ഗോകുലം കൈവിട്ടത് എ ടി കെ മോഹൻ ബഗാൻ നേടി, എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിലേക്ക് മുന്നേറി

Img 20220524 221304

എ എഫ് സി കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഇന്റർ സോൺ സെമി ഫൈനലിലേക്ക് ഒരു ഇന്ത്യൻ ടീം തന്നെ മുന്നേറി. ഗോകുലം കേരള കൈവിട്ടു കളഞ്ഞ ഇന്റർ സോൺ സെമി ഫൈനൽ യോഗ്യത എ ടി കെ മോഹൻ ബഗാൻ ഉറപ്പിച്ചു. ഇന്ന് നിർണായക മത്സരത്തിൽ മാൽഡീവ്സ് ക്ലബായ മാസിയയെ തകർത്തെറിഞ്ഞു കൊണ്ടാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി മോഹൻ ബഗാൻ മുന്നേറിയത്. 5-2ന്റെ വിജയമാണ് മോഹൻ ബഗാൻ നേടിയത്.

ഇന്ന് എന്തായാലും വിജയിക്കണം എന്നത് കൊണ്ട് തന്നെ ആക്രമിച്ചു കളിച്ചാണ് മോഹൻ ബഗാൻ തുടങ്ങിയത്. ആദ്യ പകുതിയിൽ ജോണി കൗകോയുടെ ഇരട്ട ഗോളുകൾ മോഹൻ ബഗാന് 2-1ന്റെ ലീഡ് നൽകി. 26ആം മിനുട്ടിൽ മസിയ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്തായിരുന്നു ജോണി കൗകോയുടെ ആദ്യ ഗോൾ. 37ആം മിനുട്ടിൽ വീണ്ടും കൗകോ ഗോൾ നേടി. മൻവീറിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. ആദ്യ പകുതിയുടെ അവസാനം മസിയ ഒരു ഗോൾ മടക്കിയത് മോഹൻ ബഗാന് ചെറിയ ആശങ്ക നൽകി.20220524 212346

രണ്ടാം പകുതിയിലും മോഹൻ ബഗാൻ അറ്റാക്ക് തുടർന്നു. 56ആം മിനുട്ടിൽ സുഭാഷിഷിന്റെ ക്രോസിൽ നിന്ന് റോയ് കൃഷ്ണയുടെ ഗോൾ. ബഗാൻ 3-1ന് മുന്നിൽ. രണ്ട് മിനുട്ട് കഴിഞ്ഞ് സുഭാഷിഷിന്റെ ഗോൾ. സ്കോർ 4-1. മാസിയക്ക് ഒരു തിരിച്ചുവരവില്ല എന്ന് അവർ മനസ്സിലാക്കിയ നിമിഷം. 71ആം മിനുട്ടിൽ കാൾ മക്ഹ്യൂ കൂടെ ഗോൾ നേടിയതോടെ മോഹൻ ബഗാന്റെ വിജയം ഉറപ്പായി. മസിയ ഒരു ഗോൾ കൂടെ മടക്കി എങ്കിലും ഫലം മാറിയില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ 6 പോയിന്റുമായി മോഹൻ ബഗാൻ ഒന്നാമത് ഫിനിഷ് ചെയ്തു. ബഷുന്ധര കിംഗ്സിനും 6 പോയിന്റ് ഉണ്ടെങ്കിലും ഹെഡ് ടു ഹെഡ് മികവ് മോഹൻ ബഗാനെ മുന്നിൽ നിർത്തി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ മോഹൻ ബഗാൻ ഇനി ഇന്റർ സോൺ സെമി ഫൈനലിൽ ആണ് കളിക്കുക.

Previous articleമൊണാക്കോയുടെ യുവ മിഡ്ഫീൽഡറിലേക്ക് ശ്രദ്ധ തിരിച്ച് റയൽ മാഡ്രിഡ്
Next articleക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഹാര്‍ദ്ദിക്, സഞ്ജുവിന്റെ ഫൈനൽ മോഹങ്ങളില്ലാതാക്കി “കില്ലര്‍ മില്ലര്‍”