ആദ്യ ദിവസം വീണത് 12 വിക്കറ്റ്, ഓസ്ട്രേലിയ പ്രതിരോധത്തില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുഹമ്മദ് അബ്ബാസിന്റെ ഫാസ്റ്റ് ബൗളിംഗ് സ്പെല്ലിനു മുന്നില്‍ ഓസ്ട്രേലിയയും പതറിയപ്പോള്‍ ദുബായ് ടെസ്റ്റില്‍ മികച്ച ക്രിക്കറ്റ് കാഴ്ചക്കാര്‍ക്കായി ഒരുക്കി പാക്കിസ്ഥാനും ഓസ്ട്രേലിയയും. ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ പാക്കിസ്ഥാന്‍ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്റെ 282 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 20/2 എന്ന നിലയിലാണ്. ഉസ്മാന്‍ ഖ്വാജയെയും നൈറ്റ് വാച്ച്മാന്‍ പീറ്റര്‍ സിഡിലിനെയുമാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇരു വിക്കറ്റുകളും വീഴ്ത്തിയത് മുഹമ്മദ് അബ്ബാസ് ആണ്. 13 റണ്‍സുമായി ആരോണ്‍ ഫിഞ്ചാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഫകര്‍ സമനും സര്‍ഫ്രാസ് അഹമ്മദും 94 റണ്‍സ് നേടി പുറത്തായ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. മുഹമ്മദ് ഹഫീസിനെ നഷ്ടമായ ശേഷം അരങ്ങേറ്റക്കാരന്‍ ഫകര്‍ സമനും അസ്ഹര്‍ അലിയും ചേര്‍ന്ന് പാക്കിസ്ഥാനെ 57/1 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും രണ്ട് ഓവറിന്റെ വ്യത്യാസത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി നഥാന്‍ ലയണ്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. 57/5 എന്ന നിലയില്‍ നിന്ന് ലഞ്ച് വരെ പാക്കിസ്ഥാനെ ഫകര്‍ സമനും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ 77/5 എന്ന സ്ഥിതിയിലെത്തിച്ചു.

രണ്ടാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍ അവസാനിപ്പിക്കുമെന്നും ശക്തമായ നിലയില്‍ തന്നെ ടീം ഒന്നാം ദിവസമെത്തുമെന്ന നിമിഷത്തിലാണ് ശതകത്തിന്റെ 6 റണ്‍സ് അകലെ ഫകര്‍ സമനെ ടീമിനു നഷ്ടമായത്. മാര്‍നസ് ലാബൂഷാനെയാണ് സമനെ പുറത്താക്കിയത്. 147 റണ്‍സാണ് ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ പാക്കിസ്ഥാന്‍ 282 റണ്‍സിനു പുറത്തായി.

ഫകര്‍ സമനെ പുറത്താക്കിയ ശേഷം ബിലാല്‍ ആസിഫിനെയും സര്‍ഫ്രാസ് അഹമ്മദിനെയും പുറത്താക്കിയത് ലാബൂഷാനെയായിരുന്നു. യസീര്‍ ഷാ നേടിയ 28 റണ്‍സ് പാക്കിസ്ഥാനു ഏറെ നിര്‍ണ്ണായകമായി മാറുകയായിരുന്നു. 94 റണ്‍സാണ് സര്‍ഫ്രാസും നേടിയത്. ഓസ്ട്രേലിയയ്ക്കായി ആദ്യ സെഷനില്‍ നാല് വിക്കറ്റ് നേടിയ നഥാന്‍ ലയണിനു പിന്നീട് വിക്കറ്റൊന്നും ലഭിച്ചില്ല. ലാബൂഷാനെ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനു ലഭിച്ചു.