലീഡ് ഉയർത്തി. എന്നാൽ വർഷങ്ങൾക്ക് ശേഷം ഒരു കിരീടത്തിനു ആയി പൊരുതുന്ന വില്ല എൽ ഗാസിയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഗോൾ നേടിയ സമാറ്റയിലൂടെ ഒരു ഗോൾ മടക്കി.

രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം ആണ് കണ്ടത്. എന്നാൽ അവസാനനിമിഷം വരെ സകലതും മറന്ന് വില്ല പൊരുതി നോക്കി എങ്കിലും സമനില ഗോൾ മാത്രം വന്നില്ല. ഇതോടെ സിറ്റി തങ്ങളുടെ ഹാട്രിക് കിരീടാനേട്ടം പൂർത്തിയാക്കി. കഴിഞ്ഞ 7 വർഷത്തിന് ഇടയിൽ അഞ്ചാം തവണയാണ് സിറ്റി ഈ കപ്പ് നേടുന്നത്. ഗാർഡിയോള ചുമതല ഏറ്റ ശേഷം നേടുന്ന എട്ടാമത്തെ കിരീടം കൂടി ആയി ഇത്. 2 പ്രീമിയർ ലീഗ് നേട്ടങ്ങൾക്ക് ഒപ്പം 1 തവണ എഫ്.എ കപ്പും നേടിയ ഗാർഡിയോള 3 തവണ ഇ. എഫ്.എൽ കപ്പും 2 തവണ കമ്മ്യൂണിറ്റി ഷീൽഡ് കിരീടവും ഉയർത്തി. പരിശീലകൻ ആയി കളിച്ച 25 ഫൈനലുകളിൽ 21 ലും ജയം കാണാൻ ഗാർഡിയോളക്ക് ഇതോടെ ആയി. സിറ്റിയെ അവരുടെ വച്ച് പ്രഥമ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ഗാർഡിയോളക്കും സംഘത്തിനും ഈ ജയം വലിയ ആത്മവിശ്വാസം പകരും.

Advertisement