FIFA World CupFeatured

ഹെർവ് റെനാർഡ് ടുണീഷ്യയുടെ പുതിയ പരിശീലകൻ

Resizedimage 2026 06 16 11 50 19 7279[1]

സ്വീഡനോടേറ്റ 5-1 ന്റെ ദയനീയ തോൽവിക്ക് പിന്നാലെ പരിശീലകൻ സബ്രി ലാമൂഷിയെ ടുണീഷ്യ പുറത്താക്കി. ഫ്രഞ്ചുകാരനായ ലാമൂഷിക്ക് പകരം പ്രശസ്ത പരിശീലകൻ ഹെർവ് റെനാർഡിനെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു. ഇതോടെ 2026 ലോകകപ്പിൽ ടൂർണമെന്റ് തുടങ്ങി മണിക്കൂറുകൾക്കകം പരിശീലകനെ മാറ്റുന്ന ആദ്യ ടീമായി ടുണീഷ്യ മാറി. കഴിഞ്ഞ ജനുവരിയിൽ 2028 വരെയുള്ള കരാറിലാണ് 54-കാരനായ ലാമൂഷി ചുമതലയേറ്റതെങ്കിലും വെറും ആറുമാസം മാത്രമാണ് അദ്ദേഹത്തിന് സ്ഥാനത്ത് തുടരാനായത്. ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിൽ പുറത്താക്കപ്പെടുന്ന പരിശീലകനെന്ന നാണക്കേടും ഇതോടെ ലാമൂഷിയുടെ പേരിലായി.


ടുണീഷ്യയുടെ ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ഇനി 57-കാരനായ ഹെർവ് റെനാർഡ് ടീമിനെ നയിക്കും. തന്റെ ആദ്യ പരിശീലന സെഷനായി ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹം മെക്സിക്കോയിലെ മോന്റെറെയിൽ എത്തിച്ചേരും. റെനാർഡിന്റെ കരിയറിലെ മൂന്നാമത്തെ ലോകകപ്പാണിത്, അതും മൂന്ന് വ്യത്യസ്ത രാജ്യങ്ങൾക്കൊപ്പം. 2018-ൽ റഷ്യയിൽ മൊറോക്കോയെയും, 2022-ൽ ഖത്തറിൽ സൗദി അറേബ്യയെയും നയിച്ചത് റെനാർഡ് ആയിരുന്നു. ഖത്തർ ലോകകപ്പിൽ പിന്നീട് ചാമ്പ്യന്മാരായ അർജന്റീനയെ സൗദി അട്ടിമറിച്ചത് റെനാർഡിന്റെ തന്ത്രങ്ങളുടെ കരുത്തിലായിരുന്നു. രണ്ട് തവണ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കിരീടം നേടിയിട്ടുള്ള അദ്ദേഹം 2012-ൽ സാംബിയയെയും 2015-ൽ ഐവറി കോസ്റ്റിനെയും ഭൂഖണ്ഡത്തിലെ രാജാക്കന്മാരാക്കിയിട്ടുണ്ട്.


സ്വീഡനെതിരെയുള്ള വലിയ തോൽവി മാത്രമല്ല ലാമൂഷിയുടെ പുറത്താക്കലിന് കാരണമായത്. ടീമിന്റെ ഡ്രെസ്സിംഗ് റൂമിലെ അസ്വാരസ്യങ്ങളും കളിക്കാരും തുനീഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികളും തമ്മിലുള്ള അസ്വാരസ്യങ്ങളും ലാമൂഷിയുടെ സ്ഥാനം തെറിപ്പിക്കുന്നതിലേക്ക് നയിച്ചു. നിലവിൽ ഗ്രൂപ്പ് എഫിൽ (Group F) അവസാന സ്ഥാനത്തുള്ള ടുണീഷ്യയ്ക്ക് ശനിയാഴ്ച ജപ്പാനെതിരെ നടക്കുന്ന മത്സരം ജീവൻമരണ പോരാട്ടമാണ്. അതിനുശേഷം ജൂൺ 25-നാണ് നെതർലൻഡ്സിനെതിരെയുള്ള മത്സരം.