പരാജയങ്ങൾക്ക് വിട, മൂന്ന് ഗോൾ ജയവുമായി ബ്രസീൽ

- Advertisement -

ദക്ഷിണ കൊറിയക്കെതിരായ സൗഹൃദ മത്സരത്തിൽ ബ്രസീലിന് ജയം. എതിരില്ലാത്ത മൂന്ന് ഗോൾ ജയമാണ് ബ്രസീൽ നേടിയത്. തുടർച്ചയായ ആഞ്ച് മത്സരങ്ങളിൽ ജയമില്ലാതെയിരുന്ന ബ്രസീൽ ഇന്ന് മികച്ച ജയമാണ് നേടിയത്. ബ്രസീലിന് വേണ്ടി ലൂക്കാസ് പാക്വെറ്റ, ഫിലിപ്പെ കൗട്ടീനോ, ഡാനിലോ എന്നിവരാണ് ഗോളടിച്ചത്.

ജൂലൈയിലെ കോപ്പ അമേരിക്കക്ക് ശേഷമുള്ള ബ്രസീലിന്റെ ആദ്യ ജയമാണിത്. അർജന്റീനയോടേറ്റ പരാജയത്തിനും ശേഷം ഏറെ പഴികേട്ട ടിറ്റെക്ക് ഇന്നത്തെ ജയം ആശ്വാസമാകും. കളിയിൽ സർവ്വാധിപത്യത്തോടെയാണ് ബ്രസീൽ ഇന്ന് ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് ബ്രസീൽ നേടിയിരുന്നു. 9 ആം മിനുട്ടിൽ പാക്വെറ്റയിലൂടെ ബ്രസീൽ ആദ്യ ഗോൾ നേടി. പിന്നീട് കൗട്ടിനോയുടെ മികച്ച ഫ്രീ കിക്കിലൂടെ ബ്രസീൽ ആദ്യ പകുതിയിൽ തന്നെ ലീഡുയർത്തി. യുവന്റസ് പ്രതിരോധതാരം ഡാനിലോയാണ് രണ്ടാം പകുതിയിൽ ബ്രസീലിന്റെ മൂന്നാം ഗോൾ നേടിയത്. റെനാൻ ലോദി ബ്രസീലിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും അത്ലെറ്റിക്കോയുടെ ലോദിയാണ്. ഇനി ലോകകപ്പ് യോഗ്യതാ മത്സരത്തിനായിരിക്കും ബ്രസീൽ ഇറങ്ങുക.

Advertisement