ഷഹീന്‍ അഫ്രീദി ചെയ്തത് തനിക്കും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ – ട്രെന്റ് ബോള്‍ട്ട്

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി ഓപ്പണര്‍മാരെ പുറത്താക്കിയത് പോലെ തനിക്കും സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ട്രെന്റ് ബോള്‍ട്ട്. ഇന്ന് ഇന്ത്യയ്ക്കെതിരെ ലോകകപ്പിലെ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമായ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പാണ് ട്രെന്റ് ബോള്‍ട്ട് ഇത്തരത്തിൽ പ്രതികരണം നടത്തിയത്.

അഫ്രീദി രോഹിത് ശര്‍മ്മയെയും കെഎൽ രാഹുലിനെയും പുറത്താക്കിയതിനൊപ്പം തന്റെ സ്പെല്ലില്‍ വിരാട് കോഹ്‍ലിയെ കൂടി പുറത്താക്കിയാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ഈ പ്രകടനത്തിന്റെ ബലത്തിൽ ലോകകപ്പിൽ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തുവാനും പാക്കിസ്ഥാന് സാധിച്ചു.

ഷഹീന്‍ അഫ്രീദി ചെയ്തത് പോലെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് ന്യൂസിലാണ്ടും ലക്ഷ്യം വയ്ക്കുന്നതെന്ന് ട്രെന്റ് ബോള്‍ട്ട് വ്യക്തമാക്കി.