FootballFeatured

ഔദ്യോഗിക പ്രഖ്യാപനം വന്നു, ആൻഡി റോബർട്ട്സൺ ഇനി ടോട്ടനം താരം

Resizedimage 2026 06 05 19 26 40 1


ലിവർപൂളുമായി കരാർ അവസാനിച്ചതിന് പിന്നാലെ സ്കോട്ട്‌ലൻഡ് ദേശീയ ടീം ക്യാപ്റ്റനും പ്രതിരോധ താരവുമായ ആൻഡി റോബർട്ട്സണെ സ്വന്തമാക്കി ടോട്ടനം ഹോട്സ്പർ. ഫ്രീ ട്രാൻസ്ഫറിലൂടെയാണ് 32-കാരനായ റോബർട്ട്സൺ ലണ്ടൻ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ഘട്ടത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും താരത്തിനായി രംഗത്തുണ്ടായിരുന്നുവെങ്കിലും, ടോട്ടനം പരിശീലകൻ റോബർട്ടോ ഡി സെർബിയുടെ പ്രൊജക്റ്റിൽ വിശ്വസിച്ച് റോബർട്ട്സൺ പ്രീമിയർ ലീഗിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.


ലിവർപൂളിനായി ഒമ്പത് മികച്ച സീസണുകളിൽ പന്തുതട്ടിയ ശേഷമാണ് റോബർട്ട്സൺ ആൻഫീൽഡിനോട് വിടപറയുന്നത്. ക്ലബ്ബിനായി 378 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 69 അസിസ്റ്റുകൾ സ്വന്തമാക്കിയതിനൊപ്പം പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെയുള്ള പ്രധാന കിരീടങ്ങളെല്ലാം ലിവർപൂളിനൊപ്പം നേടിയിട്ടുണ്ട്.

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ തരംതാഴ്ത്തലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ടോട്ടനത്തിന് റോബർട്ട്സന്റെ പരിചയസമ്പത്തും നേതൃപാടവവും പ്രതിരോധത്തിലെ സ്ഥിരതയും വലിയ രീതിയിൽ കരുത്തുപകരുമെന്നാണ് വിലയിരുത്തൽ.