FIFA World CupFeatured

ഫിഫ ലോകകപ്പ്; ജോർദാനെ തകർത്ത് ഓസ്ട്രിയയ്ക്ക് വിജയത്തുടക്കം

Resizedimage 2026 06 17 11 41 25 1


സാന്റാ ക്ലാര: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) തകർത്ത് ഓസ്ട്രിയ. യുഎസിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാര്യങ്ങൾ ഓസ്ട്രിയക്ക് അത്ര എളുപ്പമായിരുന്നില്ല.


മത്സരത്തിന്റെ 21-ാം മിനിറ്റിൽ തന്നെ റൊമാനോ മിഡിലൂടെ ഓസ്ട്രിയ ആദ്യ ലീഡ് നേടി (1-0). എന്നാൽ തങ്ങളുടെ കന്നി ലോകകപ്പ് കളിക്കുന്ന ജോർദാൻ കടുത്ത പോരാട്ടവീര്യമാണ് മൈതാനത്ത് പുറത്തെടുത്തത്. അതിന്റെ ഫലമായി 50-ാം മിനിറ്റിൽ നൂർ അൽ-റവാബ്ദെയുടെ പാസിൽ നിന്നും അലി ഓൾവാൻ ലക്ഷ്യം കണ്ടതോടെ ജോർദാൻ മത്സരത്തിൽ സമനില പിടിച്ചു (1-1).


തുടർന്ന് മത്സരം ആവേശകരമായി മുന്നേറുന്നതിനിടെ 76-ാം മിനിറ്റിൽ കളി ഓസ്ട്രിയയ്ക്ക് അനുകൂലമായി മാറി. ഓസ്ട്രിയൻ മുന്നേറ്റം തടയുന്നതിനിടെ ജോർദാൻ പ്രതിരോധ താരം യാസൻ അൽ-അറബിന്റെ പക്കൽ നിന്നുണ്ടായ സെൽഫ് ഗോൾ ഓസ്ട്രിയയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു (2-1).


തുടർന്ന് കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇഞ്ചുറി ടൈമിന്റെ 11-ാം മിനിറ്റിൽ (90+11′) വിഎആർ (VAR) പരിശോധനയ്ക്കൊടുവിൽ ഓസ്ട്രിയയ്ക്ക് അനുകൂലമായി റെഫറി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത മാർക്കോ അർനാട്ടോവിച്ച് പിഴവുകളൊന്നുമില്ലാതെ പന്ത് വലയിലെത്തിച്ചതോടെ ഓസ്ട്രിയ 3-1 ന്റെ ആധികാരിക വിജയം സ്വന്തമാക്കി. 46-ാം മിനിറ്റിൽ സാസ കലാജ്ദിച്ചിന് പകരക്കാരനായാണ് അർനാട്ടോവിച്ച് കളത്തിലിറങ്ങിയത്.


ഈ വിജയത്തോടെ ഗ്രൂപ്പ് ജെ-യിൽ അർജന്റീനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്താൻ ഓസ്ട്രിയയ്ക്ക് സാധിച്ചു.