കേരള പോലീസ് ഫുട്ബോൾ ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായി അനസ് എടത്തൊടിക

മലപ്പുറം: മുൻ ഇന്ത്യൻ ഇന്റർനാഷണലും മലപ്പുറം എഫ്.സിയുടെ മുൻ സ്‌കൗട്ടിങ് ഡയറക്ടറുമായ അനസ് എടത്തൊടികയെ കേരള പോലീസ് ഫുട്ബോൾ ടീമിന്റെ പുതിയ ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചു. എം.എസ്.പിയിൽ ക്ലർക്കായി സർവീസിൽ പ്രവേശിച്ച അദ്ദേഹത്തിന്റെ മികവും അനുഭവസമ്പത്തും കണക്കിലെടുത്ത് സംസ്ഥാന പോലീസ് മേധാവി രവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് ആണ് നിയമന ഉത്തരവിറക്കിയത്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ഐ.എം. വിജയൻ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടന്ന പദവിയിലേക്കാണ് അനസിന്റെ ഈ വരവ്.
തങ്ങളുടെ ക്ലബ്ബിന്റെ അമരത്തുണ്ടായിരുന്ന താരത്തിന് ലഭിച്ച ഈ അംഗീകാരത്തിൽ മലപ്പുറം എഫ്.സി സന്തോഷവും അഭിമാനവും രേഖപ്പെടുത്തി. അനസിന്റെ നേതൃത്വത്തിൽ കേരള പോലീസ് ഫുട്ബോൾ ടീം പുതിയ ഉയരങ്ങളിലേക്കെത്തുമെന്ന പ്രതീക്ഷയും ക്ലബ്ബ് പങ്കുവെച്ചു. മലപ്പുറം എഫ്.സിയുടെ സ്‌കൗട്ടിങ് ഡയറക്ടറായി പ്രവർത്തിച്ച കാലയളവിൽ യുവപ്രതിഭകളെ കണ്ടെത്തുന്നതിലും ടീമിന്റെ രൂപീകരണത്തിലും അനസ് നിർണായക പങ്കുവഹിച്ചിരുന്നു. പുതിയ ചുമതലയിൽ അനസ് എടത്തൊടികയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നതായി മലപ്പുറം എഫ്.സി മാനേജ്‌മെന്റ് അറിയിച്ചു.